വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 22, 2016

പ്രിയ നദി ഗംഗേ പറയൂ...

ഇരുളും ജലവും ലയിച്ചുറങ്ങിയ പ്രശാന്തവിശാലതയിലേക്ക് തൂവെളിച്ചത്തിന്റെ കുഞ്ഞുകണങ്ങള്‍ നിശബ്ദമായി അരിച്ചിറങ്ങാന്‍ തുടങ്ങി. കാലത്തിന്റെ കല്പടവുകളിലൊന്നില്‍ ഞാന്‍ നിന്നു. കിഴക്ക് ഓര്‍മയുടെ രക്തസൂര്യന്‍ പതിയെ ഉദിച്ചുയരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ വിടവാങ്ങാന്‍ തുടങ്ങി. ചിലത് തെളിഞ്ഞുനിന്നു. അമ്മ, ജേഷ്ഠന്‍,അച്ഛന്‍, വല്ല്യമ്മ .... വല്യമ്മവല്യമ്മച്ചിയുടെ മടയില്‍ ചാരിക്കിടന്ന് കഥമൂളുകയാണ്മണ്ണാങ്കട്ടയും കരീലയും കാശിക്കുപോയ കഥ കാതില്‍ നിറഞ്ഞ് അകത്തേക്ക് മധുരിച്ചപ്പോള്‍ കാശി എവിടെയാണെന്നു ചോദിച്ചില്ല. കഥയിലെ സ്ഥലങ്ങള്‍ ആയിരുന്നില്ല സംഭവങ്ങളായിരുന്നു അന്നു പ്രധാനംവളര്‍ന്നപ്പോള്‍ കാശി പല അര്‍ഥമാനങ്ങളുടെ നാമരൂപമായി. എന്തിനാണ് നിലംപറ്റിക്കിടന്ന രണ്ടു പേര്‍ ഒരിക്കലും എത്തിച്ചേരാത്തത്ര ദൂരത്തേക്ക് യാത്ര തിരിച്ചതെന്ന ചോദ്യമായി. കൂട്ടായ്മയുടെ വഴിയാത്രയില്‍ അവര്‍ പരസ്പരം രക്ഷിച്ച് മോക്ഷമടഞ്ഞപ്പോള്‍ കര്‍മമാണ് മോക്ഷം കാശിയല്ല എന്ന് ആ കഥ പതുപാഠം നല്‍കി. എന്നിട്ടും  കാശിക്കു പോകാന്‍ മനസ് ആഗ്രഹിച്ചു. വാരണാസി, ബനാറസ് എന്നീ പേരുകളുളള കാശിക്കടുത്താണ് സാരാനാഥ്. അതും യാത്രയ്ക് കാരണമായി. ഗ്വാളിയോറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ നിശ്ചയിച്ചതിലും വളരെയേറെ വൈകിയിരുന്നു. ക്ഷമയുടെ ഭാണ്ഡം ചുമലിലേറി വേണമായിരിക്കും കാശിക്ക് പോകേണ്ടത്.

കാശിയിലെ പ്രകാശം ജലസ്നാനം ചെയ്തുണരുന്നതിങ്ങനെയാണ്.  
ഗംഗയുടെ തണുപ്പ് പടവുകള്‍ കയറി വരുന്നു.  
വെളിച്ചവും തണുത്തു വിറകൊളളുന്നുണ്ട്.  
ഗംഗയും ഉണരുകയാണ്. ഇരുളിന്റെ നിഴല്‍കൊണ്ടു തുഴയുന്ന ധാരാളം ചെറുവളളങ്ങള്‍. സൂര്യോദയദര്‍ശനം ഗംഗയില്‍ നിന്നാകട്ടെ എന്നു കരുതിയ പക്ഷികളും യാത്രികരും.  
കുങ്കുമപ്രകാശം ജലത്തിനെ തൊട്ടുവന്ദിക്കുന്നു.  

Tuesday, March 15, 2016

ഭീംബ‍ട്കയിലെ ഗുഹകളും ശിലകളും ഭോജേശ്വരക്ഷേത്രാത്ഭുതവും



ഭീംബട്കായില്‍ (भीमबैठका, ഭീം ബൈഠക) ഘനഗാംഭീര്യത്തോടെ വിഹായസിലേക്ക് ശിരസുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ഭീമന് ഇരിക്കാനായി വിന്യസിച്ചതാണിവയെന്ന് നാട്ടുകാരുടെ ഭാവന. അവരുടെ ഭീമസങ്കല്പത്തിന്റെ ഭീമത്വത്തെയാണ് ഞാന്‍ ഓര്‍ത്തതിശയച്ചത്. പടുകൂറ്റന്‍പാറകളിലിരിക്കുന്ന ഭീമന്റെ ശിരസ് തീര്‍ച്ചയായും ആകാശത്തിന്റെ മച്ചില്‍ മുട്ടും. മേഘങ്ങള്‍ കാതുകളില്‍ തട്ടിത്തടഞ്ഞായിരിക്കും സഞ്ചാരപഥത്തിലൂടെ നീങ്ങുക. നക്ഷത്രങ്ങളും മഴവില്ലുമെല്ലാം ആ ചുരുള്‍മുടിയില്‍ ഏറെനേരം ഉടക്കിക്കിടന്നിട്ടുണ്ടാകും. വിന്ധ്യ- ശതപുര പര്‍വതനിരകള്‍ക്കിടയില്‍ മറ്റൊരു മഹാപര്‍വതം പോലെ ഭീമന്‍ ഈ പാറകളെ പീഠങ്ങളാക്കി കുലീനതയോടെയിരിക്കുന്ന രൂപം മനസില്‍ തെളിഞ്ഞു! ... പാണ്ഡവന്‍പാറയും പാഞ്ചാലിമേടും ജഡായുപ്പാറയുമെല്ലാം നമ്മുക്കുമുണ്ടല്ലോ. കഥകള്‍ ചേര്‍ത്തുവെക്കാന്‍ എവിടെയും മനുഷ്യഭാവനകള്‍ ശ്രമിച്ചിരുന്നു. ശരിക്കും ഈ പേരു നല്‍കി പാറകളുടെ മഹിമയെ ആദരിക്കുകയായിരുന്നു പ്രദേശവാസികളെന്നു തോന്നുന്നു. കാനനമധ്യത്തില്‍ ഇത്ര രാജകീയപ്രൗഢിയോടെ എഴുന്നുനില്‍ക്കുന്ന ഈ ഭീമാകാരങ്ങള്‍ക്ക് മറ്റെന്തുപേരാണിടുക?



കാടിനു നടുവിലാണ് പാറക്കൂട്ടങ്ങള്‍. മഴക്കാല പച്ചപ്പ് കൊണ്ടു മൂടിവെക്കും. വേനലാകുമ്പോള്‍ ഉഷ്ണവേവില്‍ ഉടയാടമാറ്റും. ഫെബ്രുവരിയില്‍ ഇലകള്‍ കൊഴിഞ്ഞിരുന്നതിനാല്‍ പാറച്ചന്തം ദൂരെ നിന്നു തന്നെ ആസ്വദിക്കാനായി. റോഡില്‍ നിന്നും മണ്‍പാത. ഇരുവശവും ഉണങ്ങാന്‍ തുടങ്ങുന്ന പുല്ലുകള്‍ . പാത അവസാനിക്കുന്നത് മൂന്നു വലിയ പാറകളുടെ മുന്നിലാണ്. ജിജ്ഞാസയുണര്‍ത്തുന്ന ഒരു ഗുഹാമുഖം ദൂരെ നിന്നേ കാണാം.

Tuesday, March 8, 2016

ഖജുരാഹോയില്‍ നമിക്കുന്ന സൂര്യകിരണങ്ങള്‍



ചുവപ്പിന്റെയും മഞ്ഞയുടെയും മാസ്മരികച്ചേരുവയുളള ശിരോവസ്ത്രത്തിന്റെ നേര്‍മയിലൂടെ പ്രഭാതസൂര്യന്റെ പൊന്നിളംകിരണങ്ങള്‍ മുഖത്തുടിപ്പിലേക്ക്
ലയിക്കുന്നുണ്ടായിരുന്നു. മുഖകാന്തി പകുതിയോളം സാരിത്തലപ്പാല്‍ മറച്ച് നറുപുഷ്പങ്ങളിറുത്ത് അവള്‍ നടന്നു വന്നു. കല്പടവുകളിലേക്ക് കാലെടുത്തുവെക്കും മുമ്പേ എന്റെ ക്യാമറയ്ക് വേണ്ടി ഒന്നു നിന്നു.  
മുഖത്തേക്ക് പൂക്കളുടെ വിശുദ്ധി പടര്‍ന്നു .
ഫോട്ടോ എടുക്കാന്‍ അനുവദിച്ചുകൊണ്ട് അല്പം നേരം കൂടി നിന്നു. പിന്നെ പടവുകള്‍ കയറി.  
അവള്‍ പൂക്കള്‍ നിവേദിക്കാന്‍ വന്നതാണ്.  
എനിക്ക് കൗതുകം തോന്നി. അവള്‍ ഇവിടെ ആരെയാകും പൂജിക്കുക? എന്താവും അവളുടെ പ്രാര്‍ഥന?  
അവിടെ വാമനക്ഷേത്രത്തില്‍ അസംഖ്യം ദേവതകള്‍.. ദൈവികതയ്ക് മേല്‍ നഗ്നരൂപിണികളുടെ ശരീരത്തികവിന്റെ ശില്പചാരുത.  
ജീവിതത്തിന്റെ വ്യത്യസ്ത മോക്ഷമുഖങ്ങള്‍,  
പ്രാര്‍ഥനാ ഭരിതമായവ, പാതിയടഞ്ഞ് കണ്ണുകളില്‍ ഏകാഗ്രത  ആവാഹിച്ചവ, ദേവീകടാക്ഷത്തിന്റെ അനുഗ്രഹം നിറഞ്ഞവ, രതിലാസ്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ചാമ്പിമയങ്ങിയവ, ശ്രംഗാരതീവ്രവും അതിമോഹനവുമായ അനുഭൂതിയിലേക്ക് ലയിച്ചു പോയവ. ബുദ്ധധ്യാനമേറ്റു വാങ്ങിയവ... 
ആലോചനയില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ അവളെ കാണ്മാനില്ല!. 
അവള്‍ ശില്പചൈതന്യത്തിലേക്ക് വിലയം പ്രാപിച്ചുവോ?  
അതോ അവള്‍ ശില്പസ്വരൂപത്തില്‍ നിന്നും അല്പനേരത്തേക്ക് പ്രത്യക്ഷപ്പെട്ടതാകുമോ?

Saturday, March 7, 2015

മാമല്ലപുരത്തെ ശിലാകാവ്യങ്ങള്‍



ഒരു പ്രാചീന തുറമുഖ നഗരത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കടലിരമ്പം... 
ഹേ,കടല്‍ത്തിരകളേ,നിങ്ങള്‍ കവര്‍ന്നെടുത്ത കമനീയ ശിലാക്ഷേത്രങ്ങള്‍ എവിടെ
അനശ്വരരായ അജ്ഞാതശില്പികള്‍ ആത്മസമര്‍പ്പണം നടത്തിസൃഷ്ടിച്ച വിശ്വപ്രസിദ്ധ കലാക്ഷേത്രങ്ങള്‍
ചോദ്യം കേട്ട് കടല്‍ അല്പം ശമിച്ചുവോ


അവശേഷിപ്പുകള്‍ കണ്ടു മടങ്ങാനായി കല്പിച്ച് തിരകള്‍ ഇളകിയോ?
കടല്‍ക്ഷോഭങ്ങളോടു പൊരുതിയവശേഷിച്ചവയുടെ ഗാംഭീര്യം ഇത്രയും ആശ്ചര്യപ്പിക്കുമെങ്കില്‍ ഈ പുരാതനനഗരത്തിന്റെ പ്രതാപകാലത്തെ അവസ്ഥ ആലോചിക്കാവുന്നതേയുളളൂ..ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ വന്ന് സാഷ്ടാംഗം നമിക്കത്തവിധം നടക്കല്ലുകളുളള തീരക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നു. ഇവിടെ സൂര്യോദയം കാണണം. പക്ഷേ എത്താന്‍ വൈകപ്പോയി.
ഇതു മാമല്ല പുരം. മഹാമല്ലന്റെ പുരം. ആരാണ് മാമല്ലന്‍? യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മഹാബലിപുരത്തെ സ്വന്തം വിളിപ്പേരിനോടു ചേര്‍ത്ത കലാപ്രോത്സാഹകന്‍?

Monday, February 16, 2015

ചെറുദ്വീപിലെ കടല്‍ത്തീരത്തിരകള്‍ക്ക് അപൂര്‍വ ഭാവങ്ങള്‍


രാവിലെ 6.30 ന് മറ്റൊരു ദ്വീപിലേക്കുള്ള യാത്രക്ക് എല്ലാവരും തയ്യാറായി. ഈ യാത്രാലക്ഷ്യംതലേദിവസത്തെ കാലാപത്തര്‍ യാത്രയുടെ ആലസ്യത്തെ  മായിച്ചുകളഞ്ഞു.  
യാത്ര തുടങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്നും 1/2 കിലോമീറ്റര്‍ നീങ്ങിയതേയുള്ളൂ. കാര്‍ പഞ്ചറായി. തുടക്കത്തില്‍ തന്നെ കല്ലുകടി. അനിശ്ചിതത്വം. വൈകിയാല്‍ കപ്പല്‍ കിട്ടില്ല. മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ രക്ഷകനെത്തി. ശ്രീ.രാജീവിന്റെ കാര്‍. അതിലും അപ്പോള്‍ വന്ന ഒരു ഓട്ടോയിലുമായി ജെട്ടിയിലേക്ക് പാഞ്ഞു.ജെട്ടിയിലേക്ക് കാറിനും ഓട്ടോയ്ക്കും പ്രവേശനമില്ല. മറ്റൊരു വാഹനം വന്നു നിന്നു.അതില്‍ കയറി. കോസ്റ്റല്‍ക്രൂസ് എന്ന കപ്പല്‍  കാത്ത് കിടപ്പുണ്ടായിരുന്നു. ജെട്ടിയിലേക്ക്  കൊണ്ടുപോയ വാഹനത്തില്‍ തിരിച്ചറിയല്‍ പരിശോധനകള്‍ . മനുഷ്യനു മനുഷ്യനെ തിരിച്ചറിയാന്‍ ഇപ്പോള്‍ രേഖകള്‍ വേണം.!
എല്ലാം കഴിഞ്ഞ്  നേരെ കപ്പലിലേക്ക്.

Sunday, December 28, 2014

വണ്ടൂരിലെ സുനാമിത്തീരത്ത്.

അതാ,ഏതോ ഭീമാകാരമായ കടല്‍ജീവികളുടെ അസ്ഥികള്‍.
കുഴിമാടത്തില്‍ നിന്നും പ്രേതഭോജികളായ നായ്ക്കള്‍ മാന്തിയിളക്കിയിട്ടതിനാല്‍ അതിന്റെ മുളളും മുനയും ആകാശത്തിനു നേരേ ഉയര്‍ത്തി, വന്നു പെട്ടു പോയ കൊടിയ ദുരന്തത്തെ പഴിക്കുന്ന പോലെ വിശാലമായ തീരത്ത് എഴുന്നനാഥമായിക്കിടക്കുന്നു.
ആക്രമണ പ്രത്യാക്രമണങ്ങളുടെ പിരിമുറുക്കം അയഞ്ഞ് ജീവിതത്തെ കാലത്തില്‍ ലയിപ്പിച്ച് നിസംഗമായി.
ദൂരെ നിന്നുളള നോട്ടം അപരിചിതമായ രണ്ടു ഭാഷക്കാര്‍ പരിചയപ്പെടാന്‍ തുടങ്ങുന്ന നിമിഷം പോലെയായി. ഈ തീരഭാഷ എനിക്കന്യം.തീര്‍ത്തും വ്യത്യസ്തമായ കടല്‍ക്കാഴ്ച.ഇതാണ് ആന്തമാനിലെ വണ്ടൂര്‍ കടല്‍പ്പുറം.

Monday, March 31, 2014

അഗ്നിയില്ലാത്ത അഗ്നിപര്‍വതവും ചുണ്ണാമ്പുകല്ല് ഗുഹകളും

ഇന്ന് നരവംശശാസ്ത്രപരമായും ഭൂവിജ്ഞാനീയപരമായും പ്രാധാന്യമുളള സ്ഥലങ്ങളിലേക്കാണ് ഞങ്ങളുടെ പഠനയാത്ര. ആന്തമാനിലെ യഥാര്‍ഥ ജനതയുടെ ആവാസമേഖലയില്‍ കൂടിയാണ് സഞ്ചാരം. ശിലായുഗജീവിതം നയിക്കുന്നവര്‍.വേട്ടയാടി ജീവിക്കുന്നവര്‍. പ്രകൃതിയുടെ ഭാഗമായി കഴിയുന്നവര്‍.  യാത്രക്കിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അവരെ കാണുവാന്‍ പറ്റും.കാടിനകത്തു നിന്നും അവര്‍ ഇറങ്ങി വരണം. ഉമിനീരു മുക്കിയ അവരുടെ അമ്പിനു കൊടും വിഷമാണത്രേ! അതുയോഗിച്ച് മനുഷ്യരെ കൊന്നു കളയും എന്നാണ് ഉദ്യോഗസ്ഥനായ മണികണ്ഠന്‍ പറയുന്നത്.ആരാണ് മനുഷ്യര്‍ ?ഉപ്പുകൂട്ടാത്തതിനാല്‍ അവരുടെ ഉമിനീരിനും വിഷം! അവരെ രാക്ഷസരായി മുദ്രകുത്തുന്നതിനായി ഇതൊക്കെ കെട്ടിച്ചമച്ചതാണെന്നു തോന്നി. ആന്ത്രോപ്പോളജി മ്യൂസിയത്തില്‍ നല്ല വിവരണമാണുളളത്. ആന്തമാനില്‍ കുടിയേറി പാര്‍ത്തവര്‍ക്കാണ് ഇകഴ്ത്തിപ്പറയാന്‍ വ്യഗ്രത എന്നു തോന്നുന്നു.
വനാതിര്‍ത്തിയില്‍  (ജിര്‍കാടാംഗില്‍ )വാഹനങ്ങള്‍ കാത്തു കിടക്കുന്നു. രാവിലെ ആറുമണിക്കു മുമ്പുളള ദൃശ്യം
"നാലുമണിക്കു ഞാന്‍ വരും എല്ലാവരും റെഡിയിയിരക്കണം. ആറുമണിക്കാണ് വണ്ടി കടത്തി വിടുക. പാസെടുക്കണം. കാട്ടില്‍ കൂടി കോണ്‍വോയ് ആയേ പോകാന്‍ പറ്റൂ.കടുത്ത നിയന്ത്രണമുണ്ട്.” എന്നൊക്കെ പറഞ്ഞ് മുരുകന്‍ ഇന്നലെ ഉറക്കത്തിനു പാരവെച്ചിട്ടാണ് പോയത്. മൂന്നു മണിക്ക് അലാറം വെച്ചു. ഒരു മണിയായപ്പോള്‍ ഉണര്‍ന്നു അലാറമടിക്കാന്‍ സമയമായോ എന്നു നോക്കി. ഇല്ല. വീണ്ടും ഉണര്‍ന്നപ്പോള്‍ രണ്ടുമണി! ചുരുക്കിപ്പറഞ്ഞാല്‍ മൂന്നുമണിവരെ ഉറക്കം മുറുകിയില്ല.
നാലുമണിക്ക് എല്ലാവരും റെഡിയായി. കുറെയേറെ സമയം കഴിഞ്ഞപ്പോള്‍ ഉലകം ചുറ്റി മുരുകന്‍ പ്രത്യക്ഷപ്പെട്ടു. എത്ര സുന്ദരമായി മനുഷ്യര്‍ക്കു ചിരിക്കാനാകുന്നു. മുരുകന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. കാര്‍ നീങ്ങി.
ബാരാടാംഗ് ദ്വീപിലെ നിലമ്പൂര്‍ പഞ്ചായത്തിലേക്കാണ് പോകേണ്ടത് .അവിടെയാണ് ആന്തമാനിലെ പ്രസിദ്ധമായ ചുണ്ണാമ്പുകല്ലുഗുഹ. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നാടുകടത്തി ആന്തമാനിലിട്ടപ്പോര്‍ മലബാറുകാര്‍ സ്ഥലപ്പേരും നാടുകടത്തി. അങ്ങനെ നിലമ്പൂരും വണ്ടൂരുമെല്ലാം ആന്തമാനിലെ സ്ഥലങ്ങളുമായി.
നിലമ്പൂര്‍ ജട്ടിയില്‍ നല്ല തിരക്ക്. ഞങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി. ദുരെ നിന്നും ജങ്കാര്‍ വരുന്നു. അതില്‍ വാഹനങ്ങളും ആളുകളും കയറി .നല്ല തിരക്ക്. അരമണിക്കൂര്‍ യാത്ര.ആന്തമാന്‍ കടലിടുക്കാണെന്നു തോന്നുന്നു. മീനുകള്‍ പുളച്ചു ചാടുന്നു. ഇരുകരകളിലും കണ്ടല്‍ക്കാടുകളുടെ ഒന്നാം നിര ജലക്കണ്ണാടിയില്‍ മുഖം നോക്കി നിന്നു. പിന്നില്‍ നിത്യഹരിത വനപ്പച്ചത്തട്ടുകള്‍. നീലാകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന വലിയ ശാഖാവൃക്ഷങ്ങളില്‍ ഹരിതതോരണം കെട്ടിയ വളളികള്‍. ക്യാമറ വിശ്രമിച്ചില്ല.