വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, March 7, 2015

മാമല്ലപുരത്തെ ശിലാകാവ്യങ്ങള്‍ഒരു പ്രാചീന തുറമുഖ നഗരത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കടലിരമ്പം... 
ഹേ,കടല്‍ത്തിരകളേ,നിങ്ങള്‍ കവര്‍ന്നെടുത്ത കമനീയ ശിലാക്ഷേത്രങ്ങള്‍ എവിടെ
അനശ്വരരായ അജ്ഞാതശില്പികള്‍ ആത്മസമര്‍പ്പണം നടത്തിസൃഷ്ടിച്ച വിശ്വപ്രസിദ്ധ കലാക്ഷേത്രങ്ങള്‍
ചോദ്യം കേട്ട് കടല്‍ അല്പം ശമിച്ചുവോ


അവശേഷിപ്പുകള്‍ കണ്ടു മടങ്ങാനായി കല്പിച്ച് തിരകള്‍ ഇളകിയോ?
കടല്‍ക്ഷോഭങ്ങളോടു പൊരുതിയവശേഷിച്ചവയുടെ ഗാംഭീര്യം ഇത്രയും ആശ്ചര്യപ്പിക്കുമെങ്കില്‍ ഈ പുരാതനനഗരത്തിന്റെ പ്രതാപകാലത്തെ അവസ്ഥ ആലോചിക്കാവുന്നതേയുളളൂ..ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ വന്ന് സാഷ്ടാംഗം നമിക്കത്തവിധം നടക്കല്ലുകളുളള തീരക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നു. ഇവിടെ സൂര്യോദയം കാണണം. പക്ഷേ എത്താന്‍ വൈകപ്പോയി.
ഇതു മാമല്ല പുരം. മഹാമല്ലന്റെ പുരം. ആരാണ് മാമല്ലന്‍? യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മഹാബലിപുരത്തെ സ്വന്തം വിളിപ്പേരിനോടു ചേര്‍ത്ത കലാപ്രോത്സാഹകന്‍?
. ഡി. 600 മുതല്‍ 630 വരെ രാജ്യം ഭരിച്ച മഹേന്ദ്രവര്‍മ്മനും ശേഷം രാജ്യം വാണ മകന്‍ നരസിംഹവര്‍മ്മനായിരുന്നുമഹാബലിപുരത്തെ മഹാശില്‍പ്പപുരമാക്കി മാറ്റിയത്. ഗുസ്‌തി വീരന്‍ കൂടിയായിരുന്ന നരസിംഹവര്‍മ്മന്റെ വിളിപ്പേരാണ് മാമല്ലന്‍. മഹാബലിപുരശില്പഭംഗിയുടെ കീര്‍ത്തി മാമല്ലന്റെ പേരിലേക്കു സ്വാഭാവികമായും ചേര്‍ത്തുവെച്ചപ്പോള്‍ ഊരിന്റെ പേര് മാമല്ലപുരം എന്നായി.കടല്‍ക്കരയിലെ കല്‍മലയെ കലാഭിഗംയുടെ അത്ഭുതമലയാക്കി മാറ്റിയ ഭാവന ആദരിക്കപ്പെടേണ്ടത്.
കല്ലുളി ശിലയെ അനുഗ്രഹിച്ചപ്പോള്‍ കടല്‍ത്തീരത്തിന് മനുഷ്യഹൃദയത്തില്‍ കലാനുഭവങ്ങളുടെ മഹാവിസ്മയം തീര്‍ക്കാനായി.

ഇതാ നോക്കൂ. ഒരു ഭീമന്‍ ഏകശില.അതിനെയാണ് കലാശിലയാക്കി മാറ്റിയിരിക്കുന്നത്അകത്തേക്കു തുരന്നും പുറം ചെത്തിക്കളഞ്ഞ് പുറത്തേക്കുന്തിയ രൂപനിര്‍മിതയിലുടെയും ( cut in & cut out) പാറകള്‍ക്ക് ചൈതന്യം വരുത്തിയിരിക്കുന്നു. വരൂ ഒപ്പം..
നാം മാമല്ലപുരം എന്ന മഹാബലിപുരത്ത് എത്തുമ്പോള്‍ ആദ്യം വരവേല്‍ക്കുന്ന ശിലാരൂപങ്ങളില്‍ കാര്‍ഷികസംസ്കൃതിയുടെ അടയാളങ്ങള്‍. പശുപാലകരും അവരുടെ ജീവിതവും. പ്രധാനകാഴ്ച കറവപ്പശുവിലും കാളയിലും തടയത്തക്കവിധമാണ് വിന്യാസം. ഗ്രാമപ്രഭാതസജീവതയുടെ നേര്‍പ്പകര്‍പ്പാണത്. പുലരിവെളിച്ചത്തില്‍ ആ ഗ്രാമകന്യക എവിടേക്കാണ് പോകുന്നത്, പാടത്തേക്കോ തീരത്തേക്കോ? ജീവികളുടെ സൗമ്യഭാവം ശ്രദ്ധിക്കൂ...എന്റെ വക ഒരു ആദരം. ഞാന്‍ കറവക്കാരന്റെ സമീപം ഇരുന്നു. നറുംപാലിന്റെ ഗന്ധം. പാല്‍പ്പതയിലേക്ക് കറവയുടെ നേരിയ ശബ്ദം. കിടാവിന്റെ നേറുകയില്‍ അമ്മയുടെ വാത്സല്യം. ഇതേ പോലെ മിഴിവുളള ശില്പങ്ങളാണധികവും. ഓരോന്നിനും നമ്മുടെ മനസിനെ പിടിച്ചു നിറുത്താനാകും. ഈ ശിലാചിത്രങ്ങളില്‍ കാണുന്ന നിഷ്കളങ്കബന്ധങ്ങളുടെ കാഴ്ചാന്തരീക്ഷത്തില്‍ നിന്നും നാം വലത്ത് വശത്തുളള പ്രസിദ്ധമായ ശില്പസമുച്ചയത്തിന്റെ ഭംഗിയിലേക്ക് പതിയെ നടന്നു പോവുക.

ആഖ്യാനചിത്രം

നാം ആദ്യം കാണുന്നത് ഒരു ആഖ്യാന ശിലാചിത്രമാണ്."ശില്പകലയിലും ചുമര്‍ചിത്രകലയിലും ഉളള സവിശേഷമായ രീതിയാണ് ആഖ്യാനചിത്രീകരണം.പാശ്ചാത്യ പൗരസ്തയദേശങ്ങള്‍ പണ്ടുമതലേ ഈ രീതി പ്രയോഗിച്ചിരുന്നു. ഒരു കഥയുടെയോ സംഭവത്തിന്റെയോ വിവിധഘട്ടങ്ങളെ അനുക്രമമായി ചിത്രീകരിക്കുന്ന ചിത്രപരമ്പര. ഒരു കഥയിലെ പല സംഭവങ്ങള്‍ ഒരു ചിത്രത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്ന ആഖ്യാനചിത്രങ്ങളും ഉണ്ട്. "മഹാബലി പുരത്തെ പ്രസിദ്ധമായ ആഖ്യാനചിത്രമാണിത്. ആദ്യം സസൂക്ഷ്മം നിരീക്ഷിക്കാം.
ഗംഗാപതനം
ഇതാ ഇവിടെ ആദ്യം ശ്രദ്ധ ആകര്‍ഷിക്കുന്നത് രണ്ട് ആനകളാണ്. സൂക്ഷിച്ചുനോക്കുമ്പോള്‍


അതൊരാനക്കൂട്ടമാണ്. വലിയ ആനകള്‍ പൈതലാനകളെ സംരക്ഷിച്ച് ഒരേ ദിശയില്‍ നീങ്ങുകയാണ്.എന്തു ആനക്കാര്യം കാണിക്കാനാണാവോ കുഞ്ഞുങ്ങളേയുംകൂട്ടി ഈ പുറപ്പാട്? ജലം കെട്ടിനിറുത്താനായി താഴ്ചയുണ്ടാക്കിയിട്ടുണ്ട് . തറനിരപ്പില്‍ നിന്നും അല്പം താഴെയായാണ് ശില്പങ്ങള്‍. ജലം നിറഞ്ഞ് ആനകളുടെ പ്രതിബിംബം വീഴുന്ന കാഴ്ച മനസില്‍ ഓര്‍ത്തു. ഈ ആനകള്‍ മാത്രമല്ല വലതുവശത്തുളള മാനുവരും ദേവകളുമടക്കമുളള  എല്ലാ ജിവകളും ഇടം ഭാഗത്താണ് ദര്‍ശനസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. അല്ല,ഇടതുഭാഗത്തുളളവ വലത്തേക്ക് അഭിമുഖമായിട്ടുമാണല്ലോ നിലയുറപ്പിച്ചിട്ടുളളതും. മധ്യഭാഗത്തെ ആധാരമാക്കിയാണ് ഈ ശില്പങ്ങളെല്ലാം. മധ്യത്ത് പാതാളത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന മൂന്നു നാലു നാഗരൂപങ്ങള്‍.പത്തിവിരിച്ച നാഗദേവതകളുടെ സാന്നിദ്ധ്യം. അല്പം താഴെ ഇടത്തായി ഒരു ചെറുകോവില്‍. അതിനുളളില്‍ ഒരു മൂര്‍ത്തി. മുന്നില്‍ ശിരസില്ലാത്ത നാലു ആള്‍രൂപങ്ങള്‍. കാലം ശിരസെടുത്തത്താവാം. അവരുടെ ഉടല്‍പ്രകൃതത്തില്‍ നിന്നും  ആരാധനാകര്‍മത്തിലവര്‍ മുഴുകയിരിക്കുകയാണെന്നു തോന്നും. ആരാധനയുടെ ഏതു നിമിഷത്തിലാണ് സ്വന്തം ശിരസ്സ് ഇവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവുക? ചെറുകോവിലിനു മുകളിലായി ധ്യാനനിരതനായി ഒരാള്‍.ആ തപസിന്റെ ഫലസിദ്ധിയെ പ്രതീക്ഷിച്ചാണോ ഇരുവശത്തും ആകാംക്ഷയോടെ എല്ലാവരും?..ഇരുപതടി ഉയരവും എണ്‍പതടി നീളവുമുളള രണ്ടു പെരുംശിലകളുടെ സവിശേഷതകളെ തന്മയത്വത്തോടെ സര്‍ഗാത്മകതയോടെ പ്രയോജനപ്പെടുത്തിയിരിക്കുന്നു. പാറയുടെ അടരുകള്‍ ശിലാരൂപങ്ങളെ രണ്ടു വിതാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. മേല്‍വിതാനത്തിലെ സാന്നിദ്ധ്യം ആരെയാണ് സൂചിപ്പിക്കുന്നത്? വാനോരാണോ? സന്തു്ഷ്ടയായ ഭൂമിയുടെ ചിത്രപ്പകര്‍പ്പാണോ ഈ ശിലാഖ്യാനം? ആകാശം, ഭൂമി , പാതാളം, ജലം, ധ്യാനനിരതനായ പുരുഷന്‍... ഇവയെ ബന്ധിപ്പിക്കുന്ന ഏതു സന്ദര്‍ഭമാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്?മഴക്കാലത്ത് മേലേ നിന്നും പെയ്തിറങ്ങുന്ന ജലം ധാരയായി നാഗഗണങ്ങളുടെ ശിരസുതഴുകി പാതാളത്തിലേക്ക് പോകുന്നത് ഭാവനയില്‍ കണ്ടു. ഈ ദൃശ്യാവിഷ്കാരത്തിന്റെ പൊരുള കണ്ടെത്താന്‍ അതിനല്പം പുരാണം തിരയാം. എങ്കിലേ ഈ ശില്പങ്ങള്‍ ആസ്വാദ്യപൂര്‍ണത നല്‍കൂ.മഹര്‍ഷിമാരുടെ കോപം പലപ്പോഴും അനുഗ്രഹമായിത്തീരാറുണ്ട്. കപിലമഹര്‍ഷി കോപിച്ചപ്പോള്‍ അതിന്റെ പരിണിതഫലത്തെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തിരുന്നുവോ? സൂര്യവംശത്തിലെ സന്താരപരമ്പരകളുടെ ആത്മാക്കല്‍ മോക്ഷം കീട്ടാതെ പാതാളത്തിലെ ഇരുള്‍ക്കോണുകളില്‍ കഴിയുകയാണ്. ആകാശഗംഗയെ ഭൂമില്‍ കൊണ്ടുവരണം. ഗംഗ ഭൂമിയില്‍ കിനിഞ്ഞിറങ്ങി പാതാളത്തിലെത്തിയാല്‍ ആത്മാക്കള്‍ക്ക് മോക്ഷം കിട്ടും. ഇത് ക്ഷിപ്രസാധ്യമല്ല. ഭഗീരഥന്‍ ഗംഗാദേവിയെ പ്രീതിപ്പെടുത്താന്‍ തപസുചെയ്തു. നീണ്ടകാലങ്ങള്‍.. ഒടുവില്‍ സംപ്രീതയായ ഗംഗ പ്രത്യക്ഷയായി. ഞാന്‍ വരാം. പക്ഷേ..
ആ പക്ഷേ മറ്റൊരു തപസിനു നിമിത്തമായി. ഗംഗയെ ഭൂമിയില്‍ സ്വീകരിക്കാന്‍ കരുത്തുളള ഒരാള്‍ വേണം. അല്ലെങ്കില്‍ ആ പതനാഘാതത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞുപോകും. ശിവജടയില്‍ ഗംഗ തന്റെ പതനസ്ഥാനം കുറിച്ചു. അതിനു ശിവന്‍ സമ്മതിക്കണ്ടേ? ഭഗീരഥന്‍ ശിവനെ തപസുചെയ്തു. ഉഗ്രതപസ്. സ്വശിരസില്‍ ഗംഗാദേവിയുടെ പാദസ്പര്‍ശത്തിന് ശിവന്‍ സമ്മതം മൂളി. എന്താവാം ശിവകാമന? ആര്‍ക്കും താങ്ങാനാവാത്ത പ്രണയപ്രവാഹത്തെയാണോ ശിവശിരസ് സ്വാഗതം ചെയ്തത്?ആകാശഗംഗ ശിവശിരസിലേക്ക് ...ആ രംഗം രവിവര്‍മ്മ ചിത്രീകരിച്ചിട്ടുണ്ട്. അതിമോഹനമായ ഒരു കാഴ്ചയാണത്.ഗംഗാദേവി ജടയുടെ അഹങ്കാരത്തെ ഉലച്ചുകൊണ്ട് നാലുഭാഗത്തേക്കും കുതിച്ചൊഴുകി. അതിരുവിട്ട അഹങ്കാരപ്രകടനം ശിവനിഷ്ടമായില്ല. അദ്ദേഹം ജ‍ട വാരിചുറ്റിക്കെട്ടി, പഴുതില്ലാത്തവിധം. പാവം ഗംഗ. ഒരു തുളളി പോലും പുറത്തേക്കു പോകാനാകാതെ ആ ജടാാലിംഗനത്തില്‍ പെട്ടുപോയി. ശിവന്‍ ഗംഗാധരനായി. പക്ഷേ കുഴഞ്ഞത് ഭഗീരഥനാണ്. ഗംഗ ജടാതടവിലാണ്. മോചിപ്പിച്ചാലേ പറ്റൂ. ഇത്രയും കാലം തപസ് ചെയ്തതെല്ലാം പാഴാകുമോ? തപസുമാത്രമാണ് ആയുധം. ശിവന്‍ ഗംഗയെ മോചിപ്പിച്ചു. ആ പ്രവാഹം ഹിമാലയത്തിന്റെ ധവളശ്രംഗങ്ങളിലൂടെ താഴ്വാരങ്ങളിലൂടെ  കുത്തിയൊഴുകി. പലഭാവത്തില്‍.തടസ്സങ്ങളെ തട്ടിനീക്കിയും മുക്കിത്താഴ്തിയും ഗംഗ വിലസി. ഗംഗാപ്രവാഹത്തില്‍ ഹിമവത്സാനുവിലെ ജഹ്നു മഹര്‍ഷിയുടെ ആശ്രമം  മുങ്ങിപ്പോയി. ആഹാ ആത്രക്കായോ?ജഹ്നു മഹര്‍ഷി ഗംഗയെ തന്റെ കമണ്ഡലുവിലേക്ക് പായിച്ചു. ഗംഗ അവിടെ ഒതുങ്ങി. ആ താപസി അവിടെയും അവസാനിപ്പിച്ചില്ല. ഗംഗയെ കുടിച്ചു കളഞ്ഞു.ഇപ്പോള്‍ ശരിക്കും വെളളം കുടിച്ചത് പാവം ഭഗീരഥനാണ്.കാലുപിടിച്ചു. മഹര്‍ഷി വഴങ്ങിയില്ല. വേണ്ടപ്പെട്ടവരെക്കൊണ്ടു സ്വാധീനിച്ചു. ഒടുവില്‍ ഗംഗയെ ചെവിയിലൂടെ പുറത്തേക്ക് ഒഴുകാന്‍ മഹര്‍ഷി അനുവദിച്ചു.
സംഭവബഹുലമായ ഗംഗാപതനമെന്ന മഹാരംഗത്തിനെയാണ് ഈ ശിലാരൂപങ്ങളില്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഈ കഥ അറിയാത്തവര്‍ക്ക് ഈ ശിലകള്‍ വെറും കൊത്തുപണികള്‍ മാത്രം.
അനാഥമായി കിടന്നിരുന്ന ശിലകള്‍ക്ക് ഇത്ര ചാരുതയോടെ അമൂല്യമായ ഭംഗി നല്‍കിയവരുടെ എത്രകാലത്തെ ഏകാഗ്രമായ പ്രവര്‍ത്തനമായിരിക്കണം ഈ പ്രദേശത്തെ ശില്പകലയുടെ തീരമാക്കി മാറ്റിയത്.മഹാശിലാപുരം എന്നായിരുന്നു പേരുചൊല്ലി വിളിക്കേണ്ടിയിരുന്നത്.
ഇവിടെ വഴിചൂണ്ടികള്‍ ഇല്ല. നമ്മള്‍ക്കെങ്ങനെ വേണമെങ്കിലും ചുറ്റിക്കാണാം. ചിലപ്പോള്‍  ചില കാഴ്ചകള്‍ നഷ്ടപ്പെടുമെന്നു മാത്രം.സാഹസികത ഇല്ലാത്തവര്‍ക്ക് നടപ്പാതയുണ്ട്. അതിലൂടെ ആയാസരഹിതമായി പോകാം. എന്നാല്‍ യാത്രയുടെ രസം കിട്ടണമെങ്കില്‍ പാറകളുടെ ഗാംഭീര്യത്തില്‍ കൊത്തിവെച്ച ചെറുപടവുകളിലും അതേ പോലെ മുന്‍ഗാമികളുടെ പാദമുദ്രകള്‍ തെളിയിച്ച കുത്തനെയുളള ഇടുക്കുകളിലും കുഴികളിലും ചവിട്ടി അഭ്യാസിയെപ്പോലെ കയറണം.ചിലേടത്ത്  കല്പടവുകള്‍ ശില്പികള്‍ തന്നെ കൊത്തിയിട്ടിട്ടുണ്ട്. അവരുടെ അധ്വാനത്തോട് ബഹുമാനം കാട്ടുന്ന വഴി എന്നുതോന്നിയതിനാല്‍ അവര്‍ കൊത്തിക്കയറിയ മാര്‍ഗം തന്നെ സ്വീകരിച്ചു. കല്പടവുകള്‍ക്കുമുണ്ട് കലാഭംഗി.

പാറകള്‍ മാത്രമല്ല തലയുയര്‍ത്തി നില്‍ക്കുന്ന ശില്പച്ചന്തമുളള വൃക്ഷങ്ങളുമുണ്ട്. ഈ ഒറ്റയാന്‍ മരം അതിന്റെ ചുവട്ടിലെ ദയാരഹിതമായ  കരിങ്കല്‍കൂട്ടങ്ങളുടെ ഇടയില്‍ വേരുകളെ പാകി ശിഖരങ്ങളെ വാനിലേക്കുയര്‍ത്തി പ്രാര്‍ഥനാനിരതയായി നില്‍ക്കുകയാണ്. ഇത്രത്തോളം ഏതു ശില്പിക്കാകുമെന്ന അഹംഭാവത്തോടെ.


ഒരിക്കല്‍ ഇവിടെ വന്നതാണ്. കണ്ടുമതിയാകാതെ മടങ്ങി.അന്ന് ഒറ്റ ദിവസം കൊണ്ട ചെന്നൈയിലെയെത്രസ്ഥലങ്ങളാണ് തീര്‍ത്തത്?കുട്ടികളുടെ കൂടെയുള പഠനയാത്രകള്‍ക്ക് പരിമിതികളുണ്ട്. ഒറ്റയ്ക്കുളള വരവാണ് ഏറെ ഹൃദ്യം. അടുത്ത മനസറിഞ്ഞ സുഹൃത്തുക്കളുമാകാം. മഹാബലിപുരത്ത് നമ്മുടെ തിരക്ക് പ്രതിഫലിച്ചുകൂടാ. വിസ്തൃതമായ ഈ കലാശിലാദേശത്തോട് ചെയ്യുന്ന അനാദരവാകും അത്. ഇപ്പോള്‍ വീണ്ടും ഒരു ചോദന. രാവിലെ മഹോദയപുരത്തേക്ക് ഒരു പാക്കേജ് ടൂറായാലോ എന്നു ഞാനും സുഹൃത്തുക്കളും ചിന്തിച്ചു. ലോഡ്ജുടമ മലയാളി.അയാളുടെ ഉപദേശം തേടി. 1800 രൂപ, പത്തുമണിക്കൂര്‍ യാത്ര. ഒരു അമ്യൂസ്മെന്റ് പാര്‍ക്ക്, മ്യൂസിയം, മഹാബലിപുരം, മറീനബീച്ച് ഇത്രയും കാഴ്ചാകേന്ദ്രങ്ങള്‍. മറീനബീച്ച് നഗരത്തിന്റെ തൊട്ടടുത്താണ് അതും പാക്കേജില്‍ പെടുത്തിയ കൗശലം തീരെ ഇഷ്ടപ്പെടാത്തതിനാല്‍ ആ പദ്ധതി ഒഴിവാക്കി. പ്രാഭാതഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പാരീസില്‍ നിന്നും ടാക്സി പിടിച്ച് പോകുന്നതാണത്രേ നന്ന്. അങ്ങനെ പാരീസിലേക്ക് വിസയില്ലാതൊരു നടത്തം. വഴിയില്‍ വെച്ച് ഒരു ടാക്സിക്കാരനെ കിട്ടി. കാര്യം പറഞ്ഞു. "അല്ല ധാരാളം വണ്ടിയുളളപ്പോള്‍ നിങ്ങളെന്തിനാ വെറുതേ പണം പാഴാക്കുന്നത്. അതാ അവിടെയാണ് ബസ്സ്റ്റാന്‍ഡ് . എപ്പോഴും വണ്ടിയുണ്ടാകും.” ഇങ്ങനേയും ഡ്രൈവര്‍മാരുണ്ടോ? കിട്ടിയ ഓട്ടം വേണ്ടെന്നു വെക്കുന്നവര്‍. ഏതായാലും ആ മാന്യന്‍ പറഞ്ഞതു പ്രകാരം ബസ്സ്റ്റാന്‍ഡിലേക്ക് നടന്നു. അവിടെ പാര്‍ക്ക് ചെയ്ത വണ്ടിയിലെ കണ്ടക്ടറോട് ഏതാണ് മഹാബലിപുരത്തുനുളള വണ്ടി എന്നു ചോദിച്ചപ്പോള്‍ "എന്‍ക്വയറിയില്ല "എന്ന പരുക്കന്‍ മറുപടി. ലോഫ്ലോര്‍ വണ്ടിയില്‍ കയറി കേളാമ്പക്കത്തിറങ്ങി. കേളാമ്പക്കത്ത് മനുഷ്യനെ റാഞ്ചിക്കൊണ്ടുപോകാന്‍ കാത്തു നില്‍ക്കുകയാണ് ചെറുവാനുകള്‍. കയറി. തെളിച്ചമുളള ഒരു ദിവസം. നല്ല കടല്‍കാറ്റ്. ചൂടിന്റെ ചൂട് തണുത്തുപോയ പോലെ. തിരുവാന്മിയൂരില്‍ വാന്‍ നിറുത്തി ആളെ വിളിച്ചു കയറ്റി. അപ്പോഴാണ് കേളാമ്പക്കത്തു നിന്നും തിരവാന്മിയൂരിലേക്കുളള വണ്ടികളില്‍ കയറിയായിരുന്നെങ്കില്‍ കൂടുതല്‍ നേരത്തേ എത്താമായിരുന്നല്ലോ എന്ന് ചിന്തിച്ചത്. ഒരു സാധാരണ കവലയിലാണ് ബസ് അവസാനിച്ചത്. ഇറങ്ങി. ടൂറിസ്റ്റുകള്‍ . നാടനും മറുനാടനും. ഒരു ചായ കുടിച്ചു. ഗ്ലാസിനുളളില്‍ രണ്ടോ മൂന്നോ ടീ സ്പൂണ്‍ ചായ! ഇത്രയും ചെറിയഗ്ലാസ് നിര്‍മിച്ചയാളെ മനസാ ശപിച്ചു.


നേരത്തെ കണ്ട കാഴ്ചകള്‍ക്കു ശേഷം നടന്നു മുകളിലേക്ക് കയറി. അവിടെ രായര്‍ ഗോപുരം. പച്ചപ്പുല്ലുകളുടെ പരപ്പിന്റെ ഒരു വശത്തായി ഗോപുരം എന്ന ആഗ്രഹത്തോടെ ആരംഭിച്ച് എങ്ങുമെത്താതെ അവസാനിപ്പിച്ച പോലെ ചില നിര്‍മിതികള്‍. പ്രധാന കവാടം. ഇടനാഴി, ഒരു നൃത്തമണ്ഡപം പോലെ വേദി. ഇരുവശത്തും ചുമരിലും തൂണിലും സ്ത്രീരൂപങ്ങള്‍. ശരീരവടിവിന്റെ സൂക്ഷ്മാനുപാതത്തില്‍ ശില്പികള്‍ ശ്രദ്ധാലുക്കളാണെന്നിവിടെയും തെളിയിച്ചിട്ടുണ്ട്. സുന്ദരിമാര്‍ വള്ളിച്ചെടിയുടെ പൂമൊട്ടിറുക്കാനാണോ വിരിയുന്ന ആദ്യസുഗന്ധം ആവോളം നുകരാനാണോ അതോ അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടാനായി പുഷ്പാലങ്കാരത്തെ സ്വാംശീകരിക്കാനാണോ ഇവിടെ ഈ രീതിയില്‍ നില്‍ക്കുന്നത്. ആ വളളികള്‍ വളഞ്ഞു മേലേക്ക് പടരുകയാണ്. ഓരോരോ വലയങ്ങള്‍ തീര്‍ത്ത്. ഓരോ വലയത്തിലുമുണ്ട് ഓരോരോ രൂപങ്ങള്‍, ഒതുക്കുകളില്‍ പക്ഷികളുടെ ചിറകൊതുക്കല്‍. ഇരുവശത്തുമുളള


സുന്ദരിമാര്‍ക്ക് വ്യത്യാസമുണ്ട്. ആദ്യം കാണുന്ന ഇടതുവശത്തുളളവള്‍ക്ക് ഇടതുമാറില്ല. ഇടതുവശത്ത് തന്നെ ഇരുമാറുകളുമില്ലാത്ത ഒരുത്തി കൂടി. ഛേദിക്കപ്പെട്ടതാണോ കൈക്കരുത്തില്‍ പൊടിഞ്ഞുപോയതാണോ? അതൊന്നുമല്ല, പ്രതികാരത്തിന്റെ ആത്മാഭിമാനത്തിന്റെ ആന്തരികസമ്മര്‍ദ്ദത്താല്‍ മുലപറിച്ചെറിഞ്ഞതാണോ?മുല പറിച്ചെറിഞ്ഞ് മധുരയെ എരിച്ചു കളഞ്ഞ കണ്ണകിയുടെ ക്രോധം ഓര്‍മയിലേക്ക് വന്നു. അംഗഛേദം വന്നവരുടെ നേരേ എതിര്‍ വശത്തുളളവര്‍ക്കാകട്ടെ മാറിടഭംഗം വന്നിട്ടുമില്ല. അവിടെ നിന്നും  വലം ഭാഗത്തുകൂടി ഇറങ്ങി നടക്കുമ്പോള്‍ പാറയുടെ അകത്തേക്ക് ആളുകള്‍ കയറി ഫോട്ടോ എടുക്കുന്നു. മൂന്നു നാലു തൂണുകളും അകത്തളവും ചുമര്‍ശില്പങ്ങളും ചേര്‍ന്നപ്പോള്‍ അതിന് ഒരു ദേവാലയഭാവം. വീണ്ടും ചുറ്റി നടക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. മരങ്ങള്‍. പാറകളുടെ അതേ നിറം തങ്ങളുടെ നിറമാക്കി മാറ്റി ഏകതാബോധം പ്രകടിപ്പിച്ച് നില്‍ക്കുന്നു. മരവും പാറയും എന്തിന് പലതാകണം. അതിനല്ലേ മനുഷ്യരുളളത്? ദാരുശില്പങ്ങളും ശിലാശില്പങ്ങളും എത്രയെത്ര വൈവിധ്യത്തിലാണ് ലോകത്താകമാനം ഉളളത്. ഓര്‍ത്തു നോക്കിയാല്‍ മാനവസംസ്കാരത്തില്‍ ഇവയ്ക്ക് എത്രമാത്രം പ്രാധാന്യമാണുളളത്? ആട്ടുകല്ലും അരകല്ലും മൂലക്കല്ലും ചുമടുതാങ്ങിയും ബലിക്കല്ലും വേലിക്കല്ലും പടിക്കല്ലും സ്മാരകശിലകളും.... അതെയതേ പറഞ്ഞാല്‍ തീരില്ല ഉപകരണങ്ങളായും ദേവകളായും സൗന്ദര്യാവിഷ്കാരമായും നമ്മുടെ ജിവിതത്തിന്റെ പടവുകളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്ന ശിലാദൗത്യങ്ങള്‍. അതേ പോലെയാണ് മരങ്ങളും. അവ അവയുടെ പ്രത്യക്ഷമായ തണലിലോ ഫലങ്ങളിലോ മാത്രമൊതുങ്ങുന്നില്ലല്ലോ..
  വിളക്കുമാടം-1900-ല്‍ സ്ഥാപിച്ചതാണ്. ആകാശത്തോട് തൊട്ടുനിന്നു കാണാനായി സര്‍ക്കാര്‍ ഫീസീടാക്കുന്നു.ആളൊന്നിന് പത്തു രൂ. ക്യാമറയ്ക്ക് ഇരുപതു രൂപ. എല്ലായിടത്തും മനുഷ്യരേക്കാള്‍ ഫീസ്


ക്യാമറക്കാണ്. വെറും കണ്ണില്‍ പതിയുന്നതിന് സ്മൃതിപരിമിതിയുളളതിനാല്‍ ഓര്‍മമൂല്യം കണക്കാക്കി കച്ചവടം നടത്തുകയാണ്. അതെ അവിസ്മരണീയമായ ചില മുഹൂര്‍ത്തങ്ങളെ ജിവിതത്തിന്റെ ആല്‍ബത്തിലേക്ക് വെക്കണോ കാശുമുടക്കണം. വലംപിരിഞ്ഞുയരുന്ന കോവേണി. ചുറ്റിക്കയറി മേലേക്ക്. മുകളില്‍ ചെന്നപ്പോള്‍.. അതു കാണേണ്ട കാഴ്ചതന്നെ എന്ന പതിവ് എഴുത്തുരീതിയില്‍ ഒരുക്കുന്നില്ല. ചക്രവാളനീലിമയില്‍ തൊട്ടുരുമ്മി നില്‍ക്കുന്ന കടല്‍പ്പരപ്പ്. തീരത്തിന്റെ ജനവാസസാന്ദ്രത കൈവശപ്പെടുത്തിയ പച്ചപ്പുകള്‍. അവയ്കിടയില്‍ വെട്ടിത്തിളങ്ങുന്ന പാറകള്‍..താഴേക്കു നോക്കൂ. മാമരങ്ങള്‍ .ഇലനാമ്പുകളുടെ വര്‍ത്തുള വിന്യാസം. വിളക്കുമാടത്തോളം വളരാനാകാത്തതിന്റെ വിഷമം അവയ്ക്കുണ്ടാകും. വിളക്കുമാടത്തിന്റെ രാത്രിശോഭ മനസില്‍ കണ്ടു. വെളിച്ചത്തിന്റെ വലയം ഇരുളിന്റെ വിതാനത്തില്‍ നിരന്തരം തൊട്ടെണ്ണ് തൊട്ടെണ്ണി നീങ്ങുകയാണ്.
 
ആകാശത്തു് കൂടുതലുയര്‍ന്നു നിന്ന് വിളക്കുമാടപ്രകാശസഞ്ചാരത്തെ ദര്‍ശിക്കുന്ന ഗഗനചാരിയായി മാറണം. അല്ലെങ്കിലും ഗന്ധര്‍വന്മാരുടെ രാക്കഴ്ചകള്‍ ഒരിക്കലും ഒട്ടും മോശമാകില്ലല്ലോ? വിളക്കുമാടത്തിന്റെ മേല്‍ത്തട്ടില്‍ നിന്നും പരസ്പരം പടം പിടിക്കുന്നവര്‍, പേടിച്ചു കയറാന്‍ മടിച്ചവരുടെ നഷ്ടത്തെക്കുറിച്ച് ഓര്‍ക്കുന്നവര്‍, കാഴ്ചാനുഭൂതിയില്‍ സ്വയം മറന്നു പോകുന്നവര്‍, പലതരക്കാരാണെങ്കിലും എല്ലാവരിലും സംതൃപ്തിയുടെ തിളക്കം. ഇവിടെ കൂടുതല്‍ നേരം നില്‍ക്കാന്‍ പറ്റില്ല. ഇടമില്ല. ആകാശദര്‍ശനം കണ്ടു ഇറങ്ങണം. ഇറങ്ങിച്ചെല്ലുമ്പോള്‍ അവിടെ നെടുനീളത്തിലുളള ഒരു വലിയ പാറയ്ക്ക്  വ്യത്യസ്തമാനം നല്‍‍കിയിരിക്കുകയാണ് ഏതോ കാലത്തിനപ്പുറം ജീവിച്ച ശില്പികള്‍.


പാറയുടെ പളള തുരന്ന് ഗുഹാസമാനമായ നിര്‍മിതികള്‍
അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗജാധിപതേ
രിപുഗജഗണ്‌ഡവിദാരണചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ
നിജഭുജദണ്‌ഡനിപാതിതചണ്‌ഡനിപാതിതമുണ്‌ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.
അയി രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ
ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ
ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ......

മഹിഷന്റെ യുദ്ധത്തില്‍ പ്രണയശരങ്ങളുണ്ടായിരുന്നു. അതെ സര്‍വലോകസുന്ദരിയായ ദുര്‍ഗ കൊട്ടാരകവാടത്തിലെത്തി പോരിനു വിളിച്ചപ്പോള്‍ ആ സൗന്ദര്യധാമത്തോട് അത്യഗാധമായ പ്രേമമാണ് മഹിഷാസുരനുതോന്നിയത്. അത് തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല.കാരണം ദുര്‍ഗയുടെ രൂപഭംഗി തന്നെ.സൗന്ദര്യത്തികവ് തന്നെ.വശ്യമനോഹരരൂപം. പരമശിവന്റെ തേജസ്സുകൊണ്ട് ശുഭ്രമായ മുഖപദ്മം, യമതേജസ്സുകൊണ്ട് അറ്റം ചുരുണ്ടുനീണ്ട് മേഘവര്‍ണത്തില്‍ സ്നിഗ്ധമായ കേശം, അഗ്നിതേജസ്സുകൊണ്ട് കറുപ്പും വെളുപ്പും വര്‍ണങ്ങളായി ഭംഗിയോടുകൂടി മൂന്നുകണ്ണുകള്‍, രണ്ടുസന്ധ്യകളുടെ തേജസ്സുകൊണ്ട് കാമവില്ലുപോലെ കറുത്ത പുരികങ്ങള്‍, വായു തേജസ്സുകൊണ്ട് രണ്ടുകര്‍ണങ്ങള്‍, ധനേശ തേജസ്സുകൊണ്ട് മനോഹരമായ നാസിക, ദക്ഷാദികളുടെ തേജസ്സുകൊണ്ട് പല്ലുകള്‍, അരുണ തേജസ്സുകൊണ്ട് അധരം, ഷണ്‍മുഖ തേജസ്സുകൊണ്ട് ഓഷ്ഠം, വിഷ്ണു തേജസ്സിനാല്‍

പതിനെട്ടു കൈകള്‍, വസുക്കളുടെ തേജസ്സുകൊണ്ട് ചുവന്ന വിരലുകള്‍, ചന്ദ്ര തേജസ്സുകൊണ്ട് സ്തനങ്ങള്‍, ഇന്ദ്ര തേജസ്സുകൊണ്ട് മധ്യപ്രദേശവും വരുണ തേജസ്സുകൊണ്ട് ജംഘോരുക്കളും ഭൂ തേജസ്സുകൊണ്ട് നിതംബവും. ഇത്രയും സൗന്ദര്യം കോരിനിറച്ച ശരീരത്തെയാണ് അസുരമനസിനെ വിജയിക്കാനായി നിയോഗിച്ചത്. പ്രണയാസുരന്റെ  ആ അഭ്യര്‍ഥന ദുര്‍ഗയാകട്ടെ നിരസിച്ചില്ല. തന്നെ ജയിക്കുന്നവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉപാധി വെച്ചു മോഹിപ്പിച്ചു.അവന്‍ ആ വെല്ലുവിളി സ്വീകരിച്ചു. അവള്‍ സീംഹസൈന്യത്തെ നയിച്ചു. മഹിഷസൈന്യവും തയ്യാറായി. മഹിഷന് ദുര്‍ഗയെ വധിക്കാനാകുമോ?അവളെ സ്വന്തമാക്കണമെങ്കില്‍ കൊന്നുകൂടാ. പ്രണയാഗ്നിയില്‍ നിന്ന് യുദ്ധം ചെയ്യുകയാണ് അദ്ദേഹം. മുറിവേല്‍പ്പിക്കാതെ ക്ഷീണിപ്പിക്കണം. മാര്‍ദവുമുളള യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ സഹചരെല്ലാം നഷ്ടപ്പെട്ടത് ഈ ഏകാഗ്രതയില്ലായ്മ അല്ലെങ്കില്‍ പ്രണയത്തിന്റെ ഏകാഗ്രത കാരണമായിരുന്നു. യുദ്ധത്തിന്റെ ഗതി മാറുന്നത് താനൊറ്റയാകുന്നു എന്ന തിരിച്ചറിവുണ്ടായപ്പോഴാണ്. ദുര്‍ഗയും വലഞ്ഞു. ഒടുവില്‍ മഹിഷന്റെ ശ്രദ്ധ വ്യതിചലിപ്പിച്ചാണ് അവള്‍ക്ക് വിജയം കണ്ടെത്താനായത്. അതിന് ആ ശരീരസൗന്ദര്യം തന്നെ ആയുധമാക്കേണ്ടി വന്നത്രേ! എത്രയെത്ര വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുന്ന ഈ പുരാവൃത്തമാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. സൗന്ദര്യാരാധകരായ ശില്പികള്‍ക്ക് ദേവിയുടെ ഉടല്‍വടിവ് എന്നും വെല്ലുവിളിയായിരുന്നു.
 ഈ യുദ്ധമെല്ലാം ഇവിടെ നടക്കുമ്പോള്‍ ആതാ അപ്പുറത്ത് ഒരാള്‍ ശാന്തമായി കിടക്കുകയാണ്. ജലശയനപ്പെരുമാള്‍.സര്‍പ്പശീര്‍ഷങ്ങളുടെ തണലില്‍ .. അനന്തനൊരുക്കിയ മെത്തയില്‍. സര്‍പ്പത്തെ മെത്തയാക്കുക. സര്‍പ്പത്തെ മാലയാക്കുക. സര്‍പ്പത്തെ ആയുധമാക്കുക. സര്‍പ്പത്തെ ആരാധനാമൂര്‍ത്തിയാക്കുക.പാമ്പിനെ ഭക്ഷണമാക്കുകഇതൊക്കെ ചെയ്യുമ്പോഴും സര്‍പ്പഭയത്തില്‍ പെട്ടുഴലുക. പാമ്പും മനുഷ്യനും വ്യത്യസ്ത സംസ്കാരങ്ങളില്‍ പരസ്പരം നിര്‍വചിക്കുന്നത് പല രൂപത്തില്‍.
 
 മനുഷ്യര്‍ എന്നും ശത്രുപക്ഷത്തുളളവരോട് കാണിക്കുന്ന വിഭിന്ന സമീപനങ്ങളുടെ പ്രഹേളിക.

കടല്‍ക്കരയിലേക്ക് നടന്നു. വിശാലമായ ക്യാന്‍വാസില്‍ തിരകളും നുരകളും സര്‍ഗാത്മക പ്രവര്‍ത്തനത്തിലാണ്. പണി തൃപ്തിയാകുന്നില്ല. വീണ്ടും വീണ്ടും ജലരൂപങ്ങള്‍ ഉയര്‍ത്തുന്നു. മണലില്‍ വരച്ചുനോക്കുന്നു. ഒന്നും പോര. പോര പോര എന്ന് തീരം. ശരി വീണ്ടും നോക്കട്ടെ എന്നു തിര. ഇത് ചരിത്രത്തിന്റെ തിരകള്‍ കൂടിയാണ്. ചൈനീസ് സഞ്ചാരികല്‍ വന്നിറങ്ങിയ തീരം.
കംബോഡിയ, മലേഷ്യ,സുമാത്ര,ജാവ തുടങ്ങിയ രാജ്യങ്ങളുമായി തുറമുഖബന്ധം ഉണ്ടായിരുന്ന തീരം. കുറച്ചുനേരം ഇവിടെ നില്‍ക്കാം.


പല്ലവരാജാക്കന്മാര്‍ ശില്പികളുടെ നഗരമാക്കി മാറ്റിയ മാമല്ലപുരത്ത് ഇപ്പോഴും ശില്പികള്‍ ധാരാളം. അവര്‍ ശിലകളില്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നു.ദേവവാഹനങ്ങള്‍ നിര്‍മിക്കുന്നു. എല്ലാവിധ ദൈവങ്ങളും ഇവിടെ നിന്നും കയറ്റി അയക്കപ്പെടുന്നു. ദേവാലയങ്ങളിലേക്ക് പോകുവാന്‍ കാത്തുകിടക്കുന്ന ദൈവങ്ങള്‍ ...ശിലാമോക്ഷം  പ്രതീക്ഷിച്ചുളളവയും ഭാഗികമായി പൂര്‍ത്തീകരിച്ചവയും.
ദൈവസമൃദ്ധിയിലും ഞാന്‍ കണ്ടു .കടല്‍ത്തീരവെയിലത്ത് ഒരു മാതാവ്.
അന്നത്തെ അന്നത്തിന് കാത്തിരിക്കുന്നു. ഏതോ ദൈവത്തെ കാത്ത് ദൈന്യഭാവത്തില്‍.


ഇിനിയുമുണ്ട് കുറേ കാഴ്ചകള്‍..പഞ്ചരഥങ്ങളിലെ പാണ്ഡവരും ദ്രൗപദിയും.പരീക്ഷണാത്മകമായ ശില്പകല. പാഞ്ചാലിക്ക് ഭവനസമാനക്ഷേത്രം. അഞ്ചുപേര്‍ക്കും അന്തിയുറങ്ങാനുളള അഭയം.പുരാണകഥയുടെ അധ്യായങ്ങള്‍ ശിലകളിലെഴുതിയ പ്രതിഭകളേ നമിക്കുന്നു വീണ്ടും വീണ്ടും.

ചെന്നൈ നഗരഹൃദയത്തില്‍ നിന്നും അറുപതു കിമി ദൂരത്ത് എട്ടു ചതുരശ്ര കിലോ മീറ്ററോളം സ്ഥലവിസ്തൃതിയിലും എട്ടാം നൂറ്റാണ്ടോളം കാലവിസ്തൃതിയിലും വ്യാപിച്ചു കിടക്കുന്ന മഹാബലിപുരം ഒരു അനുഭവമാണ്.

3 comments:

  1. മഹാബലിപുരത്തെക്കുറിച്ച് പല വിവരണങ്ങളും വായിച്ചിട്ടുണ്ട്. ഇത് വളരെ ഇഷ്ടപ്പെട്ടു. എനിക്കും പോകണം

    ReplyDelete
  2. ആ ബാക്ക് ഗ്രൌണ്ട് കളര്‍ ഒന്ന് മാറ്റൂ പ്ലീസ്. അല്ലെങ്കില്‍ വായിക്കില്ല. വെള്ളയാണ് നല്ലത്.

    ReplyDelete
  3. മാറ്റി. നേരത്തേ ആരോ ഉപദേശിച്ചപ്പോഴാണ് ഇളം നിറം തെരഞ്ഞെടുത്തത്. ഇപ്പോ എങ്ങനെ?

    ReplyDelete