വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, December 5, 2011

ഇടുക്കിയിലൂടെ നടുക്കമില്ലാതെ ഒരു സവാരി

ഇടുക്കി ഏതു കാലത്തും കാഴ്ച്ചയുടെ പറുദീസാ ഒരുക്കും. കേരളത്തില്‍ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാന്‍ ആവാത്തത്ര സൌന്ദര്യം ഇടുക്കിയ്ക്കുണ്ട്.
മലയാളി മറുനാട്ടിലെ ശുഷ്കമായ കാഴ്ചകള്‍ തേടിപ്പോകുംപോള്‍  ഇടുക്കിയുടെ മാസ്മരികത അറിയാന്‍ മറക്കുന്നു.
കേരളത്തില്‍ ഇത്രയും കാലം ജീവിച്ചിട്ടും ഇടുക്കി ഒന്ന് ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞല്ലല്ലോ എന്നൊരു നഷ്ട ബോധം അലട്ടിയിരുന്നു. തേക്കടിയും അടിമാലിയും നെടുംകണ്ടവും   ഒക്കെ പോയിട്ടുണ്ട് .എങ്കിലും അപൂര്‍ണത. 
അത് പരിഹരിക്കാന്‍ തീരുമാനിച്ചു .  യാത്ര
തൊടുപുഴയില്‍ നിന്നും തുടക്കം  .വെയില്‍ തെളിമയോടെ കൂടെ .
വാഹനം നീങ്ങി. ഞാന്‍ ഇടതു വശത്താണ് സ്ഥാനം പിടിച്ചത് .അത് കാര്യമായി എന്ന് തോന്നി

പുഴ . അപ്പുറം മല നിരകള്‍ . ഇടയ്ക്ക് ചോപ്പിന്റെ കുട വിടര്‍ത്തി പൂവാക .ആകാശം മേഘ സ്പര്‍ശത്തില്‍ ആര്‍ദ്രമായി . ഉള്ളില്‍ പറഞ്ഞു ഹോ ഈ അനുഭവം മാത്രം മതി ഈ യാത്രയെ അവിസ്മരനീയമാക്കാന്‍ .


യാത്രക്കിടയില്‍ പെട്ടെന്ന് വണ്ടിയുടെ വേഗം കുറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഷാജി പറഞ്ഞു  ഇവിടെയാണ്‌ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഞാന്‍ ഇറങ്ങി. കിഴുക്കാം തൂക്കായ പ്രദേശം
റോഡിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരിക്കുന്നു .ഫോട്ടോ എടുത്തെങ്കിലും ആ കുത്തനത അതെ പോലെ ഒപ്പിയെടുക്കാന്‍ എന്റെ ക്യാമറ പരാജയപ്പെട്ടു.
.  നക്കിയെടുത്ത പോലെ പാറയില്‍ നിന്നും മണ്ണ് അട്ടിയായി ഒലിച്ചു താഴേക്കു .അങ്ങ് ദൂരെ തടത്തിലൂടെ അത് നാശം വിതച്ചു പാഞ്ഞു. പൂമാല ഹൈസ്കൂളിന്റെ അടുത്ത് വരെ അത് എത്തിയോ  ഞാന്‍ താഴ്വാരത്ത്തിലേക്ക് കണ്ണുകള്‍ പായിച്ചു. അതാ സൂക്ഷിച്ചു  നോക്കിയാല്‍ കാണാം. ചെളിയും മണ്ണും പാറകളും  ചേര്‍ന്ന ഒഴുക്കിന്റെ അടയാളം .. കയറ്റം - ഇടുക്കിയിലെ റോഡിന്റെ സഹജമായ ധര്‍മം പോലെ അനുഗ്രഹിച്ചു . ആഴമുള്ള കാഴ്ചകള്‍ ഇരു വശത്തും മാറി മാറി വന്നു.
ഒരു കൌതുകം റോഡിന്റെ നടുവില്‍ കയറി സ്ഥാനം പിടിച്ചു . ഞങ്ങള്‍ ഒഴിഞ്ഞു നീങ്ങി. അതൊരു കിണറാണ്. പാതയ്ക്ക് വീതി കൂട്ടുമ്പോള്‍ ജലസ്രോതസ്സുകള്‍ പരിരക്ഷിക്കപ്പെടണം    എന്ന കരുതല്‍ കൊണ്ടാവും ഈ കിണര്‍ രക്ഷപെട്ടത്. എങ്കിലും അതിനൊരു ഒറ്റപ്പെടല്‍ ഉണ്ട്. ആര്‍ക്കു വേണ്ടി ഈ വളവില്‍ കഴിയണം? 
ദാഹിച്ചു പരവശനായി വരുന്ന ഒരു ഭിക്ഷു  ..
ഇല്ല ഒരു മാതംഗിക്കും കോരാനാവില്ല .
കയറും പാളയും എവിടെ?
തൊണ്ട വരണ്ടാലും കാരുണ്യ ജലം നല്‍കാന്‍ ആവാത്ത നിസ്സഹായത ..ഒരു പക്ഷെ നമ്മെ വികസനത്തിന്റെ മറുവശം ഓര്‍മപ്പെടുത്താനാകും ഈ കിണര്‍ ജന്മം.
ഒരു നീലിമ വെട്ടി മറഞ്ഞ  പോലെ ഞാന്‍ തിരിഞ്ഞു നോക്കി .
" പുഷ്പതാലവുമായി കാത്തു നില്‍ക്കുകയായിരുന്നു എന്നിട്ടും കണ്ട ഭാവം നടിക്കാതെ പോകയാണ് ഇല്ലേ ?" ആ വൃക്ഷത്തിന്റെ ആത്മഗതം എനിക്ക് വായിച്ചെടുക്കാമായിരുന്നു .വേഗതയില്‍ നാം അവഗണിക്കുന്ന വലിയ കാര്യങ്ങള്‍ . ആ വളവും മരവും മറ്റൊരു യാത്രികനു ഒന്നുമാവില്ലായിരിക്കും എങ്കിലും എനിക്ക് അതിനോടൊരു മമത

ഇടുക്കി മലമടക്കുകള്‍ക്കിടയില്‍   ജലം തളം കെട്ടിക്കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും കയറിയും ഇറങ്ങിയും . ചെമ്മണ്ണും പുല്‍പച്ചയും ജലനീലയും  ചേര്‍ന്ന് ഒരു ചാരുദൃശ്യം ഒരുക്കി. കുളമോ മാവോ കണ്ടില്ല .
കുളമാവ് ഒരു മരമാകുക .മരം ഒരു അണക്കെട്ടിന്റെ പേരാവുക..പേരിന്റെ വേരുകള്‍ ..


ഇറങ്ങി ഒന്ന് കുളിച്ചാലോ .കെട്ടിക്കിടക്കുന്ന ജലത്തിന് തണുപ്പ് കൂടും. കുളിരിന്റെ തീവ്രമായ സ്നേഹത്തില്‍ മുങ്ങാം ..മോഹത്തില്‍ മുങ്ങാനെ കഴിഞ്ഞുള്ളു ഡ്രൈവര്‍ ഹോണ്‍ മുഴക്കി. ദൂരവും സമയവും അവര് കൂടിയാണ് നിശ്ചയിക്കുക.

ദൂരെ നിന്നും  ഇടുക്കി ഡാം കണ്ടു.  പിന്നെ അടുത്തേക്ക്  പോയി .ഇനി ക്യാമറ കണ്ണടയ്ക്കണം. 
കണ്ണടച്ചപോള്‍ കുറവനും കുറത്തിയും.. കായ്കനികള്‍ തിന്നു കാനനത്തിലൂടെ  കളിപറഞ്ഞു നീങ്ങുകയാണ്..
അപ്പോള്‍ ജലത്തില്‍ ഓളക്കം  . അവര്‍ എത്തി വലിഞ്ഞു നോക്കി .
ജലലീലയില്‍ മുഴുകിയ രണ്ടു ഉടലുകള്‍ .
ശ്രീപരമേശ്വരനും പാര്‍വതിയും- പരിസരം മറന്നു പ്രണയം കൊണ്ട് ജലരതികളുടെ കൈലാസം തേടുകയാണ്.
ശ്രുംഗാരത്ത്തിന്റെ ത്രിശൂലമുനക്ളില്‍ പുളഞ്ഞു ഹര്ഷോന്മാദത്തില്‍  നിമീലിതമാകുന്ന കണ്ണുകളില്‍ ഭാവം മാറിയത് പെട്ടെന്നായിരുന്നു.
മരങ്ങള്‍ക്ക്  മറവില്‍ കുറവനും കുറത്തിയും !?
പാര്‍വതി ഇണയുടെ ഉടല്‍ മവിലേക്കൊതുങ്ങി.
മൂന്നാം കണ്ണിന്റെ കോപം . ശാപം  
"കല്ലായി പോട്ടെ .."
അങ്ങനെ കുറവനും  കുറത്തിയും മൂകശിലകളായി   
രണ്ടു വലിയ പാറകള്‍ . പരസ്പരം തൊടാനാകാത്ത വിധം അവരെ വേര്‍പെടുത്തി ക്രൂരമായി ജലപ്രവാഹം. അതില്‍ അവരുടെ കണ്ണീര്‍ വീണിട്ടുണ്ടാകും.
ഒടുവില്‍ മോക്ഷം 
ചെമ്പന്‍ കൊലുംപന്‍ തൊള്ളായിരത്തി മുപ്പതുകളില്‍ വഴികാട്ടാനെത്തി.
ഡബ്ലു ജെ ജോണ് അണക്കെട്ടിന്റെ സാധ്യത ആദ്യമായി കണ്ടെത്തി. ലോകത്തിലെ ഉയരം കൂടിയ ആര്‍ച്  ഡാമുകളില്‍ ഒന്ന്നിന്റെ മുന്നിലാണല്ലോ ഞാന്‍ ഇപ്പോള്‍ . അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഉയര്‍ന്ന എന്ജിനീയറിംഗ്  നിലവാരമുള്ള അണക്കെട്ടാണിത്.
പണ്ട് പെരിയാറും ചെറു തോണിയും വേലി കെട്ടിത്തിരിച്ചിരുന്ന  മലനിരകള്‍ ഇപ്പോള്‍ ജലാശയ സമാധിയിലായിരിക്കും.


 കേരളത്തിന്റെ വെളിച്ചം. ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം . ഇടുക്കി ഡാമിനെ കുറിച്ച് ചെറിയ ക്ലാസില്‍ പഠിച്ചത് ഓര്‍മവന്നു. 
ഞാന്‍ ഡാമിന്റെ ഉയരത്തിലേക്ക്  കണ്ണുകള്‍ പായിച്ചു. എനിക്ക് അതിന്റ മുകളില്‍ പോകാന്‍ ആഗ്രഹം.
ചില സമയത്ത് മാത്രം അനുവാദം കിട്ടുമത്രേ .ഓണക്കാല ടൂറിസം  .പാതാളത്തില്‍ നിന്നും മാവേലി വരുമ്പോള്‍ കാണാനാകും.
കട്ടപ്പന കഴിഞ്ഞപ്പോള്‍ മഴ പൊട്ടിവീണു. ഇടുക്കിയിലെ മഴ ഒറ്റയ്ക്ക് വരില്ല ഇരുളും തണുപ്പും മൂടല്‍ മഞ്ഞും ഒക്കെ അകമ്പടിയുണ്ടാകും .ഈ മഴയില്‍ ഇറങ്ങിയാലോ  . 'ചരലുകള്‍ പോലെ ശരീരത്തില്‍ വെള്ളത്തുള്ളികള്‍ വീണു .ശിരസ്സില്‍ മഴയുടെ വിരലുകള്‍ പരതി.നെറുകയില്‍ മുത്തമിട്ടു ജലകണികകള്‍ തുളുമ്പി . കിടികിടുത്ത് ഉടലിലൂടെ വര്‍ഷ പ്രവാഹം .കാറ്റ് കൊണ്ട് വീശി കുസൃതി  കാട്ടിയും പേടിപ്പിച്ചും .. .കഴുത്തിലൂടെ ഉറഞ്ഞു  പോകുന്ന തണുപ്പ് ഷാളിട്ടു..' എന്ന് എഴുതാമായിരുന്നു ആ മഴ നനഞ്ഞിരുന്നെങ്കില്‍ 
കല്ലാറില്‍ നിന്നാണ് രാമക്കല്‍ മേട്ടിലേക്കു തിരിയേണ്ടത്‌. മഴ വഴി മാറിത്തന്നു
 അന്തരീക്ഷത്തില്‍ കാറ്റിന്റെ കുതിപ്പ് .മലയാള ദേശത്തെ  കാറ്റുകളില്‍ പെരുമ  കൂടുതല്‍ ഉള്ളതിനാലാണ് എനിക്ക് ഇവിടെ എത്തേണ്ടി വന്നത്. കാറ്റാടിപ്പാടം .എന്തൊരു കാവ്യാത്മകം  ഈ പേര്.  കൂറ്റന്‍ കാടാടികള്‍ പാടം കൊയ്യുന്നുണ്ടായിരുന്നു. ഇടുക്കിയില്‍ കാറ്റിനെയും ജലത്തെയും പിടിച്ചു കെട്ടി വെളിച്ചമാക്കുന്ന മാനവകര്‍മം. കാറ്റാടിപ്പാടം വിട്ടു രാമക്കല്‍ മേട്ടിലേക്കു വണ്ടി നീങ്ങി.
സന്ധ്യ ആകുന്നു. 

ഒരു വിലാപത്തിന്റെ ഭാവം 
ത്രേതായുഗത്തോളം നീണ്ട ഒരു കണ്ണി .
പ്രിയ സീതയെ തേടി രാമന്‍ വിലപിച്ചു അലഞ്ഞു തിരിഞ്ഞു ഒടുവില്‍ ഈ മേട്ടില്‍ എത്തി .സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുനൂറു അടി ഉയരമുള്ള ഈ മേട്ടില്‍ നിന്നാല്‍ എട്ടു ദിക്കും കാണാം. വിരഹിയായ രാമന്‍ പ്രതീക്ഷയോടെ നോക്കി അങ്ങ് ചുവപ്പ് ചേലയുടെ നിറം. ! അത് കാട് പൂത്തതായിരുന്നു. മറ്റൊരിടത്ത് ആരോ കേണു നിലവിളിക്കുന്നപോലെ ..സീത! അത് കുയിലെന്റെ ശോകഗാനമായിരുന്നു.. ആകാശം ഇരുളുവോളം വെന്ത മനസ്സുമായി രാമന്‍ . 
രാമന്‍ ഇരുന്ന കല്ലു .രാമക്കല്ല് . രാമക്കല്ലുള്ള മെട് രാമക്കല്‍ മേട്. ശരിയാണ് ഇവിടെ ഈ സന്ധ്യില്‍ ആരും സ്നേഹ സാനിദ്ധ്യം കൊതിക്കും .അത് കേള്‍ക്കെ കാറ്റു നമ്മുടെ ഹൃദയം ഏറ്റെടുത്തു മന്ത്രിക്കും
കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരൂ
പ്രണയതരംഗവടിവിലൂടെ അരുണോദയം പോല്‍  .


 അവിടെ കുറവനും കുറത്തിയും .കുഞ്ഞിനെ മുലയൂട്ടുകയാണ് കുറത്തി .അരികള്‍ മറ്റൊരു കിടാവുണ്ട്. 
ഒരു കോഴി കുറവന്റെ കയ്യില്‍ . ഇടുക്കിയില്‍ ശാപം വാങ്ങിയ ഇവര്‍ ഇവിടെ സകുടുംബം വാഴുന്നു. ശിലകളായി . സാക്ഷികളായി ദൂരെ കാറ്റാടികള്‍.
അപ്പുറം തമിഴാണ് .കമ്പം തേനി..
നഗര വെളിച്ചങ്ങള്‍ നക്ഷത്രങ്ങള്‍   പോലെ ദൂരെ തെളിയാന്‍ തുടങ്ങി
ഇരുള്‍  കൂടി വന്നു. പാണ്ഡവന്‍പാറയും   അവിടെയുള്ള പുരാതന ക്ഷേത്രവും ഈ യാത്രയില്‍ അനുവദിക്കപ്പെട്ടില്ല .
(തുടരും  )
--------------------------------------------------
 അടുത്ത ലക്കം 
ബോഡി മേട്, മൂന്നാര്‍ ,മാട്ടുപ്പീടി കുണ്ടള ഇരവികുളം

Monday, October 31, 2011

ഗംഗയുടെ മനസ്സില്‍ നോവുണ്ട്

എനിക്ക് ഗംഗ ഒരാഗ്രഹം ആയിരുന്നു. കുട്ടിക്കാലം മുതല്‍ കേട്ട ഗംഗ. അപദാനങ്ങളില്‍ അത് നിറഞ്ഞൊഴുകി
   പാടലീപുത്രത്തില്‍ ഇറങ്ങുമ്പോള്‍ കണ്ടു വിശാലമായ ജലപ്പരപ്പ്. പാട്നയിലെ പ്രഭാതത്തില്‍ ഗംഗ പ്രലോഭിപ്പിച്ചു എന്നെയും..

 അപരിചിത  വഴികളിലൂടെ ഓട്ടോ റിക്ഷ നീങ്ങി. ചൂട് തുടങ്ങുന്നേയുള്ളൂ..കലക്ടരെറ്റ് ഘട്ട്  അവിടെ  ഇറങ്ങി .വരവേല്‍ക്കാന്‍ മഞ്ഞപൂക്കള്‍ .പ്രാര്‍ഥനയുടെ ഏകാഗ്രതയില്‍ ചിലര്‍ സ്വയം മറന്നു നില്‍ക്കുന്നത് കണ്ടു. ഞാന്‍ ചുവടുകള്‍ വച്ചു..
 
---- തിരക്കുണ്ട്‌. ആളുകള്‍ ഗംഗയില്‍ പാപങ്ങള്‍ കഴുകി കളയുകയാണോ..  എന്തോ ആരുടേയും മുഖത്ത് പാപ ബോധം കണ്ടില്ല.. എങ്കിലും ഒരു സ്നാനം നല്ലതാണ്.നദികള്‍ നല്‍കുന്ന സ്നേഹം ..അതിന്റെ ആഴവും പരിശുദ്ധിയും കണ്ണടച്ച്  മുങ്ങുമ്പോള്‍ മാത്രമുള്ള അനുഭവം.

ഒരാള്‍ കുടയും ചൂടി ഇരിക്കുന്നു.പുഴയില്‍ കുളിക്കാന്‍ വരുന്നോരെന്തിനാ കുട കൊണ്ട്  വരുന്നത്?. എനിക്ക് മനസ്സിലായില്ല .ഒരു പക്ഷെ അയാള്‍ പകലന്തിയോളം ഈ കടവില്‍ കാണും..പൂജാ ദ്രവ്യങ്ങലോ മറ്റോ വിറ്റു പോറ്റാനായിരിക്കും ..
--അടുത്ത് ചെന്നപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞു വന്നത്..അല്ലെങ്കിലും അടുക്കാതെ അറിയാന്‍ പറ്റില്ലല്ലോ
ആണും പെണ്ണും എല്ലാം ഉണ്ട് .അവര്‍ പിതൃക്കളെ ,കര്‍മ ബന്ധങ്ങളെ, ജന്മപാപങ്ങളെ, നേര്‍ന വാക്കുകളെ ഓര്‍മയില്‍ കൊണ്ട് വന്നു പൂക്കള്‍ ചേര്‍ത്ത് ഗംഗയ്ക്ക് നിവേദിക്കുകയാണ്.
ഗംഗാ സ്നാന്ത്തിന്റെ മറ്റൊരു മുഖം..
വെള്ളത്തില്‍ കൂപ്പുകുത്തിയതാരാ  ?
ഒരു കുട്ടി അവന്റെ ഉന്മേഷം ആ കുതിപ്പില്‍ കാണാം ..ഞാന്‍ ക്ലിക്ക് ചെയ്തു.
എന്റെ സാന്നിധ്യം അവര്‍ പരിഗണിച്ചില്ല. അല്ലെങ്കില്‍ അവര്‍ അറിയാതെ ഞാന്‍ അതെല്ലാം ഒപ്പിയെടുത്തു..ഒരു പെണ്‍കുട്ടി കാരണം മറിഞ്ഞു നദിയിലേക്ക് ..കുട്ടികളുടെ ഗംഗ എനിക്ക് മുമ്പില്‍ വിശാല മനസ്സോടെ ..
അടുത്ത ചാട്ടം അതിന്റെ സൌന്ദര്യത്തില്‍ മികച്ചു നിന്ന്. ഈ വ്യത്യസ്തത കൊണ്ടാകും മാതൃ സവിശേഷമായ ഭാവത്തോടെ  ഈ കുസൃതി ക്കുരുന്നുകളെ ഗംഗ ലാളില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും..
ശൂന്യതയുടെ   ആഴത്തില്‍ ഈ കുട്ടികള്‍ നീന്തിക്കയറുമോ ? 
--പൂജയുടെ ഒരു ചിത്രം ഞാന്‍ എടുത്തു. ഒരു ബിഹാരി തിരിഞ്ഞു നോക്കി .ആരെടാ ഇവന്‍ എന്ന ഭാവത്തില്‍.. 

ഈ വാര്‍ദ്ധക്യം കൊളുത്തിപ്പിടിച്ചു..ആ മുഖം കണ്ടോ..ജാഗ്രതയോടെ കെട്ടഴിച്ചു ഒരുക്കം തുടങ്ങുകയാണ്.. വൈവിധ്യമുള്ള ഇത്തരം കാഴ്ചകള്‍ ഏതു കടവിലും കാണില്ല. ..ഇനി മടങ്ങണം. ഗംഗയില്‍ ഇറങ്ങി നിന്ന്. കാലുകളിലേക്ക് തണുപ്പ് ചുറ്റി ഒഴുകി.
തിരിച്ചു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കുന്നത് നമ്മുടെ പ്രകൃതം ആകാം..ഇനി ഇവിടെ വരില്ലല്ലോ ..ഒരു അവസാന കാഴ്ച. ഗംഗയിലെക്കുള്ള പടവുകളില്‍ എന്റെ കാലപാടും ഉണ്ട്..
വെളിയില്‍ അമ്മമാര്‍ .. ഇതിലാരാന് ഗംഗാ മാതാവ് . എനിക്ക് സംശയം. ഒഴുകിപ്പോയ ജീവിതത്തില്‍ കുത്തൊഴുക്കില്‍ അനാഥമായ തീരങ്ങളില്‍ അടിഞ്ഞു കൂടിയ മാതൃത്വം.
സന്ദര്‍ശകര്‍ നല്‍കുന്ന ദയയുടെ ഒരു പിടി അന്നം. അല്ലെങ്കില്‍ ഒരു തുട്ട്..അതി രാവിലെ മുതല്‍ അമ്മമാര്‍ കാത്തിരിക്കുകയാണ് മരിച്ചു പോയ മക്കള്‍ വരും .പിതൃക്കളെ .പരമ്പരകളെ തൃപ്തിപ്പെടുത്താന്‍. അതിന്റെ ഉച്ചിഷ്ടം മോഹിച്ചു നിരന്നിരിക്കുന്നു ഗംഗ ..

അമ്മമാര്‍ പിതൃക്കളെയും  പാരേതാല്‍മാക്കളെയും  ശപിച്ചോ അനുഗ്രഹിച്ചോ അന്നം തേടുന്നു?
പുണ്യനദിയുടെ  തേങ്ങല്‍ .അത്  ഓരോ വീട്ടിലും സൂക്ഷിക്കണം. ഗംഗാജലത്തിന് മലിനമാക്കപ്പെട്ട മക്കളുടെ മനസ്സുകളില്‍ ഒഴുകുന്ന നീതി ബോധമില്ലാത്ത ചാലുകളുടെ ചേരുവ കൂടി ഉണ്ട്. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട അഞ്ചു നദികളില്‍ ഒന്ന് ഗംഗയാണത്രെ ..
കാഴ്ച്ചയുടെ നനവിലൂടെ വീണ്ടും ദൂരെ ഗംഗ.
ഗംഗാ സ്നാനം -പാപമില്ലാത്ത നീരൊഴുക്കില്‍ പാപികളുടെ ഏറ്റു പറച്ചില്‍ ...ഞാന്‍ ഓര്‍ത്തു ...

 അമ്മമാര്‍ക്ക്  ഭിക്ഷയാണ്‌ ഗംഗ
ഗംഗാ ദേവി- ഇത്രയും ജലം- അതിന്റെ പൊരുള്‍ ഇതാവും ..
Tuesday, October 18, 2011

മേഘമനസ്സിലൂടെ ഒരു യാത്ര

 
മൂന്നു  മാസം മുമ്പാണ് അത് സംഭവിച്ചത്..
ഉച്ച കഴിഞ്ഞു പകല്‍ ആറാന്‍ തുടങ്ങിയപ്പോള്‍ ട്രെയിനില്‍ ചെങ്ങനൂരില്‍ നിന്നും കയറി. കോട്ടയം കഴിഞ്ഞു.
അപരിചിത നിര്‍വികാര  മുഖങ്ങള്‍ .. ഒരു മടുപ്പ് .
.ഞാന്‍ എഴുന്നേറ്റു വാതിലിന്റെ കാറ്റ് വാക്കില്‍ നിന്നുകൊടുത്തു.. അപ്പോഴാണ്‌ അവരുടെ മനസ്സുകള്‍ കണ്ണില്‍പെട്ടത്‌.. 
ക്യാമറ പോക്കറ്റില്‍ അക്ഷമ പ്രകടിപ്പിച്ചു.

കാറ്റ് പായല്‍ വകഞ്ഞു മാറ്റിയിട്ടു കളം ഒരുക്കിക്കൊടുത്തു.  ജലപ്പരപ്പിലേക്ക് മേഘം എത്തി നോക്കി.
.ജലം ആകാശത്തോട് എന്തോ പറഞ്ഞു .
അത് കേള്‍കാന്‍ തെങ്ങുകള്‍ നിശ്ചലരായി 
ഞാന്‍ അത്ഭുതപ്പെട്ടു. 
ആകാശമേഘങ്ങളെ ജലം നെഞ്ചില്‍ ചേര്‍ത്തപ്പോള്‍ വര്‍ണ വ്യത്യാസം. അല്ലെങ്കിലും നാം ആരുടെയെങ്കിലും മനസ്സ് ഏറ്റു വാങ്ങുമ്പോഴാണ് സുഗന്ധസുവര്‍ണം കാണാന്‍ ആകുക. 
കവിളുകള്‍ തുടുക്കും..
ക്രമേണ ജലാശയം വാടി.
കണ്ടു നില്കാനാവാതെ കാറ്റ് മാറി നിന്നു. ദുഖത്തിന്റെ ഇരുളിമ    
അല്‍പ സമയം കഴിഞ്ഞില്ല .
സമാശ്വാസത്തിന്റെ വെളിച്ചം കൊണ്ട് തലോടാന്‍ ആകാശം  ശ്രമിച്ചു. 
പക്ഷെ കുറുമ്പ് മാറ്റാന്‍ കഴിഞ്ഞില്ല 
യാത്ര പറയുകയാണ്‌ .. 
ഞാന്‍ നിന്നിലും നീ എന്നിലും ഉണ്ടെന്നു അല്ലെങ്കില്‍ നീയാണ് ഞാന്‍  എന്ന് പറഞ്ഞു മേഘവും ജലവും  കൈകള്‍ കോര്‍ത്തു ..
വിരല്‍സ്പര്‍ശം അറ്റ് പോകാതെ ..
ഇരുളിന്റെ എണ്ണമറ്റ ശാഖകള്‍ ..
അവ വേര്‍പെടുത്താന്‍ ആകാത്ത വിധം ഇഴ പാകാന്‍ തുടങ്ങി.  
പ്രഭാതത്തിന്റെ പ്രാസാദം പനിനീര്‍ കുടഞ്ഞു ഉണര്‍ത്തും വരെ മിഴികള്‍ കൂപ്പാന്‍ ഇലകള്‍ ഒരുങ്ങി. 
ഈ കാഴചകള്‍ എന്നില്‍ വൈകാരികമായ ഒഴുക്ക് കൂട്ടി. 
ഒരു ഒറ്റപ്പെടല്‍ . 
എന്റെ പുലരി ..എന്റെ സന്ധ്യ . 
എന്റെ പ്രകാശം . 

Sunday, October 2, 2011

നളന്ദയിലെ ഒരു പകല്‍

അറ്റ് പോയ വേരുകള്‍ പോലെ ആലംബം നഷ്ടപെട്ട തകര്‍ന്ന കെട്ടിട സമുച്ചയങ്ങളില്‍  അസംഖ്യം  സ്തൂപങ്ങളുടെ ചുവടുഭാഗം...
താങ്ങി നിറുത്തിയ വിജ്ഞാന വിതാനങ്ങള്‍ ഓര്‍മയില്‍ ..

അടുത്ത് നില്‍ക്കുമ്പോള്‍ നളന്ദയുടെ പുരാതന പ്രൌഡി കാറ്റില്‍ ഇപ്പോഴും വിശ്വ വീക്ഷണം പ്രസരിപ്പിക്കുന്ന അനുഭവം.

ചരിത്രത്തിന്റെ   ഇടനാഴികളില്‍ എന്നോ തുര്‍ക്കികള്‍ തകര്‍ത്ത ഈ വിശ്വ വിഖ്യാത വിദ്യാകേന്ദ്രം ...
പാതി നിഴല്‍ വീണ പാതയില്‍ ഞാന്‍ ചുവടുകള്‍ വെക്കുമ്പോള്‍ അഗ്നിയില്‍ വെന്തു പോയ ഭിക്ഷുക്കളുടെ നിലവിളി നൂറ്റാണ്ടുകള്‍ക്കു അപ്പുറത്ത് നിന്നും കാതുകളില്‍ മുഴങ്ങി
അസംഖ്യം ഗ്രന്ഥ കെട്ടുകള്‍ കരിഞ്ഞുരുകുന്ന മണം
..
അധിനിവേശങ്ങള്‍ അവശേഷിപ്പിക്കുന്നത് പൊട്ടി ഒഴുകുന്ന വിലാപങ്ങളുടെ മഹാനദി ..
ചുവന്ന ഇഷ്ടികകള്‍ ..ഇത്  സജീവമായിരുന്നു. അതിരുകള്‍ കടന്നു അറിവ് തേടി എത്തിയ പഠിതാക്കള്‍
വഴിയിലെ ഈ നനവ്‌.. ചരിത്രത്തിന്റെ  കണ്ണുനീരാകാം ..
പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ..രണ്ടായിരം അധ്യാപകര്‍  അവരെ ഒരേ സമയം ഉള്‍കൊണ്ട നളന്ദ..
മുറികളും വാതിലുകളും പടവുകളും ..
പുരാതനമായ വാസ്തുവിദ്യ. ഇടഭിത്തിയുടെ ഘനം..


കുറച്ചു കൂടി അടുത്ത് നോക്കുക..കല്ലുകളും കട്ടകളും പാകിയത്‌ ..ഉള്ളില്‍ തണുപ്പുള്ള മുറികള്‍ ..വായു സഞ്ചാരവും കിട്ടിയിരുന്നത്രേ..
നോക്കൂ അവിടെ പിന്നീടെന്നോ കൂട്ടിചേര്‍ത്തപോലെ കണ്ടോ ഇഷ്ടികകള്‍ അടുക്കിയിരിക്കുന്നത്..മൂന്നു തവണ തകര്‍ക്കാനുള്ള ശ്രമം നടന്നു രണ്ടു തവണ പുനര്നിര്മാനവും..

അവിടെ ചിതറിപ്പോയ പോലെ ബന്ധങ്ങള്‍ വേറിട്ട കെട്ടിട ഭാഗങ്ങള്‍ ..അംഗ ഭംഗം വന്നവ എങ്കിലും കാണാം അവയുടെ അവശേഷിക്കുന്ന അംശങ്ങളില്‍ നിര്‍മിതിയുടെ ചൈതന്യം.
ഓരോ കെട്ടിടവും കലാകാരന്മാരുടെ സൂക്ഷ്മധ്യാന സവിശേഷമായ  സമര്പണം .
ചുട്ടെടുത്ത   ഫലകങ്ങളില്‍   കൊത്തിവെച്ചതിലോക്കെ കാലം കരവിരുത്  ചേര്‍ത്തതോ.. വകതിരിവില്ലാത്ത സന്ദര്‍ശകര്‍ കൈവേച്ചതോ..ആക്രമണത്തിന്റെ ആഘാതത്തില്‍ മുഖം നെഷ്ടപ്പെട്ടതോ..
എല്ലാ ദിക്കുകള്‍ക്കും ദര്‍ശനംനല്കി ഒരു സ്തൂപം ..ബുദ്ധവിഗ്രഹത്ത്തിനു ഇടമൊരുക്കി അങ്ങനെ..ഇഷ്ടികകളുടെ ഓരോ അട്ടിയും ഞാന്‍ നിരീക്ഷിച്ചു..പുറത്തേക്ക് തള്ളിയും അകത്തേക്ക് ഒതുക്കിയും 
ഇടയകലം തോന്നിപ്പിച്ചും കോണുകളുടെ സൌന്ദര്യം ചേര്‍ത്തും വിവിധ രൂപങ്ങളുടെ അനുയോജ്യസന്നിവേശവും...

പതിനാലു ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നളന്ദ. ഞാന്‍ വിശാലമായ പ്രദേശം കൌതുകത്തോടെ നോക്കി  മരത്തണലില്‍  ഗാര്‍ഡുകള്‍ ഉണ്ട്.ചില പ്രദേശങ്ങള്‍ സംര്‍ക്ഷിതം.വിലക്കപ്പെട്ട അവിടങ്ങളിലേക്ക് പോകാനോ ഫോട്ടോ എടുക്കാനോ പാടില്ല
"കേരളത്തില്‍ നിന്നും വരികയാണ് ..ഇനി മറ്റൊരവസരം ഇല്ല .. പ്ലീസ് "
അതൊന്നും അവരുടെ കര്തവ്യ ബോധത്തെ സ്വാധീനിച്ചില്ല
ശരിയാണ് ഞാന്‍ അങ്ങനെ ചോദിച്ചു കൂടായിരുന്നു .സംരക്ഷണം   അതില്‍ അയവ് പാടില്ല.
പലയിടത്തും പല കാലങ്ങളിലെ കട്ടകള്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ ചുമരുകള്‍ ..അത് പിടിച്ചു നില്‍ക്കുകയാണ്. മനസ്സിലും കാലത്തിലും.അധിനിവേശത്തെ കുറിച്ച് ഇങ്ങനെ ഓര്‍ത്തു...ഉള്ളിലെ വെളിച്ചം നഷ്ടപ്പെടുമ്പോഴാണ്  പുറത്തെ വെളിച്ചവും ഊതിക്കെടുത്തുക. 
 

ഒരു കിണര്‍ ..അതിനു അരുതെന്ന് വിലക്കുന്ന മേല്മൂടി. ഇപ്പോള്‍ഒരു ബുദ്ധ ഭിക്ഷുവിന്‌ മുമ്പിലും ആ അമൃതജലം  കനിയുന്നില്ല.
വിജ്ഞാനത്തിന്റെ ഉറവകള്‍ എവിടെ? ഞാന്‍ ആഴത്തിലേക്ക് കാഴ്ച്ചയിറക്കി....ഇരുളിന്റെ മേല്‍ ചെടികള്‍ വളര്‍ന്നു മുഖം പൊത്തി ആ കിണര്‍ ഊമയായി. അതിന്റെ വശങ്ങള്‍ ..വിശാലമായ സംവാദ വേദിയിലെ സ്ഥാനം..വല്ലാത്ത നിരാശ എന്നെ പൊതിഞ്ഞു..

കിണര്‍ വീണ്ടും വിളിച്ചുവോ ..പിന്തിരിഞ്ഞു നോക്കി.അതെ കാഴ്ച ദയനീയം മഹാസര്‍വകലാശാലയുടെ   പായല്‍ പിടിച്ച   അസ്ഥികൂടങ്ങള്‍
ഇതാ ഒരു ആരാധനാമുറി. ഇതുപോലെ ഇനിയുമുണ്ട്. പഠിതാക്കളും ഗുരുക്കളും മനസ്സിലേക്ക് ശാന്തി മന്ത്രം തേവി തണുത്ത നിമിഷങ്ങള്‍
 

മുറിച്ചു വെച്ച പാദങ്ങള്‍ പോലെ കുറെ അവശിഷ്ടങ്ങള്‍ .. തൂണുകളുടെ ചുവടുകള്‍ കണ്ടാല്‍ അറിയാം മന്ദിരത്തിന്റെ ഗാംഭീര്യം..
മടങ്ങാം..ഉള്ളു മന്ത്രിച്ചു..വീതിയുള്ള ഭിത്തിയുടെ മേല്‍ കാലുകള്‍ വെച്ചപ്പോള്‍ ഇനിയും മരിക്കാത്ത ഇളം ചൂട്.. അറിവിന്റെ അഗ്നി അവശേഷിപ്പിച്ചതാവും..ഒരു അദ്ധ്യാപകനിലേക്ക് അത് പകരുന്ന പോലെ..
ഗയയില്‍ കണ്ട കാഴ്ചകള്‍ ഓര്‍ത്തു..ഗയയില്‍ നിന്നും മടങ്ങുന്ന വഴിക്കാഴ്ച്ചകളും ലോകത്തിനു വെളിച്ചം പകര്‍ന്ന നാട്ടിലെ കുട്ടികള്‍ ഇപ്പോഴും ഇരുട്ടിലാണല്ലോ 
അടുത്ത് ചരിത്ര മ്യൂസിയം ..അവിടേക്ക് നടക്കുമ്പോള്‍ ഒരു വലിയ മണി
 വിജനതയില്‍ നഷ്ടപ്പെട്ട ശബ്ദത്തിന്റെ ഓര്‍മ്മകള്‍ കുടിച്ചു അത് അവിടെ