വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 8, 2016

ഖജുരാഹോയില്‍ നമിക്കുന്ന സൂര്യകിരണങ്ങള്‍ചുവപ്പിന്റെയും മഞ്ഞയുടെയും മാസ്മരികച്ചേരുവയുളള ശിരോവസ്ത്രത്തിന്റെ നേര്‍മയിലൂടെ പ്രഭാതസൂര്യന്റെ പൊന്നിളംകിരണങ്ങള്‍ മുഖത്തുടിപ്പിലേക്ക്
ലയിക്കുന്നുണ്ടായിരുന്നു. മുഖകാന്തി പകുതിയോളം സാരിത്തലപ്പാല്‍ മറച്ച് നറുപുഷ്പങ്ങളിറുത്ത് അവള്‍ നടന്നു വന്നു. കല്പടവുകളിലേക്ക് കാലെടുത്തുവെക്കും മുമ്പേ എന്റെ ക്യാമറയ്ക് വേണ്ടി ഒന്നു നിന്നു.  
മുഖത്തേക്ക് പൂക്കളുടെ വിശുദ്ധി പടര്‍ന്നു .
ഫോട്ടോ എടുക്കാന്‍ അനുവദിച്ചുകൊണ്ട് അല്പം നേരം കൂടി നിന്നു. പിന്നെ പടവുകള്‍ കയറി.  
അവള്‍ പൂക്കള്‍ നിവേദിക്കാന്‍ വന്നതാണ്.  
എനിക്ക് കൗതുകം തോന്നി. അവള്‍ ഇവിടെ ആരെയാകും പൂജിക്കുക? എന്താവും അവളുടെ പ്രാര്‍ഥന?  
അവിടെ വാമനക്ഷേത്രത്തില്‍ അസംഖ്യം ദേവതകള്‍.. ദൈവികതയ്ക് മേല്‍ നഗ്നരൂപിണികളുടെ ശരീരത്തികവിന്റെ ശില്പചാരുത.  
ജീവിതത്തിന്റെ വ്യത്യസ്ത മോക്ഷമുഖങ്ങള്‍,  
പ്രാര്‍ഥനാ ഭരിതമായവ, പാതിയടഞ്ഞ് കണ്ണുകളില്‍ ഏകാഗ്രത  ആവാഹിച്ചവ, ദേവീകടാക്ഷത്തിന്റെ അനുഗ്രഹം നിറഞ്ഞവ, രതിലാസ്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ചാമ്പിമയങ്ങിയവ, ശ്രംഗാരതീവ്രവും അതിമോഹനവുമായ അനുഭൂതിയിലേക്ക് ലയിച്ചു പോയവ. ബുദ്ധധ്യാനമേറ്റു വാങ്ങിയവ... 
ആലോചനയില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ അവളെ കാണ്മാനില്ല!. 
അവള്‍ ശില്പചൈതന്യത്തിലേക്ക് വിലയം പ്രാപിച്ചുവോ?  
അതോ അവള്‍ ശില്പസ്വരൂപത്തില്‍ നിന്നും അല്പനേരത്തേക്ക് പ്രത്യക്ഷപ്പെട്ടതാകുമോ?

വടക്കേ ഇന്ത്യയിലെ ഏതു പുരാതനക്ഷേത്രത്തില്‍ ചെന്നാലും അതിശയോക്തിയുടെ അജണ്ട ചേര്‍ത്ത വ്യാഖ്യാനങ്ങള്‍ കിട്ടും. ഇവിടെയും അതു തന്നെ കേട്ടു. എണ്‍പത്തിയഞ്ച് ക്ഷേത്രങ്ങളുമായാണ് ഖജുരാഹോ അതിന്റെ പ്രതാപകാലം ആഘോഷിച്ചിരുന്നതത്രേ! ഖജുരാഹോ ശില്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ ഗില്‍ ഈ വാദം തളളിക്കളയുന്നു. വിശ്വസനീയമായ ചരിത്രത്തെളിവുകള്‍ ഒന്നും തന്നെ ഇതു സംബന്ധിച്ചില്ല. മുസ്ലീം അധിനിവേശകാലത്ത് എല്ലാം തച്ചുകര്‍ത്തു എന്നു പെരുപ്പിച്ച് പറയുമ്പോള്‍ അതിന് ഒരു വര്‍ഗീയസുഖം കൂടി കിട്ടുമായിരിക്കും.  
എല്ലാ ഭരണാധികാരികളും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അതത് ഭരണകാലത്ത് മതപരമായ ചായ്വുകളോടെ ഇടപെട്ടിട്ടുണ്ട്. വര്‍ത്തമാനകാല ഇന്ത്യ പോലും അതില്‍ നിന്നും വ്യത്യസ്തമല്ല. ഇന്നു നാം കാണുന്ന രീതിയിലുളള വലിയ ക്ഷേത്രനിര്‍മാണരീതി വടക്കേയിന്ത്യയില്‍ ആരംഭിക്കുന്നത് തന്നെ വളരെ വൈകിയാണെന്നു ചരിത്രം പറയുന്നു. അതും ബുദ്ധമതത്തിന്റെയും വിഹാരനിര്‍മിതിയുടെയും സ്വാധീനം മൂലവും. പ്രസിദ്ധമായ കാശിവിശ്വനാഥ ക്ഷേത്രം എത്ര ലളിതവും താരതമ്യേന ചെറുതുമാണെന്നത് ഓര്‍ക്കുക. കാശിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഖജുരാഹോയും കാശിയും തമ്മിലുളള പുരാവൃത്തബന്ധം തെളിഞ്ഞുവന്നത്.
ചന്ദേലയുടെ കഥ

കാശിയിലെ പൂജാരിയുടെ മകളാണ് ഹേമവതി. അസാധാരണസൗന്ദ്യധാമം. സുരലോകാംഗനകളെ വെല്ലുന്ന അംഗോപാംഗതീക്ഷ്ണത. സ്വര്‍ഗലോകത്തിന് അന്യമായ സ്ത്രീസൗന്ദര്യം ഭൂമിയില്‍ കണ്ടപ്പോള്‍ ഇന്ദ്രന് അസൂയ. പ്രാപിക്കാന്‍ പറ്റിയില്ലെങ്കില്‍ നശിപ്പിക്കുക എന്നത് ദൈവലോകത്തിന്റെയും മനശാസ്ത്രമാണെന്നു തോന്നുന്നു. ഇന്ദ്രശാപത്താല്‍ അതിസൗന്ദര്യവതിയായ ഹേമവതിയ്ക് പതിനാറാം വയസില്‍ വൈധവ്യം. അവളുടെ ശരീരത്തെ പാഴാക്കാനിതിലും വലിയ ശിക്ഷയുണ്ടോ? യുവവിധവയുടെ രാവുകളില്‍ ശരീരം ഓര്‍മകളെ അയവെട്ടി. ഒരു വേനല്‍ക്കാല പൗര്‍ണമിരാവില്‍ നിലാവിന്റെ സ്പര്‍ശനത്താല്‍ താമരക്കുളം വികാരപുളകിതമാകുന്ന നേരം. അന്തരീക്ഷത്തിന്റെയും ശരീരത്തിന്റെയും മനസിന്റെയും താപനില അതിരു വിട്ടപ്പോള്‍ അസഹ്യയായ അവള്‍ എല്ലാ പൂര്‍ണതയോടെയും ജലത്തില്‍ നീരാടാനിറങ്ങി അവളുടെ ശരീരവടിവ് നിലാവൊഴുകിപ്പടര്‍ന്ന ആകാശത്തെയും നിഷ്പ്രഭമാക്കി. കമഴ്ന്നും മലര്‍ന്നും നീന്തിത്തുടിച്ചപ്പോള്‍ പൂര്‍ണചന്ദ്രത്തികവുളള അര്‍ധഗോളങ്ങളെ തഴുകി ചിറ്റോളങ്ങള്‍ നിര്‍വൃതിപൂണ്ടു. നീണ്ട മുടിയിഴകള്‍ ജലതരംഗങ്ങള്‍ക്കൊപ്പം താളമായി. മേഘപാളികളെ വകഞ്ഞുമാറ്റി നിര്‍നിമേഷനായി പെണ്‍നിലാവിനെ ആസ്വദിച്ച ചന്ദ്രന്‍ നിയന്ത്രണാതീതനായി. നിലവിട്ട് നിലാവിരലുകള്‍ നീട്ടി ജലപാളികളെ നെടുകെപിളര്‍ത്തി അവളിലേക്ക് അഭൗമസൗന്ദര്യത്തിലേക്ക് കിനിഞ്ഞിറങ്ങി. ചന്ദ്രന്‍ അവളില്‍ മുങ്ങി മുഴുകി. അസാധാരണായ നിലാത്തിരയിളക്കത്തിനുളളില്‍ താമരത്തണ്ടുകളുടെ തലോടലിനും തഴുകലിനുമപ്പുറം കരുത്തുറ്റ അഭൗമശക്തി വാരിപ്പുണരുന്ന സ്വപ്നജലരതിയിലേക്ക് അവള്‍ ആനന്ദമായി മൂര്‍ഛിച്ചുകൊണ്ടേയിരുന്നു.

ഒന്നല്ല പലവട്ടം. ശരീരത്തിന്റെ ഓരോ കണികയിലും സംഭോഗശൃംഗാരത്തിന്റെ പൗര്‍ണമി വീണ്ടും വീണ്ടും ഉദിച്ചു. സോമസുധാസാഗരത്തിലേക്ക് ഹേമവതി ഒഴുകിപ്പോയി. മതിവരാത്ത കൊതിതീരാത്ത രാവിന്റെ അന്ത്യയാമത്തെ ഓര്‍മിപ്പിച്ച് ജലാശയം സ്ഥലകാലബോധത്തെ വീണ്ടെടുത്തു തളര്‍ന്നു ശാന്തമായി. താന്‍ പാപം ചെയ്തിരിക്കുന്നുവെന്ന് ഹേമവതി ഞെട്ടലോടെ തിരിച്ചറിഞ്ഞു. വികാരാസ്തമയവും വിവേകോദയവും. അവള്‍ക്ക് ആത്മനിന്ദ തോന്നി. വിധവയായ ‍താന്‍ ഗര്‍ഭിണിയാകുമ്പോള്‍ നാടിന്റെ നാവില്‍ പരിഹാസത്തിന്റെയും അവജ്ഞയുടെയും കൊളളിവാക്കുകള്‍ പിറക്കും. അമാവാസി ആശ്ലേഷിക്കുന്ന ശിഷ്ടജീവിതം. അവള്‍ ആശങ്ക പങ്കുവെച്ചു .കണ്ണു നിറഞ്ഞുതുളുമ്പിത്തൂവി. ഏതിരുളിനെയും നിലാവുകൊണ്ട് വിജയിക്കുന്ന ചന്ദ്രന് അവളുടെ മനസിലെ കാര്‍മേഘമാലകളെ നീക്കം ചെയ്യാനും കഴിയും . ഹൈമവതീ,നീ ഖ‍ജുരാഹോയിലേക്ക് പോവുക. നിന്നില്‍ നിന്നും ലോകം അറിയപ്പെടുന്ന പ്രജാപതിയുണ്ടാകും. കാശിയില്‍ നിന്നും ഖ‍ജുരാഹോയിലേക്കുളള ഈ പ്രയാണത്തിന് ഒരു നാടോടിക്കഥയുടെ കേവലാര്‍ഥത്തിനുമപ്പുറം മറ്റെന്തോ കൂടി പറയാനില്ലേ? മോക്ഷത്തിന്റെ രണ്ടു ബിന്ദുക്കളെ കൂട്ടി വരയ്കുന്ന ഒരു രേഖയാണ് ഈ കഥ എന്നു തോന്നുന്നു. ഏതായാലും ചന്ദ്രവംശപാരമ്പര്യം ചന്ദേല രാജവംശത്തിന് അവകാശപ്പെടാന്‍ ഏറ്റവും അനുയോജ്യമാണ് ഈ കഥ എന്നതില്‍ സംശയമില്ല. ചരിത്രത്തെ തമസ്കരിക്കാനാണ് ഇത്തരം കഥകള്‍ മെനയുന്നതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. വിശ്വാസം കൊണ്ട് ചരിത്രത്തെ മൂടിവെക്കാനുളള ശ്രമങ്ങള്‍ മതങ്ങളുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത് യാദൃശ്ചികമല്ല.
ഒമ്പതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിലാണ് ചന്ദേല രാജാക്കന്മാര്‍ നാടുവാണത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട മഹാത്ഭുതത്തിന്റെ തിരുമുറ്റത്താണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്! വാസ്തുവിദ്യയുടെയും ശില്പകലയുടെയും സമ്മോഹനസമ്മേളനം ഇവിടെക്കാണാം. ഈ ക്ഷേത്രശില്പ സൗന്ദര്യത്തെ സങ്കല്പാതീത ഭാവനയുടെ നിത്യനവ്യമായ പുരാതനസാന്നിദ്ധ്യം എന്നു വിളിക്കാമോ? ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഖജുരാഹോയുടെ മഹാദര്‍ശനത്തിനായി കലാസ്വാദകരും സാംസ്കാരിക പ്രവര്‍ത്തകരും ചരിത്രാന്വേഷികളും ഭക്തരും യോഗികളും ഭോഗികളുമെല്ലാമെത്തുന്നത് ഖജുരാഹോയുടെ ബഹുമുഖവശ്യത കൊണ്ടാണ്.  
ആയിരക്കണക്കിനു ശില്പങ്ങളാണ് പത്തിരുപത്തഞ്ച് ക്ഷേത്രങ്ങളിലായി നമ്മെ കാത്തിരിക്കുന്നത്.
ഖജുരാഹോയിലിറങ്ങിയപ്പോള്‍ പൊതിഞ്ഞത് കുറേ പുസ്തകവില്പനക്കാര്‍. ഇംഗ്ലീഷിലും ഹിന്ദിയിലമുളള ബഹുവര്‍ണ പുസ്തകങ്ങള്‍. അവയില്‍ ഖജുരാഹോയുടെ യഥാര്‍ഥചിത്രം നല്‍കുന്നവയുണ്ട്. കാമസൂത്രമാണ് ഖജുരാഹോ എന്ന തെറ്റിദ്ധാരണ പരത്തുന്നവയുമുണ്ട്. രതിക്രീഡയുടെ ശില്പങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ഖജുരാഹോയെ ചെറുതാക്കിക്കാണിക്കുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ മത്സരിക്കുന്നുണ്ട്. ആയിരക്കണക്കിനു ശില്പങ്ങളില്‍ പത്തു ശതമാനം മാത്രമേ മന്മഥലീലയെ ദൃശ്യവത്കരിച്ചിട്ടുളളൂ. തൊണ്ണൂറു ശതമാനത്തെയും അവഗണിച്ചുളള ഖജുരാഹോവ്യാഖ്യാനങ്ങള്‍ യാഥാസ്ഥിതിക മനോഭാവത്തിന്റെ കാപട്യത്തെ പ്രതിഫലിപ്പിക്കുന്നില്ലേ?
ഖജുരാഹോ ക്ഷേത്രങ്ങളെ നാലു വിഭാഗമായി തിരിക്കാം. കിഴക്കുവശത്തുളളവ, പടിഞ്ഞാറുളളവ, തെക്കുളളവ പിന്നെ ജൈനക്ഷേത്രങ്ങള്‍.. മഹാവീരന്റെ നഗ്നശില്പങ്ങള്‍ ധാരാളം. ദിഗംബരവിശ്വാസികളായ ജൈനരുടെ പാരമ്പര്യത്തിനും ദര്‍ശനത്തിനും ഖജുരാഹോ ക്ഷേത്രങ്ങളില്‍ ഇടമുണ്ട്. ഒന്നു രണ്ടു ശില്പങ്ങള്‍ ബുദ്ധന്റേതാണ്. ധ്യാനലീനനായ ബുദ്ധന്റെയും മഹാവീരന്റേയുമെല്ലാം ഇരുവശങ്ങളിലും ശരീരത്തിന്റെ ആര്‍ഭാടത്തെ മറയില്ലാതെ പ്രകടിപ്പിക്കുന്ന സ്ത്രീകളെ കൊത്തിവെച്ചിട്ടുണ്ട്. ജൈനരുടെ ചില പോസ്റ്ററുകള്‍ ക്ഷേത്രചുമരില്‍ കണ്ടു. സന്യാസികള്‍.അവരാകട്ടെ പിറന്ന മട്ടില്‍ നിഷ്കളങ്കതയോടെ അനുഗ്രഹമുദ്രകാട്ടി പ്രസാദിച്ച നിലയിലാണ്. ഒരു പക്ഷേ ആ ക്ഷേത്രത്തിലെ അന്തേവാസികളായ ജൈനസന്യാസിസമൂഹം ഇപ്പോഴും വസ്ത്രങ്ങള്‍ ധരിക്കാന്‍ മാത്രം വിലക്കപ്പെട്ട ആപ്പിള്‍ തങ്ങള്‍ കഴിച്ചിട്ടില്ലല്ലോ എന്ന തിരിച്ചറിവിലായിരിക്കും. ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരുമെല്ലാം നഗ്നതയെ ദൈവികതയായി കാണുന്നവരാണ്. വാരണാസിയിലെ കുംഭമേളയില്‍ ഇപ്പോഴും ഇത് പ്രകടമാണല്ലോ.ഖജുരാഹോയെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇന്ത്യയിലെമ്പാടുമുളള ലിംഗപൂജയെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. ലിംഗയോനീ സമന്വയപ്രതിഷ്ഠകളുടെ വ്യാഖ്യാനം പ്രപഞ്ചമാതാവായ സ്ത്രീയും ഊര്‍ജരൂപമായ പുരുഷനും തമ്മിലുളള ചേര്‍ച്ചയാണ് സൃഷ്ടിക്കാധാരമെന്നതാണ്. ശിവ ശക്തി സങ്കല്പത്തിന്റെ പിന്നില്‍ ഈ കാഴ്ചപ്പാടാണുളളത്. അതിനാല്‍ത്തന്നെ ക്ഷേത്രങ്ങളില്‍ സൃഷ്ടിയുടെ ചിത്രീകരണങ്ങള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറയില്ലാതെയും പ്രതീകാത്മകമായും. ശ്രീചക്രത്തിലെ ഊര്‍ധമുഖ ത്രികോണം പുരുഷനേയും അധോമുഖത്രികോണം സ്ത്രീയെയും പ്രതിനിധാനം ചെയ്യുന്നു. ഇവയുടെ സംയോഗരൂപമായി ഷഡ്കോണവും അതിനെ ചുറ്റി സഹസ്രാരപത്മവും ഇന്നും ആരാധനാവസ്തുവാണ്. താന്ത്രികമതത്തിന്റെ ഭാഗമായി ഇവയെ കാണേണ്ടതുണ്ട്. മൂലാധാരത്തില്‍ നിന്നുണര്‍ന്ന് ചരുളുകളായി ഉയര്‍ന്ന് സഹസ്രാരപത്മത്തിലെത്തിച്ചേരുന്ന ശക്തിവിശേഷത്തിനു വേണ്ടിയുളള അര്‍ഥനയുടെ വിവിധപ്രയോഗരൂപങ്ങള്‍ക്ക് ലൈംഗികതയെ മാറ്റി നിറുത്താനാകില്ല. ഇതിവിടെ പറയേണ്ടി വരുന്നത് ഖജുരാഹോയെ ഭാരതീയ പാരമ്പര്യത്തിന്റെയും ദര്‍ശനത്തിന്റെയും സാമൂഹിക വ്യവസ്ഥയുടെയും പശ്ചാത്തലത്തില്‍ നോക്കിക്കാണമെന്നു സൂചിപ്പിക്കാനാണ്. കാഴ്ചകളെ ചരിത്രപരമാക്കുക എന്നത് വളരെ പ്രധാനമാണ്. അങ്ങനെ ചിന്തിക്കാത്തവര്‍ക്ക് ഇവ കേവലം കാമക്കൂത്തുകളായി അനുഭവപ്പെടാം.താന്ത്രിക പൂജ പല രാജാക്കന്മാരും വളരെ പ്രാധാന്യത്തോടെ നടത്തിയിരുന്നു . പാട്യാല രാജാവ് മുന്നൂറ് സ്ത്രീകളെ കൊട്ടാരത്തില്‍ പാര്‍പ്പിച്ച് മറയില്ലാത്ത ലൈഗികപ്രക്രിയയിലൂടെ പൂജ നടത്തിയതായി രേഖകളുണ്ട്. താന്ത്രികമതത്തിന്റെ പ്രതിഫലനം എന്ന നിലയില്‍ ഖജുരാഹോ ശില്പങ്ങളെ വിലയിരുത്താവുന്നതാണ്. വേദമതസ്വാധീനവും ഇവിടെ പ്രകടം.
എന്തുകൊണ്ട് സ്ത്രീരൂപങ്ങളുടെ ആധിക്യം എന്ന ചോദ്യവും ഉയരുന്നുണ്ട്. ശില്പികള്‍ പുഷന്മാരായിരിക്കാം. അവരുടെ കണ്ണിലൂടെ കണ്ട സൗന്ദര്യം അവരെ ആകര്‍ഷിക്കുനതായിരിക്കുമല്ലോ. സ്ത്രീശില്പികളുടെ വീക്ഷണം എന്താണെന്നറിയാനും മാര്‍ഗമില്ല. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ അവസരനിഷേധം തടസ്സം തന്നെ.മറ്റൊരു കാരണം രാജവാഴ്ചയുടെയും ജന്മിത്വത്തിന്റെയും കാലഘട്ടത്തില്‍ സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ അഴകളവുകളില്‍ തളച്ചിടപ്പെട്ടിട്ടതാകാം. എന്തിന് കേരളത്തില്‍ മണിപ്രവാളസാഹിത്യം ഒരു കാലത്ത് ശക്തമായിരുന്നല്ലോ. മേദിനീവെണ്ണിലാവിന്റെ അഴകും വൈഭവവും വര്‍ണിക്കാന്‍ കവികള്‍ക്ക് മടിയില്ലായിരുന്നു. സാഹിത്യവിദ്യാര്‍ഥിക്ക് മണിപ്രവാളത്തെ ഒഴിവാക്കി മുന്നോട്ട്പോകാനാകില്ല. അതേ പോലെയാണ് വാസ്തുവിദ്യായുടെയും ശില്പകലയുടെയും പാരമ്പര്യത്തില്‍ ഖജുരാഹോയ്കുളള സ്ഥാനം
സ്ത്രീരൂപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖജുരാഹോ ക്ഷേത്രങ്ങള്‍ ഇക്കാര്യത്തില്‍ ധാരിളത്തം കാട്ടിയിട്ടുണ്ട് എന്നു പറയാതിരിക്കാനാകില്ല. നിര്‍മാണവസ്തുവിന്റെ വഴക്കമാണ് സൂക്ഷ്മഭാവത്തെപ്പോലും പ്രതിഫലിപ്പിക്കും വിധം സുന്ദരികളെ സൃഷ്ടിക്കാന്‍ അനുഗ്രഹിക്കപ്പെട്ടത് എന്നു തോന്നുന്നു. മണല്‍ക്കല്ല് (sand stone/बलुआ पत्थर/மணற்கல்)
) ധാരാളമായി ലഭിക്കുന്ന പ്രദേശമായതും ഖജുരാഹോയുടെ നിര്‍മാണത്തിനു പിന്തുണയേകിയ ഘടകമാണ്. എല്ലാ ഭാവങ്ങളും അതിന്റെ തീവ്രത ഒട്ടും ചോരാതെ ആവിഷ്കരിക്കാന്‍ ശില്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നോക്കൂ ഈ മിഥുനങ്ങളെ . അവളുടെ ചുണ്ടുകള്‍ ആഗ്രഹിക്കുന്നതും അവന്റെ അനുകൂലപ്രതികരണവും .വിവസ്ത്രതയിലേക്കുളള വികാരവിവശമായ മൂഹൂര്‍ത്തമാറ്റത്തിന്റെ അത്യപൂര്‍വ ദൃശ്യാവിഷ്കാരം. 
ഖജുരാഹോയിലെ സ്ത്രീകളില്‍ ദേവതകളുണ്ട് .അപ്സരസുകളുണ്ട്. സുരസുന്ദരിമാരുണ്ട്. നര്‍ത്തകിമാരുണ്ട്. സാലഭഞ്ജികമാരുണ്ട്.ദേവദാസികളുണ്ട്. നാഗകന്യകമാരുണ്ട്.
 മൂലോകത്തെയും സ്ത്രീകളെ പകര്‍ത്തിവെക്കുമ്പോള്‍ വിവേചനപമായി സമീപിച്ചിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം.  
മുടികോതുന്നവര്‍, മുഖം മിനുക്കുന്നവര്‍, തത്തകളോട് കൊഞ്ചുന്നവര്‍, കണ്ണെഴുതുന്നവര്‍, കത്തെഴുതുന്നവര്‍,  ചിത്രം വര്ക്കുന്നവര്‍, പാലൂട്ടുന്നവര്‍, പൂചൂടുന്നവള്‍, പൂമാല കോര്‍ക്കുന്നവള്‍. ശ്രംഗരിക്കുന്നവര്‍ ....
അക്കാലത്തെ സ്ത്രീകളുടെ എല്ലാ അവസ്ഥകളെയും, നിറമാറും നീണ്ട കാലുകളും ഇടയൊതുക്കവുമുളള യുവതികളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഓരോ പെണ്ണിനും ഓരോ ഭാവവും നില്‍പ്പുമാണ്.പത്താം നൂറ്റാണ്ടിലെ ശില്പപ്രകാശത്തില്‍ സ്ത്രീശില്പനിര്‍മിതിയില്‍ പതിനാറുതരം അവസ്ഥകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. 
അത്തരം സാമാന്യവ്തകരണത്തിലേക്ക് നയിക്കാന്‍ ഈ ക്ഷേത്രശില്പങ്ങള്‍ സഹായിച്ചിട്ടുണ്ടോ ആവോ? 
മിക്കവാറും എല്ലാവരും ഇടതുകാലിലോ വലതുകാലിലോ ശരീരബലം നല്‍കി  ഒരു വശത്തേക്ക് അല്പം ചാഞ്ഞ് പ്രലോഭനപരമായി ശരീരത്തെ വിന്യസിച്ചാണ് നില്‍ക്കുന്നത്. 
പുരുഷ രൂപങ്ങള്‍ക്കും അല്പം വളവ് . ശില്പികളുടെ തൃപ്തിയ്ക് ശരീരഘടനമാത്രം പോരല്ലോ അവയുടെ അനുയോജ്യമായ സാക്ഷാത്കാരവും വേണ്ടതുണ്ട്. 
തിരിഞ്ഞും വളഞ്ഞും ഒട്ടു ചാഞ്ഞും ചരിഞ്ഞും വിടര്‍ന്നും ഒതുങ്ങിയും കുനിഞ്ഞും നിവര്‍ന്നും താങ്ങിയും ചാരിയും എത്രയെത്ര ശരീരസാധ്യതകളെയാണ് ശില്പികള്‍ അന്വേഷിച്ചത്? 
സൂര്യപ്രകാശത്തിന്റെ ജാലവിദ്യയെ പരിഗണിച്ചാണ് ശില്പങ്ങളുടെ ക്രമീകരണം. വെളിച്ചവും നിഴലും ഉയര്‍ച്ചതാഴ്ചകളില്‍ ഏറിയും കുറഞ്ഞും കയറി ത്രമാനാനുഭവത്തിന്റെ കലാപ്രകടനം നടത്തി ശില്പങ്ങള്‍ക്ക് ജീവന്‍ പകരുന്നു. പുലരി മുതല്‍ അന്തിയോളം ഈ ക്ഷേത്രങ്ങളെ ധന്യമാക്കുന്നത് സൂര്യകിരണവിരുതുകള്‍ കൂടിയാണ്.പ്രഭാതകിരണങ്ങള്‍ പ്രതിഷ്ഠകളില്‍ പതിക്കും വിധമാണ് ക്ഷേത്രമുഖം. 
ശൈവമതവും വൈഷ്ണവമതവും ജൈനമതവും ഒരേ പ്രദേശത്ത് ഒരേ രാജവംശത്തിന്റെ വിവിധ തലമുറകളില്‍ ക്ഷേത്രങ്ങളിലൂടെ ആദരിക്കപ്പെട്ടു എന്നതാണ് ഖജുരാഹോയുടെ മറ്റൊരു മാഹാത്മ്യം. ആര്യന്മാര്‍ ശൈവരെ ആദികാലത്ത് മാനിച്ചിരുന്നില്ലല്ലോ. ലിംഗപൂജ ചെയ്യുന്നവരെ പരിഹാസപ്പേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. പ്രകൃതിപൂജ നടത്തിയവരും നാഗാരാധനനടത്തിയവരുമെല്ലാം ഹൈന്ദവരായി ഏകീകരിക്കപ്പെടുന്നതിനുമുമ്പ് അവ വ്യത്യസ്ത മതങ്ങളായിരുന്നു. ആരാധനാമൂര്‍ത്തിയും ആരാധനാരീതിയും പരസ്പരം മാനിക്കാനും പാലിക്കാനും കഴിയാത്തവരെ വ്യത്യസ്തമതവിഭാഗങ്ങളായി തന്നെ വിലയിരുത്താം. ചന്ദേലരാജവംശത്തിനു കീഴില്‍ ദേവീദേവന്മാര്‍ ക്ഷേത്രങ്ങള്‍ തെറ്റിയും കയറിയിരുന്നു. ശൈവക്ഷേത്രത്തില്‍ ബുദ്ധനും തീര്‍ഥങ്കരനുമെല്ലാം സ്ഥാനം പിടിച്ചു. ക്ഷേത്രം ഒരാളുടെ പേരില്‍ പ്രതിഷ്ഠ മറ്റൊന്ന് എന്ന അവസ്ഥയുമുണ്ട്.
ക്ഷേത്രനിര്‍മിതി ശ്രദ്ധേയമാണ്. ആറാം നൂറ്റണ്ടിനു ശേഷമുളള വടക്കേയിന്ത്യന്‍ ഹൈന്ദവക്ഷേത്രങ്ങള്‍ക്കെല്ലാം ഒരു പൊതുഘടനയുണ്ട്.
.(ഖജുരാഹോ ക്ഷേത്രഘടനയുടെ ചിത്രീകരണം നോക്കുക)
അര്‍ധമണ്ഡപം

മണ്ഡപം

മഹാമണ്ഡപം

അന്തരാളം

ഗര്‍ഭഗൃഹം (ശ്രീകോവില്‍)

വിമാനം ( സ്തൂപാകൃതിയില്‍ ഉയര്‍ന്ന മേല്‍ക്കൂര)

ഉപക്ഷേത്രങ്ങള്‍

പ്രദക്ഷിണപഥം
പ്രകാരം
ജഗതി ( അടിത്തറ)
  ഖജുരാഹോയിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ ഘടനയില്ലെന്നതാണ് നിരീക്ഷിക്കേണ്ട ഒരു വസ്തുത. ഇത് കേവലം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. 
കാലാനുസൃതമായ ഈ മാറ്റത്തെ ഡോ ഗില്‍ ചുവടെയുളള ചിത്രത്തില്‍ കാണും വിധം വര്‍ഗീകരിച്ചിരിക്കുന്നു. യോഗിനി ക്ഷേത്രത്തിന് (എഡി 850) മേല്‍ക്കൂര ( വിമാനം) മാത്രമാണ് ഉളളതെങ്കില്‍ മഹാദേവക്ഷേത്രത്തിന് ( എഡി 900) മണ്ഡപവും ഗര്‍ഭഗൃഹവും കൂടിയുണ്ട്. 930 കാലത്ത് പണിത ലക്ഷ്ണക്ഷേത്രമ മുതലുളളവയില്‍ കൂടുതല്‍ കൂടുതല്‍ ഭാഗങ്ങള്‍ ചേരുന്നതായികാണാം.  
ആദി കാലത്ത് ഒരു മൂര്‍ത്തിക്ക് ഇരിക്കാന്‍ മാത്രമുളളയിടമേ ക്ഷേത്രങ്ങള്‍ക്കുണ്ടായിരുന്നുളളൂ.
 കൂടുതല്‍ സങ്കീര്‍ണമായ നിര്‍മിതികള്‍ വരുമ്പോള്‍ സമൂഹം അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറിയവയെ അവഗണിക്കുകയും ചെയ്തിരിക്കാം. അങ്ങനെ നോക്കാനും പരിപാലിക്കാനും ആളില്ലാതെ വരുമ്പോള്‍ അവ തകര്‍ന്നു പോവുകയോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്തെന്നുമിരിക്കും.
ക്ഷേത്രദര്‍ശനം ചരിത്രദര്‍ശനം കൂടിയാകുമ്പോഴാണ് ഖജുരാഹോ സന്ദര്‍ശനം അര്‍ഥപൂര്‍ണമാവുക. നാം ഈ നിര്‍മിതികളുടെ മേല്‍ക്കൂരകള്‍ സവിശേഷമായി നോക്കണം. സമതലത്തിലുളളവ മുതല്‍ അകത്തേക്ക് കുഴിഞ്ഞവ വരെ. ഇത്തരം മേല്‍ക്കൂരകളുടെ നിര്‍മാണം സാങ്കേതികവിദ്യയിലുളള വളര്‍ച്ചയുടെ പ്രതിഫലനം കൂടിയാണ്.
ഭാരതീയ വാസ്തുവിദ്യാ ചരിത്രത്തില്‍ ഖജുരാഹോ ശാഖയ്ക് (.ഡി. 950 – 1050) പ്രധാനസ്ഥാനമാണുളളത്. “മദ്ധ്യേന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍. പൊതുവില്‍ അവയെല്ലാം ചെറിയക്ഷേത്രങ്ങളാണ്. മറ്റുശൈലികളിലെ ക്ഷേത്ര രൂപങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രധാനക്ഷേത്രങ്ങള്‍ ഒന്നിപ്പിച്ച സമഗ്രരൂപമാണ് ഇവയ്ക്കുള്ളത്. കിഴക്കുപടിഞ്ഞാറായി കിടക്കുന്ന ക്ഷേത്രാക്ഷത്തില്‍ര്‍ഭഗൃഹം, അന്തരാളം, മണ്ഡപം എന്നിവ കൂട്ടിയിണക്കിയിരിക്കുന്നു. ലളിതമായ ഈ രൂപം കൊത്തുപണികള്‍ കൊണ്ടു ശ്രദ്ധേയമാക്കിയിരിക്കും. ഖജുരാഹോ ക്ഷേത്രങ്ങളുടെ പുറംഭാഗം ഒട്ടനേകം ബിംബങ്ങള്‍ മനോഹരാനുപാദത്തില്‍ നിരനിരയായി കൊത്തി നയന മനോഹരം ആക്കിയിട്ടുണ്ട്. ഉദാഹരണത്തിന് കന്ദരിയമഹാദേവക്ഷേത്രം, ഖജുരാഹോയില്‍ മാത്രം ചൈതന്യമുള്ള 650 ബിംബങ്ങളുണ്ട്. ഇവയുടെ ഉള്‍ഭാഗം ശുഷ്കമല്ല. ഇവിടെയും കൊത്തുപണികള്‍ നിര്‍ലോഭമായുണ്ട്. ക്ഷേത്രത്തിന്റെ വിമാനരചനയിലും ഹജുരാഹോ വേറിട്ടു നില്‍ക്കുന്നു. ഒറ്റശിഖരത്തിനു പകരം പല വലിപ്പത്തിലുള്ള അനേകം ശിഖരങ്ങള്‍ സമ്മിതിയില്‍ ഒന്നിച്ചു ചേര്‍ത്ത് മലനിരകളെപ്പോലെ ഉയരുന്ന വിമാനമാണ് ഇവിടെ"

ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ ശിലാവശിഷ്ടങ്ങള്‍
രണ്ടു സ്ത്രീകള്‍ അവിടെയെത്തി വലം വെച്ചു. ജലാര്‍ച്ചന നടത്തി
തൊട്ടു വന്ദിച്ചു.  
ചന്ദനലേപനം നടത്തി.  
അവര്‍ ക്ഷേത്രാരാധന കഴിഞ്ഞു വരികയാണ്. ഞാന്‍ ക്ഷേത്രത്തിലേക്ക് നടന്നു.  
ഉളളില്‍ നീലച്ചേലയുടുത്ത ഒരു സ്ത്രീ
അവള്‍ പൂജാരിണിയാണോ? അറിയില്ല. പൂജാദ്രവ്യങ്ങള്‍ ഓരോന്നായി എടുത്തു
ചന്ദനത്തിരി കത്തിച്ചു.  
ദീപം തെളിയിച്ചു.  
ജലം തളിച്ചു.  
പൂക്കള്‍ അര്‍ച്ചിച്ചു. മുട്ടുകുത്തിയിരുന്നു . കൈകൂപ്പി. തിരുനെറ്റി നിലത്തു തൊടുവിച്ച് അല്പനേരം പ്രാര്‍ഥിച്ചു. വീണ്ടും നിവര്‍ന്നും കൈകൂപ്പി.  
ധ്യാനനിമഗ്നയായി.  
നിശബ്ദതയുടെ പൂര്‍ണതയിലേക്ക് അവളുടെ അധരങ്ങള്‍ എന്തോ ജപിച്ചുകൊണ്ടിരുന്നു.  
അവള്‍ ബാക്കി വന്ന പൂജാദ്രവ്യങ്ങളുമായി പുറത്തിറങ്ങി.  
വടക്കു വശത്തുളള ഭിത്തിയില്‍ മുഖം നഷ്ടപ്പെട്ട ശിലാരൂപങ്ങള്‍.  
അവയുടെ നെറ്റിയില്‍ കുങ്കുമവും ചന്ദനവും തേച്ച്, പൂക്കള്‍ നിവേദിച്ച് അടുത്ത മൂലയിലല്പം ഉയരത്തിലായുളള മറ്റൊരു ശിലാരൂപത്തെ വണങ്ങി. അതിനും നല്‍കി മനസിന്റെ സുഗന്ധവും മന്ത്രോച്ചാരണവും .
 അവള്‍ തിരിഞ്ഞു നോക്കിയത് എന്നിലേക്കാണ്. ഭാഗ്യത്തിന് അവള്‍ തിരുമുമ്പില്‍ പ്രാര്‍ഥിച്ചില്ല. അലൂമിനിയം പാത്രത്തില്‍ ജലം ബാക്കിയുണ്ട്.കൈയില്‍ കുറേ പൂജാദ്രവ്യങ്ങളും. അതിനിയുമെന്തിനാണ് എന്ന ആകാംക്ഷ എന്നെ പിടികൂടി. 
നേരത്തെ കണ്ട സ്ത്രീകള്‍ ശിലാഖണ്ഡങ്ങളെ പൂജിച്ചതോര്‍മ വന്നു. ഇവളും അതിനാണോ പോകുന്നത്. അവള്‍ വേഗം പടിയിറങ്ങി. 
കല്പടവുകളിറങ്ങി വടക്കോട്ട് നടന്നു.  
അവിടെ പുല്‍ത്തടത്തിന്റെ വിശാലതയില്‍ ഒരു മരം. നിശബ്ദതയോടെ അവളുടെ വരവിനെ പ്രതീക്ഷിച്ചു നില്‍ക്കുന്നുണ്ട്
അവള്‍ ആ മരത്തിന്റെ ചുവട്ടിലെത്തി.  
മരക്കൊമ്പില്‍ തൂക്കിയിട്ടിരുന്ന പാത്രത്തിലേക്ക് കാലിന്റെ പെരുവിരലില്‍ ഉയര്‍ന്ന് നിന്ന് പാത്രത്തിലെ ജലം പകര്‍ന്നു.
അപ്പോള്‍ ആ മരമാകെ സംഗീതസാന്ദ്രമായി. കിളിമരം!  
വൃക്ഷത്തിനു വലം വെച്ച് അതിനും നീരു നല്‍കി അവള്‍ നടന്നു പോയി. അപ്പോഴും അവളുടെ പാത്രത്തില്‍ ജലം ബാക്കിയുണ്ടായിരുന്നു. 
ഖജുരാഹോയിലെ ഏറ്റവും സമൃദ്ധമായ അനുഭവമാണിതെനിക്കു സമ്മാനിച്ചത്..

അവള്‍ ശ്രീകോവിലനകത്തു കയറി പൂജിക്കുമ്പോള്‍ ഇവിടുത്തെ ക്ഷേത്രപൂജയില്‍ പുരുഷാധിപത്യമില്ലല്ലോ എന്നാണ് ഞാനാലോചിച്ചത്. പ്രത്യേകപൂജാരികളില്ലാത്ത ക്ഷേത്രസങ്കല്പം ആര്യാധിനിവേശത്തിനും മുമ്പായിരിക്കാം നിലനിന്നിരുന്നത്. ദൈവത്തിനും ഭക്തര്‍ക്കുമിടയില്‍ പൗരോഹിത്യം സ്ഥാനം പിടിച്ചത് ചരിത്രത്തില്‍ ചെലുത്തിയ ദുസ്വാധീാനം ചെറുതല്ല. തന്റേതായ രീതിയില്‍ തന്റെതായ ഭാഷയില്‍ പ്രാര്‍ഥിച്ചാല്‍ മനസിലാകാത്ത ദൈവമുണ്ടോ എന്നാണല്ലോ ഈ ഗ്രാമീണസ്ത്രീ ചോദിക്കുന്നത്? പൂജാവിധികളും ക്രമവുമെല്ലാം തീരുമാനിക്കാനുളള അവകശാത്തെ ഇടനിലക്കാര്‍ക്ക് വിട്ടുകൊടുക്കാത്ത ക്ഷേത്രസംസ്കാരത്തെ മാനിക്കണം. അവള്‍ മരത്തിനും പക്ഷിഗണങ്ങള്‍ക്കും ജീവജലം നല്‍കി പ്രകൃതിയെ വണങ്ങിയതും പലക്ഷേത്രാചാരങ്ങളിലും കണികാണാന്‍ കിട്ടില്ല. വഴിപാടുകളും നേര്‍ച്ചപ്പെട്ടികളും കൊണ്ടല്ലല്ലോ ഇവിടെ ഇവള്‍ പ്രാര്‍ഥന നടത്തിയതും.
ഖജുരാഹോയിലെ ഗ്രാമീണമുഖം കൂടി കാണേണ്ടതുണ്ട്. ഞാനതിനു സമയം കണ്ടെത്തി.
മുളളുവേലികള്‍ കൊണ്ട് അതിരിട്ട ഇടവഴി. ഇഷ്ടികപാകിയ ചുമരുകള്‍.  നിരപ്പില്ലാത്ത തിണ്ണ. ചീളുപോലെയുളള മണ്ണിന്റെ ഉണക്കപ്പാളിയോ സ്ലേറ്റു കല്ലോ കൊണ്ടു നിര്‍മിച്ച മോല്‍ക്കൂര. പ്ലാസ്റ്റിക്ക് വലിച്ച് കെട്ടി തണലിട്ട വരാന്തയില്‍ ആടിന്റെയും പശുവിന്റെയും പാദമുദ്രകള്‍. പന്തലില്‍ പച്ചക്കറികള്‍. പപ്പായമരത്തില്‍ പാകമായ ഫലങ്ങള്‍ക്ക് മേല്‍കുപ്പായം.
അപ്പുറത്ത് കൂടി ഒരു കാളവണ്ടി കടന്നു പോയി. അതിന്റെ ചക്രങ്ങളിലും തട്ടിലും ഞാന്‍ നോക്കി. പരമാവധി ചെലവു കുറച്ചാണ് വാഹനം. നമ്മുടെ നാട്ടിലെ പ്രഭാതക്കാഴ്ചകളിലൂടെ പത്തുമുപ്പത് വര്‍ഷം പിന്നാക്കം പോയാല്‍ മാത്രമേ ഇത്തരമൊരു കാഴ്ചയെ ചികഞ്ഞെടുക്കാനാകൂ. 
ഒരു മുത്തശ്ശി വടിയും കുത്തി വന്നു. റോഡു മുറിച്ചു കടക്കണം. കൈയിലെ വളകളും കാലിലെ കൊലുസുകളും ആ മുഖത്തെ വാര്‍ധക്യത്തെ തടയുന്നില്ല. കൈയിലൊരു കപ്പുണ്ട്. ഗ്രാമത്തിലെ പ്രഭാതകര്‍മങ്ങളുടെ പ്രതീകം

അടുത്ത വീട്ടിന്റെ മുറ്റത്ത് മൂന്നു പേര്‍ കുത്തിയിരിക്കുന്നു. ഈ ഇരുപ്പ് മധ്യപ്രദേശില്‍ സാധാരണമാണ്. ഭോപ്പാലിലും ഓര്‍ച്ചയിലും ഛത്തര്‍പൂരിലും കവലകളിലും കടത്തിണ്ണകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഇങ്ങനെ കുത്തിയിരിക്കുന്നവരെ കണ്ടു. ഗ്രാമീണരാണ് ഇങ്ങനെ ചെയ്യുന്നത്. അതും മധ്യവയസ്കരും വൃദ്ധരും സ്ത്രീകളും. വീടുകളില്‍ കസേരകളും ബഞ്ചുകളും വരും മുമ്പേ നമ്മുടെ നാട്ടില്‍ കുരണ്ടികളോ തടുക്കോ ചെറുപീഠമോ ആയിരുന്നല്ലോ സാധാരണക്കാര്‍ ഉപയോഗിച്ചിരുന്നത്. തണുപ്പുകാലത്ത് തീകായാനിരുന്നതോര്‍മ വരുന്നു. കുത്തിയിരിക്കുക എന്നത് ലളിതജീവിതത്തിന്റെ അടയാളമായിരുന്നു. നടുവിന്റെ മുറുക്കം നാം ചോദിച്ചുവാങ്ങുകയായിരുന്നല്ലോ.
ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുളള ഖജുരാഹോയിലെ സാധാരണക്കാരുടെ ലോകം ഏതായാലും ശില്പങ്ങളില്‍ ആവാഹിക്കപ്പെട്ടിട്ടില്ല.
അല്ലെങ്കില്‍ 24 ക്ഷേത്രങ്ങളിലെ 650ല്‍ പരം ദേവതമാര്‍ക്ക് ഗ്രാമീണജീവതത്തെ സമൃദ്ധിയിലേക്ക് നയിക്കാനിതുവരെ കഴിഞ്ഞില്ല എന്ന മനസ്താപം ഏറ്റു വാങ്ങാന്‍ പോലുമായിട്ടില്ലല്ലോ  ...

..............................
ഝാന്‍സിയില്‍ നിന്നും ഖജുരാഹോയ്ക് പോകുമ്പോള്‍ ഓര്‍ച്ച നഗരവും ചരിത്രസ്മാരകങ്ങളും വിട്ടുകളയരുത്

6 comments:

 1. ഹൃദ്യം അനുഭവവേദ്യം

  ReplyDelete
 2. ഹൃദ്യം........സുന്ദരം......ചിന്തോദ്ധീപകം .....

  ReplyDelete
 3. തികച്ചും നഷ്ടബോധംതോന്നുന്നു.

  ReplyDelete
 4. ഒരിക്കല്‍ കൂടി യാത്ര ചെയ്തതുപോലെ...

  ReplyDelete