ഭീംബട്കായില്‍
(भीमबैठका,
ഭീം
ബൈഠക)
ഘനഗാംഭീര്യത്തോടെ
വിഹായസിലേക്ക്
ശിരസുയര്‍ത്തി
നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍.
ഭീമന്‍
ഇരിക്കാനായി വിന്യസിച്ചതാണിവയെന്ന്
നാട്ടുകാരുടെ ഭാവന.
അവരുടെ
ഭീമസങ്കല്പത്തിന്റെ ഭീമത്വത്തെയാണ്
ഞാന്‍ ഓര്‍ത്തതിശയച്ചത്.
ഈ
പടുകൂറ്റന്‍പാറകളിലിരിക്കുന്ന
ഭീമന്റെ ശിരസ് തീര്‍ച്ചയായും
ആകാശത്തിന്റെ മച്ചില്‍
മുട്ടും. മേഘങ്ങള്‍
കാതുകളില്‍ തട്ടിത്തടഞ്ഞായിരിക്കും
സഞ്ചാരപഥത്തിലൂടെ
നീങ്ങുക. നക്ഷത്രങ്ങളും
മഴവില്ലുമെല്ലാം ആ ചുരുള്‍മുടിയില്‍
ഏറെനേരം
ഉടക്കിക്കിടന്നിട്ടുണ്ടാകും.
വിന്ധ്യ-
ശതപുര
പര്‍വതനിരകള്‍ക്കിടയില്‍
മറ്റൊരു മഹാപര്‍വതം പോലെ
ഭീമന്‍ ഈ പാറകളെ
പീഠങ്ങളാക്കി കുലീനതയോടെയിരിക്കുന്ന
രൂപം മനസില്‍
തെളിഞ്ഞു!
... പാണ്ഡവന്‍പാറയും
പാഞ്ചാലിമേടും ജഡായുപ്പാറയുമെല്ലാം
നമ്മുക്കുമുണ്ടല്ലോ.
കഥകള്‍
ചേര്‍ത്തുവെക്കാന്‍ എവിടെയും
മനുഷ്യഭാവനകള്‍ ശ്രമിച്ചിരുന്നു.
ശരിക്കും
ഈ പേരു നല്‍കി പാറകളുടെ മഹിമയെ
ആദരിക്കുകയായിരുന്നു
പ്രദേശവാസികളെന്നു തോന്നുന്നു.
കാനനമധ്യത്തില്‍
ഇത്ര രാജകീയപ്രൗഢിയോടെ
എഴുന്നുനില്‍ക്കുന്ന
ഈ ഭീമാകാരങ്ങള്‍ക്ക്
മറ്റെന്തുപേരാണിടുക?
കാടിനു
നടുവിലാണ് പാറക്കൂട്ടങ്ങള്‍.
മഴക്കാലം
പച്ചപ്പ് കൊണ്ടു മൂടിവെക്കും.
വേനലാകുമ്പോള്‍
ഉഷ്ണവേവില്‍ ഉടയാടമാറ്റും.
ഫെബ്രുവരിയില്‍
ഇലകള്‍ കൊഴിഞ്ഞിരുന്നതിനാല്‍
പാറച്ചന്തം ദൂരെ
നിന്നു തന്നെ ആസ്വദിക്കാനായി.
റോഡില്‍
നിന്നും മണ്‍പാത.
ഇരുവശവും
ഉണങ്ങാന്‍ തുടങ്ങുന്ന
പുല്ലുകള്‍ .
പാത
അവസാനിക്കുന്നത് മൂന്നു വലിയ
പാറകളുടെ മുന്നിലാണ്.
ജിജ്ഞാസയുണര്‍ത്തുന്ന
ഒരു ഗുഹാമുഖം ദൂരെ
നിന്നേ കാണാം.
ലോകപൈതൃകഭൂപടത്തില്‍
സ്ഥാനം പിടിച്ച പൗരാണികമാഹാത്മ്യമുളള
പാറക്കൂട്ടങ്ങളാണെന്ന
അറിവാണ് അങ്ങോട്ടേയ്ക് യാത്ര
ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മാമല്ലപുരത്തെ
ശിലാവേലകളും ആന്തമാനിലെ
ചുണ്ണൂമ്പുകല്‍ ഗുഹകളും
ഇടുക്കിയിലെ പാറക്കെട്ടുകളും
ഇടയ്കല്‍ ഗുഹകളുമെല്ലാം
മനസിലൂടെ കടന്നു പോയി.
ശിലാചിത്രീകരണത്തില്‍
ഭാരതത്തിലെ തന്നെ വലിയ
സമുച്ചയമാണിവിടം .
ചരിത്രസാംസ്കാരികചിഹ്നങ്ങളായി
ഈ പാറക്കെട്ടുകളെ ധന്യമാക്കിയ
അദിമമനുഷ്യരെ ആദരിക്കണം.
700 ല്‍
പരം കൂറ്റന്‍ പാറകള്‍,ചെറുതും
വലുതുമായ 400 ഗുഹകള്‍
..! 2003 ലാണ്
യുനെസ്കോ ലോകപൈതൃകപട്ടികയില്‍
ഈ ശിലാത്ഭുതത്തെ ഉള്‍പ്പെടുത്തുന്നത്.
ദീര്‍ഘകാലത്തെ
മനുഷ്യസമ്പര്‍ക്കത്തിന്റെ
സര്‍ഗാത്മകമായ ആവിഷ്കാരമാണത്രേ
ഇവിടുത്തെ
ശിലാചിത്രങ്ങള്‍.
നായാടിജീവിതത്തിന്റെ
ചിത്രീകരണമാണ് പ്രധാനമായും
ഈ പാറകളിലുളളത്
ഇവിടുത്തെ
പാറകളെ അതിന്റെ തനിസ്വരൂപത്തില്‍
കാണുക തന്നെ വേണം.
ഫോട്ടോയില്‍
അത് വാമനത്വം പിടിച്ച പോലെയേ
തോന്നൂ. പല
അടരുകളായി നില്ക്കുന്നവ,
അനുസരണക്കേടു
കാട്ടുന്ന കുട്ടികളെപ്പോലെ
പാറയുടെ ഓരോ ഭാഗവും ഉന്തിയും
തളളിയും കുതറിയും ചിതറിയും
ഓരോരോ ഭാഗത്തേക്ക് വേറ്‍പെട്ടുപോകാന്‍
ശ്രമിക്കുകയാണെന്നു തോന്നും.
മിനുസപ്പെടാത്ത
പരുക്കന്‍ സ്വഭാവത്തിന്റെ
ബഹിര്‍സ്ഫുരണം.
വേണ്ട,
വേലി
കെട്ടിതിരിച്ചിരിക്കുന്നതിനുളളിലേക്ക്
കടക്കേണ്ട.
അവിടെ
അതിപ്രാചീനകാലത്തെ ചെറുജീവിതമുണ്ട്.
അതാ
അതിപ്രാചീന കുടുംബംഗങ്ങളിലൊന്ന്.
എഴുതപ്പെടുന്ന
ചരിത്രകാലത്തിനും മുമ്പേ
ജീവിച്ചവര്‍. ഇതുപോലെയുളള
നിരവധി ഗുഹകളില്‍ അന്നത്തെ
ജീവിതം നായാടിക്കിട്ടിയതും
പെറുക്കിക്കൂട്ടിയതും ചുട്ടും
ചൂടാതെയും പങ്കിട്ട്
കഴിഞ്ഞുപോന്നു.
നാളേക്ക്
അവര്‍ കരുതിവെച്ചിട്ടുമുണ്ടാകില്ല
. കാട്
തന്നെ വീടാകുമ്പോള്‍ എന്തിന്
ആശങ്കകള്‍.
ആദിജീവിതത്തിന്റെ സരളതയില്‍ അല്പനേരം. പൂര്‍വികരുടെ ജിവിതത്തില്‍ നിന്നും ഒരു ദൃശ്യം. കുഞ്ഞ് അമ്മയെ എന്തോ ഓര്‍മിപ്പിക്കുന്നു. കഴ്ചക്കാരുടെ വേഷവും നോട്ടവും ഒന്നും അതിനു പിടിച്ചിട്ടുണ്ടാകില്ല. ഈ അമ്മ ഇതൊന്നും ശ്രദ്ധിക്കുന്നില്ലല്ലോ എന്നാവും. ദുഷ്ടനോട്ടത്തിന്റെയും കാപട്യത്തിന്റെയും മുളളുതറയ്കാത്ത കാലത്തില്‍ കഴിയുന്ന അവര്‍ അസ്വാഭാവികമായ ചിന്തകളില്‍ എന്തിനു വ്യാകുലപ്പെടണം? ശിലായുഗത്തിന്റെ ശീലങ്ങളില്‍ ശിലകള്‍ അഭയവും ആയുധവും ആവിഷ്കാരത്തിനുളള ക്യാന്‍വാസുമായിരുന്നല്ലോ. ഇവര്‍ക്ക് അവരുടേതായ ലിപികള്‍ ഉണ്ടായിരുന്നു. പതിനായിരം വര്‍ഷത്തെ പഴക്കമുളള മനുഷ്യവാസത്തിന്റെ അവശേഷിപ്പുകള്‍. ഭാരതത്തിലെ ഏറ്റവും പുരാതനജീവിതമേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്നിടം. അതാണ് ഭീംബട്ക.
അതാ ഈ ഗുഹാവളവില് മറ്റൊരാള്‍. ശിലാഭിത്തിയില്‍ എന്തോ കോറിയിടുകയാണല്ലോ
ഭിംബട്കയിലെ ശിലാചിത്രങ്ങള്‍ അമൂല്യങ്ങളാണ്. പ്രാചീനജീവതത്തിന്റെ താളവും തുടിപ്പും അതിലുണ്ട്. വേട്ടയാടുന്നവര്‍, പാട്ടു പാടുന്നവര്‍, കൂട്ടുചേര്‍ന്നുല്ലസിക്കുന്നവര്‍, പോരാടുന്നവര്‍. .. ആയിരക്കണക്കിനു വര്‍ഷം മുമ്പേ വരഞ്ഞിട്ടതാണിവ. ഗുഹയുടെ ഉയരത്തിലുളള ചരിവുപ്രതലത്തില്‍ അതിസൂക്ഷ്മതയോടെ ജീവികളെയും ജീവിതത്തെയും പകര്‍ത്തി. ഏകാഗ്രമായി രചനകള്‍ നിര്‍വഹിക്കുമ്പോള്‍ അവരോര്‍ത്തുകാണില്ല ചരിത്രവിദ്യാര്‍ഥികള്‍ക്കുളള പാഠമാണിതെന്ന്.
ഇത്തരം
ചിത്രങ്ങളില്‍ നിന്നും
അന്നത്തെ സാമൂഹികജീവിതം
വായിച്ചെടുക്കാം.
ആചാരങ്ങളും
അനുഷ്ഠാനങ്ങളും ഉപകരണങ്ങളും
ജീവിതോപാധികളുമെല്ലാം.
ആരാധനയുടെ
ചിത്രീകരണങ്ങള്‍ കണ്ടില്ല.
പ്രകൃതിശക്തികള്‍ക്കപ്പുറം
മൂര്‍ത്തികളായ രൂപങ്ങളിലേക്ക്
ഭയാഭയ ചിന്തകള്‍ മാറിയിട്ടുണ്ടാകില്ല.
മതവും
മതാധിഷ്ഠിതദൈവവും
സമൂഹസൃഷ്ടിയാണെന്നതിന്റെ
തെളിവുകള്‍ കൂടിയാണ്
പ്രാചീനരേഖപ്പെടുത്തലുകള്‍.
ആദിമമനുഷ്യന്റെ
ജീവിതത്തെക്കുറിച്ച്
ആലോചിക്കുവാന്‍ ഈ ചിത്രങ്ങള്‍
പ്രേരിപ്പിച്ചു.
കാലത്തിനു
മായ്കാന്‍
കഴിയാത്ത ചിത്രങ്ങള്‍
എങ്ങനെയാണവര്‍ നിര്‍മിച്ചത്?
അസ്ഥികളുടെയും
അടര്‍ത്തിയെടുത്തു മിനുക്കിയ
വൃക്ഷശിഖരങ്ങളുടെയും
അഗ്രങ്ങളില്‍ പിടിപ്പിച്ച
മൃഗരോമങ്ങളുടെ ബ്രഷു
കൊണ്ട്, സസ്യങ്ങളുടെ
ഇലകളും പൂക്കളും തണ്ടുകളും
ചതച്ചുപിഴിഞ്ഞെടുത്തു കുറുക്കി
മൃഗക്കൊഴുപ്പു ചേര്‍ത്ത്
നിറങ്ങളാല്‍
കാലത്തെ
അതിജീവിക്കുന്ന
ചിത്രങ്ങള്‍ അവര്‍ വരച്ചിട്ടു.
വെളളയും
ചുവപ്പും നിറങ്ങളില്‍.
മണല്‍ക്കല്ലിലാണ്
ചിത്രീകരണം.
മണല്‍ക്കല്ലിന്
ചില പ്രത്യേകതകള്‍ ഉണ്ട്.
ശില്പനിര്‍മാണത്തിന്
വഴങ്ങും .ഖജുരാഹോ
ശില്പങ്ങളും മറ്റും ഇത്തരം
ശിലകളിലാണ്.
ചിത്രങ്ങള്‍
വരയ്കാനുളള മിനുസപ്പെട്ട
പ്രതലം ഈ ശിലകളുടെ പ്രത്യേകതയാണ്.
ചരിത്രാതീതകലയുടെ
സൗന്ദര്യം നോക്കൂ..
മനുഷ്യഭാവന
മാത്രമല്ല പ്രകൃതിയും
അസാധാരണശില്പകൗശലമാണ് ഇവിടെ
സാക്ഷാത്കരിച്ചിരിക്കുന്നത്.
നോക്കൂ
ആകാശത്തേക്ക് തലയുയര്‍ത്തിഫണം
വിരിച്ചു നില്‍ക്കുന്ന
ഈ കൂറ്റന്‍ ശില.
അകം
വളഞ്ഞ് അനേകം ശിരസുകളുളള
രാക്ഷസീയ
നാഗത്തെപ്പോലെ.
ദിനോസോറുകളുടെ
ഇടയില്‍ നിന്നും ഇഴഞ്ഞെത്തിയ
ഭീമാകാരമായ ഈ സര്‍പ്പത്തിന്റെ
സൗന്ദര്യം ദൃശ്യമാത്രയില്‍ത്തന്നെ
നമ്മെ പിടിച്ചടുപ്പിക്കും.
ഞാനതിന്റെ
ചുറ്റും പലവട്ടം കറങ്ങി.
പൂര്‍ണകായഫോട്ടോ
എടുക്കാന്‍.
പക്ഷേ
സാധിക്കുന്നില്ല.
അല്പം
കൂടി ദൂരേയ്ക് മാറിയാല്‍
പറ്റുമായിരിക്കും.
പക്ഷേ
മരങ്ങളും മറ്റു പാറകളും
അനുവദിക്കുന്നില്ല.കാലത്തിന്റെ ചിത്രവേലകളുടെ അതിമനോഹരമായ വര്‍ണവിന്യാസം കണ്ട് അത്ഭുതപ്പെട്ടുപോയി. എന്താ ഈ കാണുന്നത്!നേരത്തെ ദര്‍ശിച്ച ശില്പവൈദഗ്ധ്യത്തിന്റെ ശോഭകെടുത്തും വിധം കാലം അതിന്റെ വിരല്‍സ്പര്‍ശത്താല്‍ അമൂര്‍ത്തചിത്രകലയുടെ അനശ്വസൃഷ്ടി നടത്തിയിരിക്കുന്നു! നാഗരികതയുടെ അടരുകളും കാലത്തിന്റെ പ്രവാഹവും ജീവിതത്തിന്റെ നിറഭേദങ്ങളുമാണോ ഇത്?
മഹത്തുക്കള്‍ക്കൊപ്പം
നിന്ന് ഫോട്ടോ എടുക്കുക എന്ന
മനുഷ്യരുടെ പ്രവണതയാണ്
.അത്
എന്നെയും വിട്ടൊഴിഞ്ഞില്ല.
കാലത്തിന്റെ
കലാസൃഷ്ടിയെ പ്രണമിച്ചുകൊണ്ട്
ഞാന്‍ ആ ശിലാചിത്രത്തിന്റെ
തണല്‍പറ്റി അതിന്റെ
വാത്സല്യത്തില്‍ ചേര്‍ന്നു
നിന്നു.
കലാവിഷ്കാരങ്ങള്‍
കാണുമ്പോള്‍ കലാധരന് അത്
മാനിക്കാതിരിക്കാനാവില്ല.
പ്രകൃതി കനിയുന്നിടത്തൊക്കെ പ്രണയവുമുണ്ടാകും. പ്രകൃതിയുടെയും പ്രണയത്തിന്റെയും ഭാവം ഒന്നാകുന്നതുകൊണ്ടാണത്. നിഷ്കളങ്കവും നിര്‍മലവുമായ കാനനശിലകളുടെ തണലുകളിലാണ് പണ്ട് ജീവിതം വേരുപിടിപ്പിച്ചത്. ഇവിടെ രണ്ടു കൗമാരങ്ങള്‍ പാറക്കൂട്ടങ്ങളുടെ നിഴല്‍മറവില്‍ ജീവിതചിത്രം വരച്ചു തുടങ്ങുന്നു. ഞാന്‍ വന്നതോ നിന്നതോ പോയതോ അവര്‍ അറിഞ്ഞിട്ടില്ല. അവര്‍ സെല്‍ഫിയില്‍ തെളിഞ്ഞ നിറസ്നേഹത്തെ വീണ്ടും വീണ്ടും കാണുകയാണ്. നിലക്കണ്ണാടിക്കുമുമ്പില്‍ നവജോഡികള്‍ വിഷുക്കണിയായ് അവരെത്തന്നെ സുഖദര്‍ശനം നടത്തുന്നതുപോലെയാണ് പ്രണയസെല്‍ഫികള്‍. ഇവരെ ഓര്‍ത്ത് അസൂയപ്പെടേണ്ട. പ്രകൃതിയുടെ വരദാനമുളള ഏതു പ്രദേശത്തു ചെന്നാലും സ്ഥലകാലങ്ങളുടെ വിദൂരബിന്ദുവില്‍ നിന്നും തരംഗരൂപത്തിലെത്തുന്ന പ്രണയസാന്നിദ്ധ്യം നമ്മെ വലം വെക്കും. പ്രകൃതിയെ പ്രണയിച്ച് കാടിനും കടലിനും പൂവിനും പുലരിക്കും സന്ധ്യാമേഘങ്ങള്‍ക്കും ആശോകവനിക്കും സ്നേഹമന്ത്രം ചൊല്ലി സ്തുതിച്ച് നമ്മെ ആരോ നടത്തുന്നു.
അടുത്ത കാഴ്ച ഏറെ രസകരമായിരുന്നു. ജീവന്‍ തുളുമ്പുന്ന ഒരു ശില്പം. ഇടം കൈ ഊന്നി അല്പം പിറകോട്ട് ചാഞ്ഞ് പ്രസാദഭാവത്തോടെ വര്‍ത്തമാനകാലത്തിന്റെ അടയാളങ്ങളുമായി അതിപുരാതനമായ ശിലകളുടെ നാഭീതടത്തില്‍ . അതിന്റെ നേരെ ക്യാമറ ഫോക്കസ് ചെയ്തു. ക്ലിക്. പടം എങ്ങനെയുണ്ട്?
ഭോപ്പാലില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ ദൂരത്തിലാണ് ഭീംബട്ക പൈതൃകശിലകള്‍. ഹോഷംഗബാദിലേക്കുളള ഹൈവെയിലൂടെ സഞ്ചരിക്കണം. ഭോപ്പാലില്‍ നിന്നും പോകുന്നവര്‍ ആദ്യം ഭോജേശ്വരക്ഷേത്രം സന്ദര്‍ശിക്കണം. ഭോജപാലന്റെ രാജ്യമാണല്ലോ ഭോപ്പാലായത്. ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സര്‍ഗാത്മകമായ മനസിന്റെ സ്പര്‍ശം രാജ്യത്തുണ്ടാവുക സ്വാഭാവികമാണ്. ഭോജ്പൂര്‍ ശിവക്ഷേത്രം വെറുമൊരു ക്ഷേത്രമല്ല. അതു കൊണ്ടാണ് അവിടേക്ക് പോകണമെന്നു ഞാന്‍ ആവശ്യപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിലേക്കുളള ചരിത്രയാത്രയാണത്.
ചെറു കുന്നുപോലെ ഉയര്‍ന്ന വിശാലമായ പാറയുടെ നെറുകയില്‍ അപൂര്‍ണമായ ഒരു ക്ഷേത്രം. അപൂര്‍ണതയാണ് അതിന്റെ സവിശേഷത. പുറപ്പെടുമ്പോള്‍ ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിര്‍മിക്കണമെന്ന് രാജാവ് ശില്പകളോട് ആവശ്യപ്പെട്ടത്രേ. എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും ചന്ദ്രികയും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊര്‍ജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയില്‍ ഉയര്‍ന്നു. വേഗതയുടെ ഏതോ നഷ്ടമുഹൂര്‍ത്തത്തില്‍ പടന്നിറങ്ങിയ ആലസ്യത്താലോ അപൂര്‍ണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ചതുരാകൃതിയിലുളള ഈ ക്ഷേത്രത്തിന്റെ കഥകളില്‍ വേറെയും ഇഴകളുണ്ട്. വനവാസത്തിനു വന്ന പാണ്ഡവരുടെ താല്കാലിക വാസസ്ഥലമായിരുന്നെന്നും അതല്ല കുന്തി കര്‍ണനെ ഉപേക്ഷിച്ചയിടമെന്നുമെല്ലാം പറച്ചിലുകള്‍. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ചരിത്രം മറന്നപ്പോള്‍ അമാനുഷിക ശക്തികള്‍ക്കേ ഇത്തരം ക്ഷേത്രം നിര്‍മിക്കാനാകൂ എന്ന പരമിതയുക്തി പ്രവര്‍ത്തിച്ചിട്ടുണ്ടാകും. ചരിത്രത്തെ പുരാണമാക്കുന്ന നാവിന്റെ കല എന്നല്ലാതെ എന്തു പറയാന്‍?
ക്ഷേത്രത്തിന്റെ
തിരുമുറ്റത്ത്
കൗതുകകരമായ
ഒരു കെട്ടുപെട്ടി
ഞാന്‍ കണ്ടു.
പ്ലാസ്റ്റിക്
ചരടോ തുണിയോ ഉപയോഗിച്ച്
ചതുരാകൃതിയിലുളള പെട്ടിയുടെ
അഴികളില്‍ കെട്ടുണ്ടാക്കിയിടണം.
എന്നിട്ട്
ആഗ്രഹം നിറവേറ്റിത്തരാന്‍
ശ്രീപരമേശ്വരനോട് പ്രാര്‍ഥിക്കണം.
ആഗ്രഹം
നിറവേറിക്കഴിഞ്ഞാല്‍ ഇതേ
ക്ഷേത്രത്തില്‍ വന്ന് കെട്ട്
അഴിച്ചുകളയണം.
ചിലര്‍
ചന്ദനത്തിരിയുടെ കവറുകൊണ്ടും
കെട്ടുണ്ടാക്കിയിട്ടിട്ടുണ്ട്.
സഹയാത്രികര്‍ക്ക്
ആഗ്രഹക്കെട്ടിട്ടാലോ
എന്നൊരാഗ്രഹം.
പക്ഷേ
അഴിച്ചുകളയാന്‍ വീണ്ടുമിത്രയും
ദൂരം വരേണ്ടിവരുമല്ലോ
എന്നോര്‍ത്ത് അവര്‍ പിന്‍
വാങ്ങി.
മനുഷ്യന്റെ
പ്രതീക്ഷകളെ തത്കാലത്തേക്കെങ്കിലും
ആശ്വസിപ്പിക്കുന്നതിന്
ഇത്തരം വിശ്വാസങ്ങള്‍
സഹായിച്ചേക്കും.
ആഗ്രഹങ്ങളാണ്
ദുഖകാരണമെന്നു ഉപദേശിച്ച
ബുദ്ധമതത്തിന്റെ പ്രകാശം
വ്യാപിച്ച പ്രദേശമാണിവിടെ
എന്നതും ചിന്തയ്ക് വഴിയൊരുക്കി.
ഈ
ക്ഷേത്രങ്ങളിലെല്ലാം ആര്‍ക്കും
പ്രവേശിക്കാം.
അഹിന്ദുക്കള്‍ക്ക്
വിലക്കില്ല.
കുപ്പായം
ഊരേണ്ട.
പാന്റു
മാറ്റി മുണ്ടുടുക്കേണ്ട.
കേരളത്തിലെ
ദൈവങ്ങള്‍ക്ക് മാത്രം
വടക്കേയിന്ത്യയിലെ ദൈവങ്ങളില്‍
നിന്നും പഠിക്കാനായിട്ടില്ല.
അവര്‍
അഖിലേന്ത്യാശീലങ്ങള്‍
ദര്‍ശിക്കണം.
ശ്രീനഗറില്‍
കൊടും മഞ്ഞുപുതച്ചു കിടക്കുന്ന
ഗുല്‍മാര്‍ഗില്‍
ഒരു
ശിവക്ഷേത്രമുണ്ട്.
ഞാനവിടെ
പോയി. ചെരുപ്പു
പോലും ഊരേണ്ട.
ഊരിയാല്‍
അസ്ഥിതുളയ്കുന്ന സൂചിത്തണുപ്പ്
മരവിപ്പിച്ചു നിറുത്തിക്കളയും.
കമ്പിളിപ്പുതപ്പില്‍
പൊതിഞ്ഞ്
അകത്തു
കയറാം.
കാലാവസ്ഥയാണ്
ആചാരരീതി നിശ്ചയിക്കുന്ന
പ്രധാനഘടകങ്ങളിലൊന്ന്.
മറ്റൊന്ന്
ഉച്ചനീചത്വബോധവും.
ഭോജേശ്വര
ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത്
നാഗരാജപ്രതിഷ്ഠകള്‍ . കയറിച്ചെന്ന്
പൂജിക്കാന്‍ പടവുകളുണ്ട്.
അപ്പോള്‍
ഒരു പക്ഷി പറന്നു വന്ന്
നാഗരാജാവിന്റെ ശിരസില്‍
സ്ഥാനം പിടിച്ചു.
ഗനചാരിയുടെ
ആഗമനം നന്ദിക്ക് ഇഷ്ടപ്പെട്ടുവെന്നു
തോന്നി.
ലോകത്തിലെ
ഏറ്റവും വലിയ ശിവലിംഗമാണ് ക്ഷേത്രത്തിലുളളതെന്നു
പറയുന്നു .5.5 മീറ്റര്‍
(18 അടി)
ഉയരവും
2.3 മീറ്റര്‍
(5.5 അടി)
വ്യാസവുമുളളതും
ഏകശിലാനിര്‍മിതവുമാണ്
ശിവലിംഗം. പത്തുമീറ്റര്‍
ഉയരവും അഞ്ചുമീറ്റര്‍ വീതിയുമുളള
വാതില്‍ പടികളും ശിലകള്‍ തന്നെ. എഴു
മീറ്റര്‍ വശമുളള
മൂന്നു ശിലാപീഠങ്ങള്‍ക്കു
മേലെയാണ് ലിംഗപ്രതിഷ്ഠ.
സാധാരണ
ശിവലിംഗ പ്രതിഷ്ഠയുടെ
ഘടന തന്നെയാണിവിടെയും.
യോനീതലം
മറ്റൊരു കൂറ്റന്‍ ശിലാഫലകമാണെന്നു
മാത്രം. മുകളില്‍
നിന്നും അടര്‍ന്നു വീണ ശിലാപാളി
അതിനെ നെടുകെ പിളര്‍ത്തിയെങ്കിലും
തകര്‍ന്നു പോയില്ല.
ഭീമാകാരമായ
ശിലകള്‍ കൊണ്ട് സംഹാരമൂര്‍ത്തിയെ
നിര്‍മിക്കാന്‍ നിശ്ചയിച്ച
ചേതോവികാരം എന്തായിരിക്കും?
ഈ ക്ഷേത്രത്തിന്റെ നിര്‍മിതി അതിശയിപ്പിക്കുന്നതാണ്. അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റന്‍ ശിലാസ്തംഭങ്ങള്‍. ശിവ- ശക്തി, ലക്ഷ്മി- നാരായണ, ബ്രഹ്മ-സാവിത്രി , സീത-രാമ എന്നീ യുഗ്മങ്ങള്‍ക്കോരോരോ ശിലാസ്തംഭങ്ങള്‍ . ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയര്‍ത്തി നിറുത്താനായി ചെലവിഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക. നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സര്‍വവിധ ഊര്‍ജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങള്‍ ഉയര്‍ത്തുന്നതിനിടയില്‍ അല്പം ചരിഞ്ഞുപോയാല്‍, അയഞ്ഞുപോയാല്‍...! അത് തറയില്‍ ഹുങ്കാലശബ്ദത്തോടെ വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് നിണനനവോടെ ബര്‍ത്വാനദിയിലേക്കത് ഉരുണ്ടുപോകും. നിര്‍മിതിയുടെ രംഗങ്ങളെ ഭാവനയില്‍ കാണുമ്പോള്‍ മാത്രമേ ഈ ക്ഷേത്രനിര്‍മാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടണ്‍ ഭാരമുളള ശിലാഫലകങ്ങള്‍ ഉയര്‍ത്തി ഗര്‍ഭഗൃഹത്തിന്റെ മേല്‍വിതാനത്തില്‍ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്. ഒരു പക്ഷേ ഗോപുരനിര്‍മിതിക്ക് ( വിമാനം) വേണ്ടി ഉയര്‍ത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിര്‍മിതി ആശ്ചര്യചിഹ്നമിട്ട് അപൂര്‍ണമാക്കിയതാകും.
ഈ ക്ഷേത്രത്തിന്റെ നിര്‍മിതി അതിശയിപ്പിക്കുന്നതാണ്. അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റന്‍ ശിലാസ്തംഭങ്ങള്‍. ശിവ- ശക്തി, ലക്ഷ്മി- നാരായണ, ബ്രഹ്മ-സാവിത്രി , സീത-രാമ എന്നീ യുഗ്മങ്ങള്‍ക്കോരോരോ ശിലാസ്തംഭങ്ങള്‍ . ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയര്‍ത്തി നിറുത്താനായി ചെലവിഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക. നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സര്‍വവിധ ഊര്‍ജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങള്‍ ഉയര്‍ത്തുന്നതിനിടയില്‍ അല്പം ചരിഞ്ഞുപോയാല്‍, അയഞ്ഞുപോയാല്‍...! അത് തറയില്‍ ഹുങ്കാലശബ്ദത്തോടെ വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് നിണനനവോടെ ബര്‍ത്വാനദിയിലേക്കത് ഉരുണ്ടുപോകും. നിര്‍മിതിയുടെ രംഗങ്ങളെ ഭാവനയില്‍ കാണുമ്പോള്‍ മാത്രമേ ഈ ക്ഷേത്രനിര്‍മാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടണ്‍ ഭാരമുളള ശിലാഫലകങ്ങള്‍ ഉയര്‍ത്തി ഗര്‍ഭഗൃഹത്തിന്റെ മേല്‍വിതാനത്തില്‍ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്. ഒരു പക്ഷേ ഗോപുരനിര്‍മിതിക്ക് ( വിമാനം) വേണ്ടി ഉയര്‍ത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിര്‍മിതി ആശ്ചര്യചിഹ്നമിട്ട് അപൂര്‍ണമാക്കിയതാകും.
മേല്‍വിതാനത്തിലെ
കൊത്തുപണികള്‍ കലാപാരമ്പര്യത്തിന്റെ
മകുടോദാഹരണ മാണ്.
താഴേക്കിറങ്ങുമ്പോള്‍ ചെറിയക്ഷേത്രസ്വഭാവത്തോടെയുളള നിര്‍മിതി. അവിടേക്ക് ഞാന്‍ പോയി. തുരുമ്പെടുത്ത തൃശൂലവും തകരപ്പാട്ടയും നാവടച്ച മണിയും. വലിയക്ഷേത്രങ്ങളുടെ പകിട്ടില്‍ അവഗണിക്കപ്പെട്ടതാകാം ഇവ.
താഴേക്കിറങ്ങുമ്പോള്‍ ചെറിയക്ഷേത്രസ്വഭാവത്തോടെയുളള നിര്‍മിതി. അവിടേക്ക് ഞാന്‍ പോയി. തുരുമ്പെടുത്ത തൃശൂലവും തകരപ്പാട്ടയും നാവടച്ച മണിയും. വലിയക്ഷേത്രങ്ങളുടെ പകിട്ടില്‍ അവഗണിക്കപ്പെട്ടതാകാം ഇവ.
ഇനിയും ഏറെ ബാക്കി കിടക്കുന്നു. പാര്‍വതീഗുഹയും
ഭോജരാജന്റെ കൊട്ടാരത്തിന്റെ
അവശിഷ്ടങ്ങളും ആറു മീറ്റര്‍
ഉയരമുളള ജൈനപ്രതിമയോടെ
പണിതീരാത്ത ജൈനക്ഷേത്രവും
ഭോജഭരണകാലത്ത് നിര്‍മിച്ച
ഡാമുകളും കാണാന്‍ കഴിഞ്ഞില്ല.അപൂര്‍ണതയുടെ
ക്ഷേത്രസാന്നിദ്ധ്യത്തിലേക്കുളള
യാത്രയും അപൂര്‍ണത നല്‍കിയത്
യാദൃശ്ചികമാകാം. കടം പറഞ്ഞ കാഴ്ചകള്‍. അല്ലെങ്കില്‍ ജീവിതവും അങ്ങനെയല്ലേ? അപൂര്‍ണമായ ഒരു യാത്ര!

No comments:
Post a Comment