വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, July 19, 2011

ബോധി വൃക്ഷം എന്നെ വിളിച്ചു . വരൂ- 2കല്പാന്തം.
എല്ലാം പിന്‍വാങ്ങുന്ന അവസാന നിമിഷങ്ങള്‍....
വിട പറയാന്‍ പോലും ആരും അവശേഷിക്കാത്ത മുഹൂര്ത്തതിലേക്ക് പതിയെ സൌമ്യമായി കാലം പ്രവേശിക്കുകയാണ്.....
ആ അവസാന കാഴചയില്‍ ഏറ്റവും ഒടുവില്‍ ഏതായിരിക്കും?

ലോകത്തിന്റ്
പ്രകാശമായ ഒരു ബോധി വൃക്ഷം
ശരിയാണ്, അഹിംസയുടെ ഇലകള്‍ അവസാനം വരെ അതിന്റെ പച്ചപ്പ്‌
ഉയര്‍ത്തിപ്പിടിക്കും.

ബുദ്ധമതാനുയായികളുടെ
ഈ വിശ്വാസത്തെ ഞാന്‍ ആദരിച്ചു.
ആഗ്രഹങ്ങളാണ് ദുഖത്തിന് കാരണം എന്ന് നഷ്ടബോധ മനസ്സുകളെ ഒര്മിപ്പിച്ചോ സമാശ്വസിപ്പിച്ചോ ആവും കാലം അസ്തമിക്കുക.

ആ ബോധി വൃക്ഷം
എന്നെ വിളിച്ചു .
വരൂ

മഹാബോധി മഹാവിഹാരം.
ആത്മ ചൈതന്യം സ്വയം കണ്ടെത്താന്‍ ഇവിടം . അവരവര്‍ അവരവരുടെ ഉള്ളിലെ വെളിച്ചം കണ്ടെത്തുക .അതായിരുന്നല്ലോ ബുദ്ധ സന്ദേശം ബോധിയില്‍ എഴുതിയ വരികള്‍..
ആയിരങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു
ഭാഷയും വേഷവും പലതെങ്കിലും മനസ്സ് ഒന്നിലേക്ക്.
ലോകത്തിലേക്ക് വെളിച്ചം ഒഴുകുന്ന ഗയയില്‍ പ്രഭാതത്തിന്റെ വിശുദ്ധിയില്‍ ബുദ്ധ സാന്നിദ്ധ്യത്തിലേക്ക്‌ ഞാനും നടന്നു.


ഞാന്‍ മാത്രമല്ല.
ശിരോ മുണ്ഡനം ചെയ്തവര്‍, പീതാംബര ധാരികള്‍ , സ്ത്രീകള്‍ ,പുരുഷന്മാര്‍, കുട്ടികള്‍.ദരിദ്രര്‍, ഗ്രാമീണര്‍.പരദേശികള്‍,'''
ആര്‍ഭാടങ്ങള്‍ ഇല്ലാത്ത യാത്രികര്‍.
വിഹാരം
അവര്‍ക്കായി കാത്തു നിന്നു.

കൂട്ടം കൂട്ടമായാണ് വരവ്.
വിദൂര ദേശത്ത് നിന്നുമുള്ള സംഘങ്ങള്‍.
ദൂരവും അടുപ്പവും ആപേക്ഷികമാണ്. അടുത്ത്തിരിക്കുന്നോരുടെ ദൂരം ഊഹാതീതമാവും പോലെ..അകന്നിരിക്കുന്നവര്‍ക്ക് ബുദ്ധനോടുള്ള അടുപ്പം അടുത്തുല്ലോര്‍ക്ക് ഉണ്ടാവണമെന്നുമില്ല .
അടുപ്പത്ത്തിലെ അകലം...അനുഭവിക്കാത്തവര്‍ ഉണ്ടോ?

ഇവര്‍ ഒരു പക്ഷെ എന്നെ പ്പോലെ ആദ്യം വരികയാവും . ജീവിതത്തില്‍ ഒരിക്കലും ഗയ വിളിക്കുമെന്ന് ഞാന്‍ കരുതിയതല്ല.
അതേ
പോലെ ഒരു രണ്ടാം വരവുണ്ടാകാന്‍.?.ഇല്ല
തീര്‍ഥാടന കൂട്ടങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം അവരുടെ നിറം. തൊപ്പി,ശിരോ വസ്ത്രം, മുഖ ദേശീയത..
അവര്‍ ഭാണ്ഡങ്ങള്‍ --മനസ്സിലും ചുമക്കുന്നുണ്ടാവും

കൊച്ചു കുട്ടികള്‍ .ജീവിതത്തിന്റെ പുലരിയില്‍ അവര്‍ പ്രഭാതപുഷ്പങ്ങള്‍ വില്‍ക്കുകയാണ്. ഇതാണ് ഗയയുടെ നൊമ്പരം. അസംഖ്യം കുട്ടികള്‍.
.(
മുറിവ് ഒരിക്കല്‍ എഴുതി.അത് വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യുക. കൊട്ടാരം വിട്ടിറങ്ങണം. ഞാന്‍ കണ്ടു ബുദ്ധന്റെ )

താലത്തില്‍ പൂക്കള്‍.
മുല്ലയുടെ
വെണ്മയില്‍ ചുവപ്പിന്റെ മധ്യപുഷ്പം. ചിലതിനു കാവിപ്പൂവിന്റെ അലുക്കും.
ചെമ്പരത്തിച്ചോപ്പില്‍ ഒരുക്കിയ താലം കണ്ടപ്പോള്‍ അത്തം ഓര്‍മയില്‍ പൂക്കളമിട്ടു.
ബുദ്ധനു പുഷ്പം മതി.
അതിന്റെ നൈര്‍മല്യം മതി.
ദര്‍ശനം പരിമളം വിടര്‍ത്തി നിത്യവും മനസ്സുകളില്‍ പൂക്കള്‍ വിരിയിക്കട്ടെ

മഹാ പാദം. ഗയയില്‍ മിക്കയിടത്തും കണ്ടു ഇത്തരം പാദശില്‍പം .
പ്രപഞ്ച പത്മദള മധ്യത്തിലെ പാദം.
താമരയില്‍ ചുവടു വെച്ച് കലാതീതമാകുന്ന യാത്രകള്‍
.
പ്രയാണം നല്‍കിയ ജീവിതത്ത്തിരക്ക് കാരണമോ ദുഃഖങ്ങള്‍ ഇറക്കി വെക്കാനുള്ള വ്യഗ്രതയോ എന്തോ തീര്‍ഥാടകര്‍ ഇത്തരം സൂക്ഷ്മ അടയാളങ്ങളില്‍ മനസ്സ് അര്‍പ്പിക്കുന്നില്ല
ഞാന്‍ അവയെ തൊട്ടറിഞ്ഞു നീങ്ങി.


എവിടെയും ബുദ്ധന്‍.എങ്ങും ബുദ്ധ ചൈതന്യം .
അത്
ശിലകളിലും നൂറ്റാണ്ടുകള്‍ക്കു സാക്ഷ്യം വഹിച്ചു.
ഓര്‍മയുടെ തെളിമയെ സംശയിക്കുംപോഴാനല്ലോ നാം നമ്മുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്നത്.
അത് പോലെ പ്രിയപ്പെട്ട ഗുരുവിനെ ലോകത്തിന്റെ സ്മൃതിയില്‍ മൂര്ത്തവത്കരിക്കാനാകും ശില്പങ്ങളിലൂടെ ശ്രമിച്ചത്.
ധ്യാന നിരതമായ ദിന രാത്രങ്ങള്‍ കൊണ്ട് രൂപം നല്‍കിയ ധ്യാന ശിലപങ്ങള്‍ വളരെ ചെറുതാണ്. അടുത്തേക്ക് ക്യാമറ ചെന്ന് വലുപ്പത്തില്‍ ഒപ്പി.


വലിയ ഒരു മണി .അത് ഇപ്പോള്‍ മുഴങ്ങുന്നില്ല.
അതിന്റെ
ഓര്മ മുഴങ്ങുന്നുണ്ടാകും.
അസംഖ്യം
ഭിക്ഷുക്കള്‍ .പ്രതാപ ശാലികളായ പ്രജാപതികള്‍. അവരുടെ സമ്പര്‍ക്കത്തില്‍ നിത്യവും കാലത്തെ.വരവിനെ ,ഓര്‍മിപ്പിച്ച നാളുകള്‍.
ദൂരെ മഹാ വിഹാരത്തിന്റെ മകുടി.
രണ്ടായിരത്തി അഞ്ഞൂറ് വര്ഷം മുമ്പ് ഒരു വൈശാഖ മാസം. ജനപഥങ്ങള്‍ താണ്ടി ഒരാള്‍ ഫല്ഗൂ നദിക്കരയില്‍ എത്തി.

.ഫല്ഗൂ നദി -അതിനു ഒരു കഥ പറയാനുണ്ട്
പിതൃക്കള്‍ക്ക് പിണ്ഡം ഇട്ടു മോക്ഷം നല്‍കാന്‍ ഹൈന്ദവ വിശ്വാസികള്‍ ഫല്ഗുവില്‍ എത്തും.അത് ബീഹാറിന്റെ വിശ്വാസം.ഒരിക്കല്‍ രാമനും ലക്ഷ്മണനും പിന്നെ സീതയും ( ഇതാണോ പറയേണ്ട ക്രമം?) ഇവിടെ എത്തി.പിതാവിന് കര്‍മം ചെയ്യാന്‍.മരണാനന്തര ക്രിയ .
ആവശ്യമുള്ള വസ്തുക്കള്‍ സമാഹരിക്കാന്‍ ലക്ഷ്മണന്‍ പുറപ്പെട്ടു.നേരം കുറെ ആയിട്ടും കാണുന്നില്ല.
വൈകിപ്പോകുമോ? രാമന്‍ അസ്വസ്ഥനായി. രാമനും അന്വേഷിച്ചിറങ്ങി.
കര്‍മം ചെയ്യാനുള്ള മുഹൂര്‍ത്തം അവസാനിക്കുകയാണ്. മോക്ഷം ഒരു നിമിഷത്തിന്റെ അകലത്തില്‍ പ്രതിസന്ധിയില്‍.
അപ്പോള്‍ ആകാശത്ത് നിന്നും ഒരു കൈ ..
അവ സീതയോട് പറഞ്ഞു.
:"
സീതാ,സമയം തീരാരാകുന്നു. നിന്നെ കൊണ്ട് ആവതു എന്തെങ്കിലും.."
അപൂര്‍ണ വാക്യത്തിന്റെ വ്യാകുലത സീതയുടെ നെഞ്ചില്‍ നൊന്തു.
അവള്‍ പുഴക്കരയില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് നദിയില്‍ ഇറങ്ങി പിണ്ഡം അര്‍പ്പിച്ചു.
ബിന്ദുവില്‍ അവള്‍ ഫല്ഗുവിന്റെ തണുത്ത തരംഗം മനസ്സില്‍ കുളിരാക്കി.അതില്‍ നനഞ്ഞു.
പോയവര്‍ മടങ്ങി വന്നു
വ്യഥയുടെ ഭാരം നിറഞ്ഞ അവര്‍ പ്രസാദം നഷ്ടപ്പെട്ട പ്രകാശം പോലെ വിളറി.
സീത അവരോടു പറഞ്ഞു. തെളി നീര് പോലെയുള്ള വാക്കുകള്‍.
പക്ഷെ അത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല
സീതയ്ക്ക് എന്നും ഇതാണ് പാഠം.അവളുടെ വാക്കുകള്‍ അവിശ്വസിക്കപ്പെടുന്നു
, അവള്‍ ഓര്‍ത്തു. സാക്ഷി ഉണ്ടല്ലോ.-ഫല്ഗൂ നദി
പുഴ സാക്ഷ്യം പറഞ്ഞില്ല.
സീതയുടെ ഉള്ളില്‍ നിറഞ്ഞു നിന്ന കുളിര്‍മ വറ്റി വരണ്ടു
അവള്‍ പുഴയെ ശപിച്ചു:" നീ വരണ്ടുണങ്ങിപ്പോകട്ടെ
പുഴ ഓര്‍മകളില്‍ ഒരു നാവിന്റെ പിഴ ആയി.
ഞാന്‍ ഫല്‍ഗു കണ്ടു.വീതിയില്‍..മണല്‍പ്പുറം. കുറ്റിക്കാടുകള്‍ . ഏതോ ജലസമൃദ്ധി അയവിറക്കി...മഴക്കാലത്തിന്റെ കനിവ് യാചിച്ചു..
കാലികള്‍ പുഴയില്‍ മേയുന്നുണ്ടായിരുന്നു.


ഫല്‍ഗുവിന്റെ തീരത്തുള്ള പ്രശാന്തവും വൃക്ഷ നിബിഡവും ആയ ഒരിടം. അതു മഹായോഗിയെ സ്വാഗതം ചെയ്തു.

വൃക്ഷങ്ങളുടെ കുളിര്‍മ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട് ഗയ.
ഒരു അഭയ വൃക്ഷമാണല്ലോ ഗയ നല്‍കുന്ന കഥകളുടെ പടര്പ്പായി നില്‍ക്കുന്നതും
മഹാ വിഹാരത്തിന്റെ മധ്യഗോപുരം പച്ചിലകള്‍ക്കിടയില്‍ അതിന്റെ ലോക പൈതൃക മഹിമയോടെ കാഴ്ചയായി

.നിങ്ങള്‍ വരുമ്പോള്‍ ഒരു ചന്ദനത്തിരി കരുതുക
നിങ്ങളുടെ മനസ്സിന്റെ സുഗന്ധം അതില്‍ നിന്നും എങ്ങും പ്രസരിക്കട്ടെ
നോക്കൂ സുഗന്ധം നല്‍കി എരിഞ്ഞു മോക്ഷം നേടിയ തിരികളുടെ പവിത്രത നിറഞ്ഞ ഒരു പാത്രം
ഭസ്മം -അത് അഹന്തകളുടെ മേലുള്ള വിജയം കൂടിയാണ്.
മുന്നേ പോയ വ്ശുദ്ധ ജന്മങ്ങളുടെ സുഗന്ധപൂരിതമായ ജീവിതത്തിന്റെ ബാക്കി പത്രവും
ഒരു തിരി എനിക്ക് വേണ്ടിയും ഗയയില്‍ ..


തെക്ക് വശത്തായി ഒരു കുളം .വിശാലം.
അത് പച്ച നിറം ഏറ്റെടുത്തുനിന്നു. അതിന്റെ അക്കരെ തപോലീനബുദ്ധന്‍.നല്ല തെളിവെയിലില്‍ ജലത്തില്‍ തിരു രൂപം പ്രതിഫലിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. തീര്‍ഥാടകര്‍ പൂക്കള്‍ അര്ചിച്ചു. ജലാശയത്തില്‍ അതിന്റെ ഓമനകള്‍ നീന്തി തുടിച്ചു. അവ മനുഷ്യരുടെ സ്നേഹം അറിഞ്ഞു. നിഴലനക്കം മതി അടുത്തേക്ക് വരാന്‍
.

പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോള്‍ കണ്ടു ഒരു തീര്‍ഥാടന സമൂഹം. സമാധാന പ്രാവുകള്‍ മരത്തണലില്‍ കൂട്ടമായി പറന്നു ഇറങ്ങിയ പോലെ.
നിറം വെള്ള. അത്ശ്രീബുദ്ധനെ തേടി ശ്രീലങ്കയില്‍ നിന്നും വന്നവര്‍.
ഈ തകര്‍ന്നു പോയ മഹാവിഹാരം പുനരുദ്ധരിക്കാന്‍ ഭാരതീയരെക്കാളും കൂടുതല്‍ തീവ്രമായ ആഗ്രഹവും ഇടപെടലും നടത്തിയത് ശ്രീലങ്ക ആണെന്ന് ആരോ പറഞ്ഞു.
പാട്നയില്‍ നിന്നും തൊണ്ണൂറ്റാറ് കി മി ദൂരമുണ്ട് ഗയയിലേക്ക്. ഈ ദൂരമോ കേരളത്തില്‍ നിന്നുള്ള ദൂരമോ ദൂരമല്ല. അശോകനില്‍ നിന്നും ഉള്ള സംവത്സരങ്ങളുടെ ദൂരവുമായി തട്ടിച്ചു നോക്കുമ്പോള്‍.അദ്ദേഹം ഈ വിഹാരം നിര്‍മിക്കുന്നതിനു പ്രചോദിതനായി.
കുശാന കാലയളവിലാണ് ക്ഷേത്രം പണിതതെന്ന് പറയുന്നു.
ഏറ്റവും കൌതുകകരമായ കാര്യം ക്ഷേത്രം ഉയരുമ്പോള്‍ ബുദ്ധമതം ഇന്ത്യയില്‍ തകരുകയായിരുന്നു.മറ്റു രാജ്യങ്ങളില്‍ പടരുകയും.
തകര്‍ച്ചയുടെ കഥ ഈ വിഹാരത്തിന്റെ ജാതകം


ഇതാ പ്രാര്‍ഥനയില്‍ മുഴുകി ഒരു ബുദ്ധമതാനുയായി.
മുന്നില്‍ വിശുദ്ധ ഗ്രന്ഥം .ചെറു മന്ത്രങ്ങള്‍ ആരെയുടെയും വരവിനെ ഗൌനിച്ചില്ല.
ഇത് പോലെ അവിടെയും ഇവിടെയും ഒട്ടേറെ ഒറ്റയാള്‍ പ്രാര്‍ത്ഥന ശ്രദ്ധയില്‍ പെട്ടു.ആരുടേയും ശല്യമില്ലാതെ കൂട്ടും കുടുംബവും ഇല്ലാതെ ആത്മശാന്തിയോ ആത്മഞാനമോ തേടി വന്നവര്‍.ഞാന്‍ നടന്നു അടുക്കുകയായിരുന്നു.
അവിടെ പല നിറങ്ങളില്‍ ,ഏതൊക്കെയോ ഭാഷകളില്‍ എഴുതിയ സന്ദേശങ്ങളുമായി തുണികള്‍ തൂക്കി ഇട്ടിരിക്കുന്നു. നേര്ച്ച ആണോ.ആചാരമോ.അടുത്ത് ഒരു വൃക്ഷം .അവിടേക്കാണ് ജനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. അറിയാതെ എന്റെ നടത്തം വേഗത്തിലായി .


വൈശാഖം.
സര്‍വലോക വ്യഥകളുടെ അശാന്തി മുള്‍പ്പടര്‍പായി മനസ്സില്‍ നൊന്തെരിഞ്ഞ സിദ്ധാര്‍ഥന്‍ ആല്‍മരച്ചുവട്ടില്‍ ധ്യാന ലീനനായി.
മനസ്സ് എകാഗ്രതയിലേക്ക് കൂമ്പി. ശാന്തതയ്ക്ക് ഭംഗം വരാതെ പ്രകൃതി കാത്തു.സമ്പൂര്‍ണ നിശബ്ദതയുടെ മാത്രകള്‍
അസ്തമയ സൂര്യന്‍ നെര്‍മയേറിയ രശ്മികളെ ഇലപ്പടര്‍പ്പിനിടയിലൂടെ പിന്‍വലിച്ചു.
ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ പ്രകൃതി കൂടുതല്‍ വലിഞ്ഞു മുറുകി. നിമീലിത നേത്രങ്ങള്‍ .നിശ്ച്ചലതയോടടുത്ത ശ്വാസഗമനം.
നിശ്ചയദാര്‍ഡ്യം സിരകളിലൂടെ പ്രവഹിക്കുന്നു.
ഒരു പെണ്‍കുട്ടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു- സുജാത-
മരച്ചുവട്ടിലെ തിരുവിഗ്രഹം മൂന്നു രാവുകളും പകലുകളും കൊണ്ട് ധ്യാനത്തിന്റെ ഉത്തുംഗ വിതാനത്തില്‍ എത്തി.
ചിന്തയുടെ വെളിച്ചം
അപൂര്‍വമായ അനുഭവം.ഭാരമെല്ലാം ഒഴിയുന്നപോലെ.അത്ഭുത പ്രകാശം മനസ്സില്‍ നിറഞ്ഞു വഴിഞ്ഞു ഒഴുകി പറക്കാന്‍ തുടങ്ങി. .ജ്ഞാനോദയം
പൂര്‍ണചന്ദ്രന്‍ സാക്ഷി
ബുദ്ധ പൌര്‍ണമി.
ബോധി വൃക്ഷം .അതിന്റെ ചുവട്ടിലാനല്ലോ ഞാന്‍.എനിക്ക് വിശ്വാസം വരുന്നില്ല
ഞാന്‍ മനസ്സ് ബുദ്ധനില്‍ ചേര്‍ത്തുവെച്ചു.
ഇതാ പലകുറി ഉയര്ത്തു എഴുന്നേറ്റ ബോധി വൃക്ഷം..


മറ്റെല്ലാ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു ഒരിടം. അവിടെ നിശബ്ദതയുടെ ഭാഷ മാത്രം അനുവദനീയം. നിങ്ങള്ക്ക് ധ്യാനിക്കാന്‍ ഇഷ്ടം പോലെ സ്ഥലം തെരഞ്ഞെടുക്കാം. പൂക്കള്‍ പറിക്കരുത്‌. ഞാന്‍ സാവധാനം നടന്നു.അവിടെ രണ്ടു മരങ്ങള്‍ /മതങ്ങള്‍/മനസ്സുകള്‍ പരസ്പരം ഇലപ്പച്ചപ്പ്‌ കൊണ്ട് ഒന്നായി നില്‍ക്കുന്ന ഒരു ദൃശ്യം.

വളരെ പൌരാണികമായ ഒരു മണി. അതിലെ ലിഖിതങ്ങള്‍ ചരിത്രം കേള്പ്പിക്കുമോ? .
മണി മുഴക്കാന്‍ ഉള്ള കൂറ്റന്‍ ഉരുളന്‍ മരത്തടി ചങ്ങലയില്‍ ശ്വാസം മുട്ടി.
എന്റെ കൌതുകവും. ഉദ്യാനത്തില്‍ ഈ മണി നിശബ്ദതയുടെ കാവല്‍ക്കാരനായി. മൂകതയുടെ മുമ്പില്‍ ചങ്ങലയ്ക്കിട്ട ശബങ്ങള്‍. പക്ഷെ കിളികള്‍ അതൊന്നും വകവെച്ചില്ല.
കോണ്ക്രീറ്റ് കൂടാരത്തിനുള്ളിലെങ്കിലും ആ മണി ദാരു നിര്‍മിത കമാനത്ത്തില്‍ പ്രതാപം പ്രതിഫലിപ്പിച്ചു. ഇരു വശവും കൊത്തുളി വീണ മനോഹര ചിത്രങ്ങളില്‍ ഇളം വെയില്‍ വിരലോടിച്ചു.

പലതരം മണികള്‍ എന്തിനാണ്? .എല്ലാം മുഴക്കുന്നത് ഒരേ നാദം എന്ന് ഒര്മിപ്പിക്കാണോ.? എല്ലാ മതങ്ങളിലും മുഴങ്ങുന്നത് അത് തന്നല്ലേ എന്ന ചോദ്യം...
ഇങ്ങനെയുള്ള അസംഖ്യം ചോദ്യങ്ങള്‍ മനസ്സില്‍ നിറയ്ക്കാന്‍ ഇവ നിമിത്തമാകട്ടെ എന്ന് കരുതിയോ
ഞാന്‍ അവിടെ എനിക്ക് അല്‍പ നേരം വിശ്രമം ഒരുക്കി.മഹാവിഹാരം ഒന്ന് ചുറ്റി .
അകത്തു കയറി
ശാക്യമുനി
അല്‍പ നേരം അവിടെ
പുറത്തിറങ്ങി.
അപ്പോള്‍ ഗയയിലെ ചരിത്ര മ്യൂസിയം നല്‍കിയ അറിവുകള്‍ ഓര്‍ത്തു
ശരണ മന്ത്രങ്ങള്‍ തളിര്‍ത്ത മഹാ വൃക്ഷം മുറിച്ചത്..
മഹാവിഹാരം കൊത്തിനുറുക്കി മണല്‍ത്തരികളാക്കിയത് ..
പലവട്ടം ബൌദ്ധര്‍ നേരിട്ട തീക്കനല്‍ ദിനങ്ങള്‍..
യാഥാസ്തിതിക ഹൈന്ദവര്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഈ വിഹാരത്തിന്റെ നെഞ്ചില്‍ കൈ വെച്ചത്..
ഭരണാധികാരികളുടെ മത താല്‍പര്യങ്ങളില്‍ ഉലഞ്ഞു വീണത്‌...
അമാവാസിയുടെ മേല്‍ പൌര്‍ണമി വീണ്ടും വീണ്ടും വിജയം കണ്ടത്.


ഒരിക്കല്‍ക്കൂടി ഇവിടെ വരാന്‍ കഴിയുമോ..?
'ആഗ്രഹങ്ങളാണ് ദുഖകാരണം'
ആരോ മന്ത്രിച്ചു
------

ഇത് ഗയ ,ബോധി ഗയ-1
കഴിഞ്ഞ ലക്കം വഴിക്കാഴ്ചകള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
--------

Monday, July 18, 2011

ഇത് ഗയ ,ബോധി ഗയ


ദീപനാളം.
അതിന്റെ പ്രാര്‍ഥനയില്‍ ശരണ മന്ത്രങ്ങള്‍ ചൈതന്യം പകര്‍ന്നു
പ്രകാശത്തിന്റെ ഒരു സ്പര്‍ശം എന്നിലൂടെ കാലത്തെ ആവാഹിച്ചു.

ഇത് ഗയ
ബോധി ഗയ
സമസ്ത ദുഖങ്ങള്‍ക്കും മൂലകാരണം അന്വേഷിച്ചവന് വെളിച്ചം നല്‍കിയ മഹാസ്ഥലം.
ലോകത്തിന്റെ ഹൃദയ കാരുണ്യം.
ത്യാഗത്തിന്റെ ബുദ്ധമാര്‍ഗം.

കാല പ്രവാഹത്തിലെ ഒരു മഹാ സ്നേഹതരംഗമായി ഗയ .
ഇവിടെ ഈ പുലരിയില്‍ ഞാന്‍മനസ്സുകളില്‍ നന്മയുടെ ആലയങ്ങള്‍ തീര്‍ത്ത മഹാഗുരുവിന് പ്രണാമം
ജീവിതം സഹാജീവികല്‍ക്കായി ഉഴിഞ്ഞു വെച്ച ശിഷ്യഗണങ്ങള്‍
ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു. ഗുരു പൂജ ജീവിതത്തിന്റെ ഭാഗമായി
ക്രമേണ ഗുരു അമാനുഷികമായ അല്ഭുതമാവുകയും ദൈവത്തിന്റെ പേരില്‍ ചേര്‍ക്കപ്പെടുകയും
അങ്ങനെ ബുദ്ധനും ദേവാലയങ്ങളില്‍ സ്ഥാനം നേടി.
അസംഖ്യം വിഹാരങ്ങള്‍
ചൈനീസ് ,ജപ്പാന്‍,തിബറ്റ്,ശ്രീലങ്ക..ലോകത്തെവിടെയൊക്കെ ബുദ്ധമതാനുയായികള്‍ ഉണ്ടോ അവരെല്ലാം ആരാധനാലയങ്ങള്‍ ഇവിടെ തീര്‍ത്തു
ഒത്തിരിയുണ്ട് ..ഓരോ ദേവാലയവും വ്യത്യസ്തം.ബുദ്ധമതം പല യാനങ്ങളായപ്പോള്‍ അതിന്റെ തെളിവുകളായി ബഹു സ്വരൂപങ്ങളില്‍ കാവി നിറം കടുപ്പിച്ചും ചെഞ്ചായം പൂശിയും തൂമഞ്ഞയില്‍ മുങ്ങിയും അങ്ങനെ അങ്ങനെ..
അവയെല്ലാം അനുഭവിക്കാന്‍ ഞാന്‍ അതിരാവിലെ പുറപ്പെട്ടു.


വിശാലമായ തളം
അവിടെ നിശബ്ദമായി ഇത്തിരി നേരം
മനസ്സ് മന്ത്രിച്ചു ബുദ്ധം ശരണം ഗച്ചാമീം
അലൌകികമായ ശാന്തത എന്നെ പ്രപഞ്ചത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി.

പുറത്തിറങ്ങിയപ്പോള്‍ വ്യാളീ രൂപം.
ഒരു സംസ്കാരത്തിന്റെ അക്ഷരങ്ങള്‍
ഞാന്‍ ചേര്‍ന്ന് നിന്നു
ആ രൂപത്തിനുള്ളിലും അഹിംസയുടെ ഒരു മനസ്സ് കണ്ടേക്കാം.


കടും നിറത്തില്‍ ചോപ്പിന്റെ മാസ്മരിക സൌന്ദര്യം ജ്വലിപ്പിക്കുന്ന ഒരു ക്ഷേത്രം.
അതിന്റെ ചിത്ര ചാരുതയില്‍ കണ്ണുടക്കി.
ഭവ്യതയോടെ ഉള്ളിലേക്ക് കടന്നു .അവിടെ ധാരാളം ഗ്രാമീണര്‍.
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്തംഭം.
അത് ഉണര്‍ത്തിയ കൌതുകം


ദരിദ്രന്റെ പങ്കപ്പാടുകള്‍ ഇറക്കി വെക്കാനുള്ള ഇടം കൂടിയാണ് ദേവാലയങ്ങള്‍
ഇവിടെ കുറെ ഗ്രാമീണ സ്ത്രീകള്‍ ആ സ്തംഭത്തില്‍ തൊട്ടു അതിന്റെ ഭ്രമണത്തില്‍ ദീനതയ്ടെ പൊരുള്‍ ചേര്‍ത്ത് ഉള്ളുരുകി നിവേദിക്കുണ്ടായിരുന്നു ജന്മം കരിയില്‍ എഴുതിയ ജീവിത സമസ്യകള്‍.
ഓരോ വലം വെയ്ക്കലും ഓരോ പ്രതീക്ഷയുടെ നൊമ്പരങ്ങളുടെ ആഗ്രഹങ്ങളുടെ ചെറു ചെറു ചുണ്ടാനക്കങ്ങളായി അവരില്‍ തന്നെ നിറയുകയാണോ.?ആരിത് ഏറ്റു വാങ്ങും.


ഞാന്‍ ഉള്ളിലേക്ക് നോക്കി
ചന്ദനത്തിരികളുടെ ഗന്ധം
അകം -ആളനക്കമില്ല.
എങ്കിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ലാളിത്യം.
അലങ്കാരങ്ങള്‍ കൊണ്ട് ആശ്ലേഷിച്ച ചുവരുകളില്‍ ചരിത്ര കഥകള്‍
ഏറ്റവും വിശിഷ്ടമായ ദര്‍ശനം കുടി കൊള്ളുന്നിടം ഏറ്റവും മനോഹരം ആകട്ടെ എന്ന് കരുതിക്കാണും.പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു പിന്‍ വിളി
ഞാന്ന്‍ തിരിഞ്ഞു നോക്കി
ഇനി ഈ വഴി വരില്ലല്ലോ എന്നോര്‍മിപ്പിക്കുന്നു
ഞാന്‍ സാവധാനം അടുത്ത് ചെന്ന് ആ തൂണുകളില്‍ വിരല്‍ ഓടിച്ചു.യാത്ര പരയാതിരിക്കുവതെങ്ങനെ.ഞാന്‍ കൊട്ടാരം വിട്ടിറങ്ങിയില്ലല്ലോ .
സിദ്ധാര്‍ത്ഥ വ്യാകുലതകള്‍ ഗയ കാണിച്ചു തന്നു.

നിറങ്ങളില്ലാത്ത ഒരു ലോകം.
അവിടെ മണ്ണില്‍ ഈര്പം മാറാതെ നിന്നു.കണ്തടങ്ങളിലും.
മുള ചീകി മെടഞ്ഞ മറ ചുറ്റി വെച്ചാല്‍ അതാണ്‌ കിടപ്പാടം.ഗയയുടെ മറ്റൊരു മുഖം
ബുദ്ധന്‍ -ജ്ഞാനോദയം-ഒക്കെ ഈ കാഴ്ചയില്‍ ഭാരതത്തോട് ചോദിക്കുണ്ടായിരുന്നു
ദേവാലയങ്ങളില്‍ നിങ്ങള്‍ വചനങ്ങളും കാണിക്കയും ദ്രവ്യങ്ങളും സൂക്ഷിക്കുന്നത് ഒക്കെയും ജനതയുടെ മോക്ഷദായകം ആകുന്നില്ലെങ്കില്‍ അതിന്റെ മൂല്യമെന്ത്?

മഹീന്ദ്രയില്‍ ബുദ്ധ ഭിക്ഷുക്കള്‍ വന്നിറങ്ങി. സംഘം തന്നെ
പക്ഷെ ഭിക്ഷുക്കളുടെ കൂട്ടം മറ്റെന്തോ ഓര്‍മിപ്പിച്ചു.ആരാണ് പറഞ്ഞത് സംന്യാസികള്‍ ലോകത്തിലെ സൌഭാഗ്യങ്ങള്‍ ത്യജിക്കണം എന്ന്
പൌരോഹിത്യം ആര്‍ഭാടത്തിന്റെ വേറിട്ട വഴികള്‍ തേടി പോകുന്നത് നാം കാണുന്നു
ഗാന്ധിയുടെ സ്വാശ്രയം പറയുന്ന ലാളിത്യം അല്ലല്ലോ ഇക്കൂട്ടരുടെ സ്വാശ്രയംബുദ്ധ ദേവാലയങ്ങളില്‍ നല്ല തിരക്ക്.
സാധാരണ ജനങ്ങള്‍.എന്നെപ്പോലെ സംസ്കാര പഠന കാഴ്ച്ചയുടെ ലക്ഷ്യമല്ല അവര്‍ക്ക്.ഭൂരി ഭാഗം പേരും ഭഗവാനെ പ്രാര്‍ത്തിക്കുന്നു
അന്വേഷിച്ചപ്പോള്‍ മനസ്സിലായി .ബുദ്ധനെ അവതാരം ആക്കി മാറ്റിയിരിക്കുന്നു.വിഷ്ണുവിന്റെ അവതാരം.! അങ്ങനെ ഹൈന്ദവ ബുദ്ധി പ്രവര്‍ത്തിച്ചു .അടുത്തുള്ള വിഷ്ണു പദം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ഇവിടം കൂടി എത്തി ദര്‍ശന പുണ്യം നേടുന്നു.

അവര്‍ പ്രാര്ത്തനയില്‍ മുഴുകി
അവര്‍ക്ക് മാത്രമേ അടുത്ത് ചെല്ലാന്‍ അനുവാദമുള്ളൂ
മറ്റുള്ളവര്‍ അല്പം ദൂരെ വരെ
എനിക്ക് എന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു".മഹാഗുരോ പ്രണാമം."

അതെ ഇപ്പോഴും ഇപ്പോഴും പ്രസക്തമായ ഒരു ദര്‍ശനത്ത്നു
എന്റെയും പ്രണാമം.
മഹാഗുരോ

(തുടരും )

Tuesday, July 12, 2011

കാശ്മീരിലെ സ്കൂളും മഴയും


മഴ തടാകത്തില്‍ പനിനീര് കുടയുന്നു

വിശാലമായ തടാകത്തിലെ നിര്‍മലമായ ജലപ്പരപ്പ്
ലോലമായ പുളക വലയങ്ങള്‍ വിരിയിചു പ്രഭാത കുളിര്‍മയിലേക്ക് സാവധാനം പെയ്യുന്ന നേര്‍ത്ത മഴ.
മഴ എന്ന് പറയാമോ?..ഈ മഴയെ കൂസാതെ, അങ്ങനെ ഒന്ന് സംഭവിക്കുന്നു എന്ന് പോലും അറിയാത്തപോലെ കുട്ടികളും സ്ത്രീകളും..


അവരുടെ ചലനവേഗതെയുടെ താളം തെറ്റുന്നില്ല. സഞ്ചാരം ഇടറുന്നില്ല. കുട എടുക്കാന്‍ മറന്നതാവില്ല കുട നിവര്ക്കാനും. ഈ മഴ നനയാന്‍ തന്നെയല്ലേ ഇറങ്ങിയത്‌ എന്ന ഭാവം. മഴയെ പഴി പറയാതെ,ഒഴിഞ്ഞു ഒതുങ്ങാതെ , മഴചെങ്ങാത്തം സ്ഥാപിച്ചു പ്രഭാതം ആസ്വദിക്കുന്ന കാഷ്മീരികള്‍.
ഞാന്‍ മാത്രം കേരളീയന്റെ ഭീരുത്വം പ്രകടിപ്പിച്ചു. വഴിയോരത്തെ പ്ലാസ്റിക് പന്തലില്‍ അഭയം തേടി.
മഴ നേര്‍ത്ത കാശ്മീരി പട്ടു കൊണ്ട് മറതീര്‍ത്ത പോലെ. കാഴ്ചയ്ല്‍ മങ്ങല്‍. ദാല്‍ തടാകത്തില്‍ ചെറു വഞ്ചികള്‍. അക്കരെ ഒതുക്കി ഇട്ടിരിക്കുന്ന പുര വള്ളങ്ങള്‍

പെട്ടെന്ന് അവയ്ക്കിടയില്‍ നിന്നും ഒരു കൊച്ചു വള്ളം .അതില്‍ ഒരു കാലന്‍
കുടക്കീഴില്‍ രണ്ടു കുട്ടികള്‍. മുതിര്‍ന്ന കുട്ടി തുഴ എറിയുന്നു. വഞ്ചിത്തുഞ്ചത്ത് ഒരു യുവതി.
ഷാള് കൊണ്ട് മുടി മൂടി,ചുവന്നു തുടുത്ത ചുരിദാരിനുള്ളില്‍ നിറഞ്ഞ് (ശരീരം കുപ്പായത്തിനു നിറം നല്കിയതാണോ) മഴത്തുള്ളികള്‍ ഏറ്റു വാങ്ങി അലസയായി ജലത്തില്‍ പ്രതിഫലിച്ചു. വഞ്ചി അടുക്കുകയാണ്.

നീര്‍ക്കാക്കകുഞ്ഞുങ്ങള്‍ തല ഉയര്‍ത്തി നോക്കി. അവളുടെ പ്രതിബിംബത്തിലേക്ക് ഊളയിട്ടു. കുട്ടികള്‍ക്ക് യൂനിഫോമാണ്. ബാഗും ഉണ്ട്. അവര്‍ വിദ്യാര്‍ഥികള്‍. യുവതി പാട് പെട്ട് വഞ്ചി പടവുകളില്‍ അടുപ്പിച്ചു
ഇളയ കുട്ടിയെ കരുതലോടെ ഇറക്കി.റോഡ്‌ മുറിച്ചു കടന്നു അവരെ പാസഞ്ചര്‍ ഷെഡില്‍ കൊണ്ട് പോയി.
മുട്ടോളം കുപ്പായമിട്ട, നര കറുപ്പിക്കാത്ത്ത ഒരു വൃദ്ധന്‍ -
അയാളും മഴയെ അവഗണിച്ചാണ് വരവ്.

മുമ്പില്‍ എത്തി നെറ്റി ചുളിച്ചു എന്നെ നോക്കി.
ഈ വാര്‍ദ്ധക്യം എന്നെ എന്ത് ചെയ്യാന്‍ പോകുന്നു/
"ടൈം?"
അയാള്‍ ആരാഞ്ഞു
"ഏഴു പതിനഞ്ചു"
കാലത്തിന്റെ കണികകളെ കുറിച്ച് ഓര്‍മിപ്പിച്ചു അയാള്‍ നീങ്ങി
എന്റെ പ്രായത്തെ അയാള്‍ പരിഹസിച്ചതാണോ .
മഴയെ പേടിച്ചു നില്‍ക്കുന്നോടാ പേടിത്തൊണ്ടാ? എനിക്ക് ചമ്മല്‍.
അപ്പോഴും മഴ പെയ്യുകയാണ്
യുവതി മടങ്ങി വന്നു. കാലന്‍ കുട മടക്കി പിടിച്ചാണ് വരവ്.
എനിക്കിത് കുളിര്‍മഴ എന്ന ഭാവം.
വഞ്ചിയില്‍ ഒരു കാല്‍ വെച്ച് മറ്റേക്കാല്‍ പടവിലോന്നില്‍ പതുക്കെ ഊന്നി.
വള്ളം തുള്ളി.
തുഴ ജലത്തെ മുറിച്ചു.
അടിപ്പായലുകള്‍ തുഴയില്‍ ഉടക്കി.അവ ആ സഞ്ചാരത്തെ തടയുകയാണ്.
യാത്ര മുന്നോട്ടു തന്നെ.

പെട്ടെന്ന്
അവര്‍ ഷാള്‍ എടുത്തു തല മൂടി.

മഴ തടാകത്തില്‍ പനിനീര് കുടയുന്നു. ഞാന്‍ മഴയത്തിറങ്ങി.
അപ്പോള്‍ മനസ്സിലും പെയ്തു- ഓര്‍മകളുടെ മഴ.
ഗ്രാമത്തിലെ മഴ നടത്തം.പുലരിയുടെ സ്വപനങ്ങള്‍ക്കൊപ്പം. പുല്‍നാമ്പുകള്‍ തല താഴ്ത്തി നില്‍ക്കുമ്പോള്‍ കാറ്റ് വന്നു കുലുക്കി ഉണര്‍ത്തിയത്..

ഇരമ്പത്ത്തോടെ ചെറു വണ്ടികള്‍...
മിനി ബസുകളാണ് കൂടുതലും. ടാക്സിക്കാരും . വിളിച്ചു ആളെ കയറ്റാന്‍ മത്സരം. ഞാന്‍ സ്വയം ചോദിച്ചു.ഇവിടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഇല്ലേ?

സിറ്റി വ്യൂ രെസ്റ്റൊരന്റ്റ് ആ പേര് പ്രലോഭിപ്പിച്ചു.
ഒരു കുന്നിന്റെ നെറുകയിലേക്ക് ബോര്‍ഡ് ക്ഷണിച്ചു
കുന്നിന്‍ മേലെ കാഴ്ച്ചയുടെ ആഴവും പരപ്പും എവിടെയും ഉണ്ടാകും
ഞാന്‍ ചുറ്റിനും നോക്കി
നഗരം തകരം കൂട്ടിയിട്ടപോലെ


തുരുമ്പിച്ച തകര മേല്‍ക്കൂരകള്‍..അവയുടെ തവിട്ടു നിറം മാത്രമല്ല .
പച്ചയും ചുവപ്പും കടുംനീലയും വാരി പൂശിയ മേല്‍കൂരകള്‍ കാശ്മീരിന്റെ വര്‍ണപ്രകൃതിക്ക് ഇണങ്ങും.
പൂക്കളുടെ കടും നിറങ്ങള്‍..
ചിനാര്‍ മരങ്ങള്‍ ഉല്ലാസത്തിലേക്ക് ഉണര്‍ന്നിട്ടില്ല.പ്രണയാതുര ഭാവങ്ങള്‍ നിറയ്ക്കുന്ന കാല്‍പനിക നിറങ്ങള്‍ ആ ഇലകള്‍ ശിഖരങ്ങളില്‍ ആവാഹിക്കും
കൊഴിയുമ്പോഴും അത് മനസ്സുകളില്‍ പ്രണയം ഏഴുതും
ജലാശയപ്പച്ച കൂടിയാകുമ്പോള്‍ ഒരു മാസ്മരിക ദൃശ്യ ഭംഗി.
കാഴ്ച്ചയുടെ കുന്നിറങ്ങി,
ആരോഹണ പര്‍വ്വം വിട്ടു .
താഴവാരത്ത്തിലേക്ക് പടവുകള്‍ ,
ഈറന്‍ മുടി വിടര്‍ത്തി ഇട്ടപോലെ തുഷാര കണങ്ങളുമായി ഇലനൂലുകള്‍ താഴേക്കു തൂവി ഒരു വൃക്ഷം.
കുറെ പെണ്‍കുട്ടികള്‍ കൂട്ടമായി എത്തി

ജനിച്ചപ്പോള്‍ മുതല്‍ തൂ മഞ്ഞില്‍ സ്നാനം ചെയ്തു ചെയ്തു കിട്ടിയ ധവളിമ.
ആപ്പിള്‍ തുടിപ്പുള്ള മുഖത്തിളക്കം. പ്രകൃതിയുടെ രഹസ്യ ദാനങ്ങള്‍ക്ക് പര്‍ദയിടാന്‍ ഇവര്‍ ഒരുമ്പെട്ടില്ല. വളര്‍ച്ചയുടെ ഇറുക്കവും മുറുക്കവും തുടിപ്പും മിടിപ്പും ടീ ഷര്‍ട്ടിലൊതുക്കാന്‍ പാട് പെടുന്ന യുവത്വം. എന്റെ സങ്കല്പത്തിലെ കാശ്മീര്‍ മറ്റൊന്നായിരുന്നു.
ആസകലം മൂടിയ പെണ്‍ ശരീരങ്ങള്‍ അപൂര്‍വമായി മാത്രം നിരത്തുകളില്‍ ചലിക്കുന്നുണ്ടായിരുന്നു.രാവിലെ പത്രക്കച്ചവടം പൊടി പൊടിക്കുന്നു .
ഇരുന്നൂറ്റി നാല്പതു
ഉറുദു പത്രങ്ങളും നൂറ്റിനാല്പതോളം ഇംഗ്ലീഷ് പത്രങ്ങളും കാശ്മീരില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ടത്രേ!
രണ്ടു
ഷീറ്റ് , ഏറിയാല്‍ മൂന്നു അതാണ്‌ പത്ര സ്വരൂപം. ഗ്രേറ്റ് കാശ്മീര്‍, റൈസിംഗ് കാശ്മീര്‍ എന്നൊക്കെ പേരുകള്‍.
ഉച്ചയ്ക്ക് ശേഷമാണ് ദേശീയ പത്രങ്ങള്‍ എത്തുക.
ഓരോ താല്പര്യ ഗ്രൂപ്പിനും ഓരോ ജിഹ്വ .ഞാന്‍ കണ്ടവയില്‍ സിനിമ വാര്‍ത്തകള്‍ അയിത്തം കല്പിച്ചു മാറി നിന്നു.
കാശ്മീരിനെ വില്‍ക്കുകയാണ് ഭരണാധികാരികള്‍ എന്ന നിലയിലുള്ള വാര്‍ത്തകളും കണ്ടു.ശ്രീ നഗരത്ത്തില്‍ കാലു കുത്തിയപ്പോള്‍ മുതല്‍ വായ്‌ മൂടിക്കെട്ടിയ കരുതല്‍ക്കൂട്ടങ്ങലെയാണ് കാണാന്‍ കഴിഞ്ഞത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളം നിറഞ്ഞു നിന്നു. യാത്രക്കാരെക്കാള്‍ കൂടുതല്‍.അവര്‍ തടഞ്ഞു നിറുത്തി ഒരു ഫോം പൂരിപ്പിക്കാന്‍ തന്നു.
പേര് ..രാജ്യം... വയസ്... യാത്ര ചെയ്ത ഫ്ലൈറ്റ് നമ്പര്‍...
സീറ്റ് നമ്പര്‍... പത്ത് ദിവസത്തിനുള്ളില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടോ,
തല
വേദന , പനി, മൂക്കൊലിപ്പ് എന്ന് തുടങ്ങി സര്‍വ ആരോഗ്യ വിവരങ്ങളും പൂരിപ്പിച്ചു നല്കണം. അപ്പോള്‍ ഒരു മഞ്ഞcard കിട്ടും . അതുന്ടെന്കിലെ പുറത്ത് കടക്കാന്‍ ആകൂ. വിനോദ സഞ്ചാരം പ്രധാന വരുമാനമായ ഒരു സംസ്ഥാനം എടുക്കുന്ന കരുതല്‍. പന്നിപ്പനി പകര്‍ന്നാല്‍ കഞ്ഞികുടി മുട്ടും.


യാത്രയില്‍ അനുഭവിച്ചു മറ്റൊരു കരുതല്‍.
അതിരിലുള്ള ഒരു സംസ്ഥാനം അതിന്റെ ഭീതികള്‍.

ഇടയ്ക്കിടെ പോലീസും പട്ടാളവും തടഞ്ഞു നിറുത്തി.
വാഹന പരിശോധന.
ഭാരതത്തിന്റെ ദേഹരക്ഷ. അതിനാണീ സുരക്ഷാ പരിശോധന. അത്യാസന്ന രോഗികളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ പോല ഹോണടിച്ചു ലൈറ്റിട്ടു കവചിത വാഹനങ്ങള്‍ നിരനിരയായി പോകുന്നത് കണ്ടു.നാലാള്‍ കൂടുന്നിടത്തൊക്കെ പച്ച ചാണക കുപ്പായക്കാര്‍ ഉണ്ടാകും. കുഴയാത്ത കാലുകളില്‍ ജാഗ്രതയോടെ പിഴയ്ക്കാത്ത ഉന്നം മനസ്സില്‍ കുറിച്ച്..
മേയ് പത്തോന്പതിനു ആസ്യയെയും നാത്തൂനെയും സുരക്ഷക്കാര്‍ ബലാല്‍സംഗം ചെയ്തതിന്റെ മുറിവ് അപ്പോഴും കാശ്മീരില്‍ ഉണങ്ങിയിരുന്നില്ല
ഇന്നും ജനം നഗരത്തില്‍ സുരക്ഷാ ഭടന്മാരുമായി ഏറ്റു മുട്ടിയ വാര്‍ത്ത. കല്ലായിരുന്നു ആയുധം. കടകള്‍ അടച്ചു. പത്ത് പതിനൊന്നു പേര്‍ക്ക് പരിക്ക്.


അമിതാധികാരികലാകുന്ന്വോ സുരക്ഷയുടെ ദൌത്യം ഏറ്റെടുത്തവര്‍. ഈ ആശങ്ക മാറ്റാന്‍ കഴിയണം.
നിങ്ങളുടെ ശോഭനമായ ജീവിതത്തിനു വേണ്ടിയാണ് ഞങ്ങള്‍ എന്ന് ബോര്‍ഡു വെച്ചാല്‍ തീരില്ല.
മുള്‍ക്കമ്പി വലയങ്ങള്‍.ചെക്ക് പോസ്റ്റുകള്‍, ചാക്ക് കൊണ്ട് തീര്‍ത്ത കാവല്‍ മടകള്‍.പരിശോധന,റോന്തു ചുറ്റല്‍ ഇവ അസാധാരണത്വം വെടിഞ്ഞു.
ഞാന്‍ അത്തരം കാഴചകളില്‍ നിന്നും കണ്ണ് പിന്‍വലിച്ചു
തണുപ്പില്‍ കുളിച്ച ചൂടില്ലാത്ത വെയില്‍. പകല്‍ നിലാവെയില്‍ എന്ന് വിളിച്ചാലോ
ചെമ്മരിയാടുകള്‍,കുതിര,കഴുത്ത ,പശു എന്നിവ വഴിയോരക്കാഴ്ചകള്‍.ഒരു തെരുവ്. നല്ല തിരക്ക്.
അപ്പോഴാണ്‌ കൌതുകം.
എല്ലാ കടകള്‍ക്കും ചക്രം. ഉന്തുകടവണ്ടികള്‍.
അവ അന്തിയാകുമ്പോള്‍ സ്വയം ഒഴിഞ്ഞു പോകും.


വീടുകള്‍- മരമാണ് നിര്‍മിത വസ്തു. നിര്‍മിതിയുടെ വൈവിധ്യം.
.കുതിരപ്പുറത്ത്‌ ഒരു വൃദ്ധന്‍ കാലികളെ മേയ്ച്ചു കൊണ്ട് പോയി.നിറയെ പാറക്കല്ലുകള്‍ മാത്രമുള്ള ഒരു പുഴ.


കുന്നു അടയാളം കാണിച്ചു


സ്തൂപികാഗ്ര വൃക്ഷങ്ങള്‍.
അവയുടെ ഇളം പച്ചപ്പും കുത്തനതയും നിബിടതയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മലനിരകള്‍.
ഗുല്‍മാര്‍ഗ്-അതിന്റെ ചരിവും വടിവും ഉയരവും വിപുലതയും കൊണ്ട് തനിമ പ്രകടിപ്പിച്ചു.

നെറുകയിലേക്ക് വണ്ടി കിതച്ചു കയറുമ്പോള്‍ ഒരിക്കലും ആരും പ്രതീക്ഷിക്കില്ല ഇത്രയും വിസ്തൃതമായ തടം.വയാനാടന്‍ ചുരം കയറി പെട്ടെന്ന് നിരപ്പിലേക്ക്‌ കടക്കും പോലെ.
മരങ്ങള്‍ ഇവിടെ തടത്തിനു കാവല്‍ .
ഉയര്‍ച്ച താഴ്ചകളും പുല്‍ മൈതാനവും ജലാശയവും..
സന്ധ്യ ഏഴര വരെ നീളും .അതും അസുലഭാനുഭവം .ഇപ്പോള്‍ മഞ്ഞു കാലമല്ല.

ഗുല്‍മാര്‍ഗ് -മഞ്ഞു മൂടിക്കിടക്കുമ്പോള്‍ പരദേശികള്‍ അതില്‍ കേളിയാടാന്‍ വരും.ഗോള്‍ഫ്, സ്കേറ്റിംഗ് ,സൈക്ലിംഗ്, റോപ് വെ ,കുതിര സവാരി, ധനികവിനോദികള്‍ക്ക് ആര്‍ത്തി ഉണര്‍ത്തുന്ന ഹിമ പ്രദേശംകുതിരക്കാരും കച്ചവടക്കാരും പിറകെ കൂടി.
മടക്ക യാത്രയില്‍ മനസ്സില്‍ ഒരു ശൂന്യത.പര്‍വതങ്ങള്‍ അകലെ സന്ധ്യയുടെ സ്വര്‍ണനൂലുകള്‍ കൊണ്ട് സ്വയം അലങ്കരിക്കുന്നുണ്ടായിരുന്നു
ക്രമേണ കറുത്ത ഇഴകള്‍ കൂടി നെയ്ത്തുകാരന്‍ ചേര്‍ത്തു.
കറുപ്പിന്റെ കര പടരാന്‍ തുടങ്ങി. നക്ഷത്ര മിനുക്കം ചേര്‍ക്കാന്‍ അടുത്ത ശ്രമം..


കാശ്മീരിലെ വിദ്യാഭ്യാസ രീതികള്‍
ഞാന്‍ ചെല്ലുമ്പോള്‍ രാജ് ഭാഗ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ അധ്യാപക പരിശീലനം നടക്കുകയാണ്.
ശ്രീ മുഹമ്മദ ഷാഫി എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി.

പുതിയ അധ്യാപകരാണ്.ഇരുപത്തിനാല് പേരുണ്ട്.
വൈറ്റ് ബോര്‍ഡില്‍ ശിശു കേന്ദ്രിത വിദ്യാഭ്യാസം എന്നെഴുതിയിട്ടുണ്ട്.

അധ്യാപിക ഫസിലെട്ടെട്ടര്‍ ആണോ ഗൈഡ് ആണോ സുഹൃത്താണോ.., വഴികാട്ടിയാണോ എന്ന് ട്രെയിനര്‍ ചോദിക്കുന്നു. പത്ത് വര്ഷം മുമ്പ് കേരളം ചോദിച്ച ചോദ്യം.അധ്യാപികമാര്‍ പ്രതികരിക്കുന്നു. പുരുഷ ഗണങ്ങള്‍ മിണ്ടാ വൃതമാണ്. അത് എന്നെ അത്ഭുതപ്പെടുത്തി. കേരളത്തില്‍ മറിച്ചാണ് അനുഭവം.
ഒരു അധ്യാപിക കൈക്കുഞ്ഞുമായാണ് വന്നത്. അതിനെ നോക്കലും ഇതിനിടയില്‍ നടക്കുന്നു. ആ സ്വാതന്ത്ര്യം കേരളത്തില്‍ ഇല്ലല്ലോ. കുട്ടി ചിണുങ്ങാന്‍ തുടങ്ങി. അമ്മ അതിനെയും കൊണ്ട് പുറത്തേക്ക്. അല്പം കഴിഞ്ഞു തിരികെ വന്നു. കുഞ്ഞു ശിശു കേന്ദ്രിത സമീപനം അനുഭവിച്ചു.

ഞാന്‍ ഓഫീസ് റൂമിലേക്ക്‌ മടങ്ങി . അവിടുള്ള ബി ആര്‍ സി ട്രെയിനര്‍ മാരുമായി സംവദിച്ചു.
മുപ്പത്തി മൂന്നു ശതമാനം മാര്‍ക്ക് കിട്ടിയാലേ ക്ലാസ് കയറ്റം കിട്ടൂ.അവധിക്കാലത്ത്‌ പരിഹാര ബോധനം ഉണ്ട്.. അതിനു അധ്യാപകര്‍ക്ക് ആയിരം-ആയിരത്തഞ്ഞൂറു രൂപ എക്സ്ട്രാ കിട്ടും. ആ പതിവ് തുടരുമെന്നാണ് സൂചന. അതായത് നിലവാരം പൊങ്ങില്ല.
കെ ജി മുതല്‍ ഇംഗ്ലീഷ് മീഡിയം ആണ്. എല്ലാ gov സ്കൂളുകളിലും നടപ്പാക്കി. പക്ഷെ വിദ്യാഭ്യാസ നിലവാരം തൃപ്തികരമlla


ഇംഗ്ലീഷ് മീഡിയമാണ് നിലവാരം എന്ന് കശ്മീരികള്‍ പറയില്ല. അനുഭവം കൊണ്ടുള്ള പാഠം.
കുട്ടികള്‍ പഠിക്കുന്ന ഭാഷകള്‍ അവിടെ ഏതൊക്കെ? ഉറുദു, ഹിന്ദി, ദോഗ്രി, കാശ്മീരി,
ഈ ആഗസ്റ്റ്‌ മുതല്‍ കാശ്മീരി അല്ലെങ്കില്‍ ഒരു പ്രാദേശിക ഭാഷ എല്ലാ കുട്ടികളും നിര്‍ബന്ധമായും പഠിപ്പിക്കണം എന്ന് ഉത്തരവ്.
ഒരു സ്കൂളില്‍ മൂന്നു മുതല്‍ അഞ്ചു വരെ അധ്യാപകര്‍. അവര്‍ എല്ലാ വിഷയവും പഠിപ്പിക്കണം.
പ്ലസ് ടു കഴിഞ്ഞാല്‍ അദ്ധ്യാപകന്‍ ആകാം. പരിശീലനം നിയമനം ലഭിച്ച ശേഷം. അത്തരം ഒരു ബാച്ചിനെ പരിശീലിപ്പിക്കുന്നതാണ് നാം കണ്ടത്
കാശ്മീരിന്റെ ചരിത്രമോ സംസ്കാരമോ പ്രതിഫലിപ്പിക്കാത്ത പാഠപുസ്തകങ്ങള്‍ ആണ് ചെറിയ ക്ലാസ് മുതല്‍, .അവര്‍ക്ക് നിരാശയും അമര്‍ഷവും ഉണ്ട്, എന്‍ സി ഇ ആര്‍ ടി സിലബസ് പ്രകാരം ഉള്ള പുസ്തകങ്ങള്‍ കാശ്മീര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ലേബലില്‍ സ്കൂളില്‍ എത്തും. കുട്ടികളുടെ ജീവിത ചുറ്റുപാട് അടര്‍ത്തി മാറ്റിയുള്ള പഠനം.
സ്കൂള്‍ സമയം പലതാണ്
ശ്രീനഗര്‍ -ഏഴു മുപ്പതിന് സ്കൂള്‍ സജ്ജീവമാകും.ഗ്രാമങ്ങളില്‍ പത്ത് മണിയാണ് സമയം ചില ഇടങ്ങളില്‍ ഒമ്പതിനും ആരംഭിക്കും
കാലാവസ്ഥയാണ് സമയം നിശ്ചയിക്കുക. ഒരു വര്ഷം തന്നെ പല സമയം പിന്തുടരേണ്ടി വരും എന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ അനുഭവം ,വിവാദം മനസ്സില്‍ ഉള്ളതിനാല്‍ ഞാന്‍ ചോദിച്ചു അപ്പോള്‍ മത പഠനം എപ്പോള്‍ നടക്കും.?

മതപഠനത്ത്തിനു പോകേണ്ടവര്‍ വേണമെങ്കില്‍ നാല് മണിക്ക് ശേഷം പോകുമെന്നാണ് മറുപടി
അനിവാര്യമായത്തിനു സമയം കണ്ടെത്തുമെന്ന ന്യായീകരണവും. മദ്രസ വിദ്യാലയങ്ങള്‍ അപൂര്‍വമാണെന്നു അവര്‍ പറഞ്ഞു എനിക്ക് അത് ഇപ്പോഴും വിശ്വാസം ആയിട്ടില്ല.
ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിക്കുന്ന ക്ലാസുകള്‍ ഉണ്ട്. ഹയര്‍ ക്ലാസുകളില്‍ പ്രത്യേകം പ്രത്യേകം ആണ്. "കോ എഡ്യൂക്കേഷന്‍ സ്കൂള്‍ "എന്നെ ബോര്‍ഡ് വെക്കാനും തയ്യാര്‍.
ഞാന്‍ അടുത്തുള്ള ഗേള്‍സ്‌ സെക്കണ്ടറി സ്കൂളിലേക്ക് പോയി.കെ ജി മുതല്‍ പത്ത് വരെ ക്ലാസുകള്‍.
ഓഫീസ് റൂം കമനീയം. ചിട്ടയോടെ ആകര്‍ഷകമായി എല്ലാം വെച്ചിരിക്കുന്നു. എച് എം അധ്യാപകരെയും സ്കൂള്‍ പ്രവര്‍ത്തനത്തെയും മോണിട്ടര്‍ ചെയ്യുന്നതിന്റെ തെളിവുകള്‍.
എച് മിന്റെ മേശമേല്‍ അധ്യാപകരുടെ ടീച്ചിംഗ് നോട്ട്. അത് നോക്കുന്ന സമയമാണ് എന്റെ വരവ്.

സ്കൂള്‍ നടത്ത്തിപ്പിന് കുറിച്ചവര്‍ പറഞ്ഞു.


ജി കെ ബോര്‍ഡ് സിലബസ് ആണ് ( എന്‍ സി ഇ ആര്‍ ടി വേഷം മാറിയത് )
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ആണ് അവധി. രണ്ടു ടേം പരീക്ഷകള്‍. മൂന്നു യൂനിറ്റ് ടെസ്റ്റുകള്‍.

ഉച്ച ഭക്ഷണം വിളമ്പുന്നത് കണ്ടു. ഒരു വലിയ താലം അതിനു ചുറ്റും കുട്ടികള്‍ ഇരിക്കും താലത്തിലേക്ക് മഞ്ഞ നിറമുള്ള ആഹാരം കുടഞ്ഞിടും കുട്ടികള്‍ എല്ലാ വശത്ത് നിന്നും ആക്രമണം തുടങ്ങും. ഒരുമ. എനിക്കിഷ്ടപ്പെttu
അധ്യയന ദിനങ്ങള്‍ വളരെ കുറവ്.
കര്‍ഫ്യൂ, ലഹള, ബന്ദ്,കലാപം, സംഘര്‍ഷം ഏറ്റുമുട്ടല്‍, പ്രതിഷേധം,എന്നൊക്കെ പേരുകളില്‍ അത് സംഭവിക്കും.
സ്കൂളില്‍ സ്പോര്‍ട്സ് നടക്കുന്നു. വെള്ള യൂണിഫോം ഇട്ട പെണ്‍കുട്ടികള്‍

അവര്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കായിക വിനോദത്തിന്റെ വേഷം അണിഞ്ഞു. ഷോട്സ് ധരിച്ചു ഓടുന്ന ചാടുന്ന മുതിര്‍ന്ന പെണ്‍കുട്ടികള്‍.
കേരളത്തില്‍ പര്‍ദ്ദ ധരിപ്പിക്കാന്‍ വാശി പിടിക്കുന്ന ഒരു ചെറു ന്യൂന പക്ഷം യാഥാസ്ഥിതികര്‍ ഇതൊക്കെ കാണണം.

സ്കൂളില്‍ നിന്നും ഇറങ്ങി ബി ആര്‍ സി സുഹൃത്തുക്കളില്‍ നിന്നും യാത്ര പറഞ്ഞു ഒറ്റയ്ക്ക് നടന്നു.
ഹോട്ടലില്‍...
ചിനാര്‍ മരങ്ങളില്‍ ഇലകള്‍ പൊന്‍ ചുവപ്പ് ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ കണ്ടു. പുറത്തേക്ക് നോക്കി ഇപ്പോള്‍ പച്ചയാണ് വേഷം.
കശ്മീര്‍ ഓരോ ഋതുവിലും ഓരോ കാഷ്മീരാന്.
.
നാല് നാള്‍ മാത്രമേ ഇവിടെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും കാശ്മീരിന്റെ ഹൃദയം തൊടാന്‍ അത് ധാരാളം

------ഇത് കൂടി വായിക്കുക ----

കാശ്മീരക്കാഴ്ചകളില്‍ ഭയവും ആനന്ദവും .
ക്ലിക്ക് ചെയ്യുക

.