വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, July 12, 2011

കാശ്മീരിലെ സ്കൂളും മഴയും


മഴ തടാകത്തില്‍ പനിനീര് കുടയുന്നു

വിശാലമായ തടാകത്തിലെ നിര്‍മലമായ ജലപ്പരപ്പ്
ലോലമായ പുളക വലയങ്ങള്‍ വിരിയിചു പ്രഭാത കുളിര്‍മയിലേക്ക് സാവധാനം പെയ്യുന്ന നേര്‍ത്ത മഴ.
മഴ എന്ന് പറയാമോ?..ഈ മഴയെ കൂസാതെ, അങ്ങനെ ഒന്ന് സംഭവിക്കുന്നു എന്ന് പോലും അറിയാത്തപോലെ കുട്ടികളും സ്ത്രീകളും..


അവരുടെ ചലനവേഗതെയുടെ താളം തെറ്റുന്നില്ല. സഞ്ചാരം ഇടറുന്നില്ല. കുട എടുക്കാന്‍ മറന്നതാവില്ല കുട നിവര്ക്കാനും. ഈ മഴ നനയാന്‍ തന്നെയല്ലേ ഇറങ്ങിയത്‌ എന്ന ഭാവം. മഴയെ പഴി പറയാതെ,ഒഴിഞ്ഞു ഒതുങ്ങാതെ , മഴചെങ്ങാത്തം സ്ഥാപിച്ചു പ്രഭാതം ആസ്വദിക്കുന്ന കാഷ്മീരികള്‍.
ഞാന്‍ മാത്രം കേരളീയന്റെ ഭീരുത്വം പ്രകടിപ്പിച്ചു. വഴിയോരത്തെ പ്ലാസ്റിക് പന്തലില്‍ അഭയം തേടി.
മഴ നേര്‍ത്ത കാശ്മീരി പട്ടു കൊണ്ട് മറതീര്‍ത്ത പോലെ. കാഴ്ചയ്ല്‍ മങ്ങല്‍. ദാല്‍ തടാകത്തില്‍ ചെറു വഞ്ചികള്‍. അക്കരെ ഒതുക്കി ഇട്ടിരിക്കുന്ന പുര വള്ളങ്ങള്‍

പെട്ടെന്ന് അവയ്ക്കിടയില്‍ നിന്നും ഒരു കൊച്ചു വള്ളം .അതില്‍ ഒരു കാലന്‍
കുടക്കീഴില്‍ രണ്ടു കുട്ടികള്‍. മുതിര്‍ന്ന കുട്ടി തുഴ എറിയുന്നു. വഞ്ചിത്തുഞ്ചത്ത് ഒരു യുവതി.
ഷാള് കൊണ്ട് മുടി മൂടി,ചുവന്നു തുടുത്ത ചുരിദാരിനുള്ളില്‍ നിറഞ്ഞ് (ശരീരം കുപ്പായത്തിനു നിറം നല്കിയതാണോ) മഴത്തുള്ളികള്‍ ഏറ്റു വാങ്ങി അലസയായി ജലത്തില്‍ പ്രതിഫലിച്ചു. വഞ്ചി അടുക്കുകയാണ്.

നീര്‍ക്കാക്കകുഞ്ഞുങ്ങള്‍ തല ഉയര്‍ത്തി നോക്കി. അവളുടെ പ്രതിബിംബത്തിലേക്ക് ഊളയിട്ടു. കുട്ടികള്‍ക്ക് യൂനിഫോമാണ്. ബാഗും ഉണ്ട്. അവര്‍ വിദ്യാര്‍ഥികള്‍. യുവതി പാട് പെട്ട് വഞ്ചി പടവുകളില്‍ അടുപ്പിച്ചു
ഇളയ കുട്ടിയെ കരുതലോടെ ഇറക്കി.റോഡ്‌ മുറിച്ചു കടന്നു അവരെ പാസഞ്ചര്‍ ഷെഡില്‍ കൊണ്ട് പോയി.
മുട്ടോളം കുപ്പായമിട്ട, നര കറുപ്പിക്കാത്ത്ത ഒരു വൃദ്ധന്‍ -
അയാളും മഴയെ അവഗണിച്ചാണ് വരവ്.

മുമ്പില്‍ എത്തി നെറ്റി ചുളിച്ചു എന്നെ നോക്കി.
ഈ വാര്‍ദ്ധക്യം എന്നെ എന്ത് ചെയ്യാന്‍ പോകുന്നു/
"ടൈം?"
അയാള്‍ ആരാഞ്ഞു
"ഏഴു പതിനഞ്ചു"
കാലത്തിന്റെ കണികകളെ കുറിച്ച് ഓര്‍മിപ്പിച്ചു അയാള്‍ നീങ്ങി
എന്റെ പ്രായത്തെ അയാള്‍ പരിഹസിച്ചതാണോ .
മഴയെ പേടിച്ചു നില്‍ക്കുന്നോടാ പേടിത്തൊണ്ടാ? എനിക്ക് ചമ്മല്‍.
അപ്പോഴും മഴ പെയ്യുകയാണ്
യുവതി മടങ്ങി വന്നു. കാലന്‍ കുട മടക്കി പിടിച്ചാണ് വരവ്.
എനിക്കിത് കുളിര്‍മഴ എന്ന ഭാവം.
വഞ്ചിയില്‍ ഒരു കാല്‍ വെച്ച് മറ്റേക്കാല്‍ പടവിലോന്നില്‍ പതുക്കെ ഊന്നി.
വള്ളം തുള്ളി.
തുഴ ജലത്തെ മുറിച്ചു.
അടിപ്പായലുകള്‍ തുഴയില്‍ ഉടക്കി.അവ ആ സഞ്ചാരത്തെ തടയുകയാണ്.
യാത്ര മുന്നോട്ടു തന്നെ.

പെട്ടെന്ന്
അവര്‍ ഷാള്‍ എടുത്തു തല മൂടി.

മഴ തടാകത്തില്‍ പനിനീര് കുടയുന്നു. ഞാന്‍ മഴയത്തിറങ്ങി.
അപ്പോള്‍ മനസ്സിലും പെയ്തു- ഓര്‍മകളുടെ മഴ.
ഗ്രാമത്തിലെ മഴ നടത്തം.പുലരിയുടെ സ്വപനങ്ങള്‍ക്കൊപ്പം. പുല്‍നാമ്പുകള്‍ തല താഴ്ത്തി നില്‍ക്കുമ്പോള്‍ കാറ്റ് വന്നു കുലുക്കി ഉണര്‍ത്തിയത്..

ഇരമ്പത്ത്തോടെ ചെറു വണ്ടികള്‍...
മിനി ബസുകളാണ് കൂടുതലും. ടാക്സിക്കാരും . വിളിച്ചു ആളെ കയറ്റാന്‍ മത്സരം. ഞാന്‍ സ്വയം ചോദിച്ചു.ഇവിടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഇല്ലേ?

സിറ്റി വ്യൂ രെസ്റ്റൊരന്റ്റ് ആ പേര് പ്രലോഭിപ്പിച്ചു.
ഒരു കുന്നിന്റെ നെറുകയിലേക്ക് ബോര്‍ഡ് ക്ഷണിച്ചു
കുന്നിന്‍ മേലെ കാഴ്ച്ചയുടെ ആഴവും പരപ്പും എവിടെയും ഉണ്ടാകും
ഞാന്‍ ചുറ്റിനും നോക്കി
നഗരം തകരം കൂട്ടിയിട്ടപോലെ


തുരുമ്പിച്ച തകര മേല്‍ക്കൂരകള്‍..അവയുടെ തവിട്ടു നിറം മാത്രമല്ല .
പച്ചയും ചുവപ്പും കടുംനീലയും വാരി പൂശിയ മേല്‍കൂരകള്‍ കാശ്മീരിന്റെ വര്‍ണപ്രകൃതിക്ക് ഇണങ്ങും.
പൂക്കളുടെ കടും നിറങ്ങള്‍..
ചിനാര്‍ മരങ്ങള്‍ ഉല്ലാസത്തിലേക്ക് ഉണര്‍ന്നിട്ടില്ല.പ്രണയാതുര ഭാവങ്ങള്‍ നിറയ്ക്കുന്ന കാല്‍പനിക നിറങ്ങള്‍ ആ ഇലകള്‍ ശിഖരങ്ങളില്‍ ആവാഹിക്കും
കൊഴിയുമ്പോഴും അത് മനസ്സുകളില്‍ പ്രണയം ഏഴുതും
ജലാശയപ്പച്ച കൂടിയാകുമ്പോള്‍ ഒരു മാസ്മരിക ദൃശ്യ ഭംഗി.
കാഴ്ച്ചയുടെ കുന്നിറങ്ങി,
ആരോഹണ പര്‍വ്വം വിട്ടു .
താഴവാരത്ത്തിലേക്ക് പടവുകള്‍ ,
ഈറന്‍ മുടി വിടര്‍ത്തി ഇട്ടപോലെ തുഷാര കണങ്ങളുമായി ഇലനൂലുകള്‍ താഴേക്കു തൂവി ഒരു വൃക്ഷം.
കുറെ പെണ്‍കുട്ടികള്‍ കൂട്ടമായി എത്തി

ജനിച്ചപ്പോള്‍ മുതല്‍ തൂ മഞ്ഞില്‍ സ്നാനം ചെയ്തു ചെയ്തു കിട്ടിയ ധവളിമ.
ആപ്പിള്‍ തുടിപ്പുള്ള മുഖത്തിളക്കം. പ്രകൃതിയുടെ രഹസ്യ ദാനങ്ങള്‍ക്ക് പര്‍ദയിടാന്‍ ഇവര്‍ ഒരുമ്പെട്ടില്ല. വളര്‍ച്ചയുടെ ഇറുക്കവും മുറുക്കവും തുടിപ്പും മിടിപ്പും ടീ ഷര്‍ട്ടിലൊതുക്കാന്‍ പാട് പെടുന്ന യുവത്വം. എന്റെ സങ്കല്പത്തിലെ കാശ്മീര്‍ മറ്റൊന്നായിരുന്നു.
ആസകലം മൂടിയ പെണ്‍ ശരീരങ്ങള്‍ അപൂര്‍വമായി മാത്രം നിരത്തുകളില്‍ ചലിക്കുന്നുണ്ടായിരുന്നു.രാവിലെ പത്രക്കച്ചവടം പൊടി പൊടിക്കുന്നു .
ഇരുന്നൂറ്റി നാല്പതു
ഉറുദു പത്രങ്ങളും നൂറ്റിനാല്പതോളം ഇംഗ്ലീഷ് പത്രങ്ങളും കാശ്മീരില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ടത്രേ!
രണ്ടു
ഷീറ്റ് , ഏറിയാല്‍ മൂന്നു അതാണ്‌ പത്ര സ്വരൂപം. ഗ്രേറ്റ് കാശ്മീര്‍, റൈസിംഗ് കാശ്മീര്‍ എന്നൊക്കെ പേരുകള്‍.
ഉച്ചയ്ക്ക് ശേഷമാണ് ദേശീയ പത്രങ്ങള്‍ എത്തുക.
ഓരോ താല്പര്യ ഗ്രൂപ്പിനും ഓരോ ജിഹ്വ .ഞാന്‍ കണ്ടവയില്‍ സിനിമ വാര്‍ത്തകള്‍ അയിത്തം കല്പിച്ചു മാറി നിന്നു.
കാശ്മീരിനെ വില്‍ക്കുകയാണ് ഭരണാധികാരികള്‍ എന്ന നിലയിലുള്ള വാര്‍ത്തകളും കണ്ടു.ശ്രീ നഗരത്ത്തില്‍ കാലു കുത്തിയപ്പോള്‍ മുതല്‍ വായ്‌ മൂടിക്കെട്ടിയ കരുതല്‍ക്കൂട്ടങ്ങലെയാണ് കാണാന്‍ കഴിഞ്ഞത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളം നിറഞ്ഞു നിന്നു. യാത്രക്കാരെക്കാള്‍ കൂടുതല്‍.അവര്‍ തടഞ്ഞു നിറുത്തി ഒരു ഫോം പൂരിപ്പിക്കാന്‍ തന്നു.
പേര് ..രാജ്യം... വയസ്... യാത്ര ചെയ്ത ഫ്ലൈറ്റ് നമ്പര്‍...
സീറ്റ് നമ്പര്‍... പത്ത് ദിവസത്തിനുള്ളില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടോ,
തല
വേദന , പനി, മൂക്കൊലിപ്പ് എന്ന് തുടങ്ങി സര്‍വ ആരോഗ്യ വിവരങ്ങളും പൂരിപ്പിച്ചു നല്കണം. അപ്പോള്‍ ഒരു മഞ്ഞcard കിട്ടും . അതുന്ടെന്കിലെ പുറത്ത് കടക്കാന്‍ ആകൂ. വിനോദ സഞ്ചാരം പ്രധാന വരുമാനമായ ഒരു സംസ്ഥാനം എടുക്കുന്ന കരുതല്‍. പന്നിപ്പനി പകര്‍ന്നാല്‍ കഞ്ഞികുടി മുട്ടും.


യാത്രയില്‍ അനുഭവിച്ചു മറ്റൊരു കരുതല്‍.
അതിരിലുള്ള ഒരു സംസ്ഥാനം അതിന്റെ ഭീതികള്‍.

ഇടയ്ക്കിടെ പോലീസും പട്ടാളവും തടഞ്ഞു നിറുത്തി.
വാഹന പരിശോധന.
ഭാരതത്തിന്റെ ദേഹരക്ഷ. അതിനാണീ സുരക്ഷാ പരിശോധന. അത്യാസന്ന രോഗികളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ പോല ഹോണടിച്ചു ലൈറ്റിട്ടു കവചിത വാഹനങ്ങള്‍ നിരനിരയായി പോകുന്നത് കണ്ടു.നാലാള്‍ കൂടുന്നിടത്തൊക്കെ പച്ച ചാണക കുപ്പായക്കാര്‍ ഉണ്ടാകും. കുഴയാത്ത കാലുകളില്‍ ജാഗ്രതയോടെ പിഴയ്ക്കാത്ത ഉന്നം മനസ്സില്‍ കുറിച്ച്..
മേയ് പത്തോന്പതിനു ആസ്യയെയും നാത്തൂനെയും സുരക്ഷക്കാര്‍ ബലാല്‍സംഗം ചെയ്തതിന്റെ മുറിവ് അപ്പോഴും കാശ്മീരില്‍ ഉണങ്ങിയിരുന്നില്ല
ഇന്നും ജനം നഗരത്തില്‍ സുരക്ഷാ ഭടന്മാരുമായി ഏറ്റു മുട്ടിയ വാര്‍ത്ത. കല്ലായിരുന്നു ആയുധം. കടകള്‍ അടച്ചു. പത്ത് പതിനൊന്നു പേര്‍ക്ക് പരിക്ക്.


അമിതാധികാരികലാകുന്ന്വോ സുരക്ഷയുടെ ദൌത്യം ഏറ്റെടുത്തവര്‍. ഈ ആശങ്ക മാറ്റാന്‍ കഴിയണം.
നിങ്ങളുടെ ശോഭനമായ ജീവിതത്തിനു വേണ്ടിയാണ് ഞങ്ങള്‍ എന്ന് ബോര്‍ഡു വെച്ചാല്‍ തീരില്ല.
മുള്‍ക്കമ്പി വലയങ്ങള്‍.ചെക്ക് പോസ്റ്റുകള്‍, ചാക്ക് കൊണ്ട് തീര്‍ത്ത കാവല്‍ മടകള്‍.പരിശോധന,റോന്തു ചുറ്റല്‍ ഇവ അസാധാരണത്വം വെടിഞ്ഞു.
ഞാന്‍ അത്തരം കാഴചകളില്‍ നിന്നും കണ്ണ് പിന്‍വലിച്ചു
തണുപ്പില്‍ കുളിച്ച ചൂടില്ലാത്ത വെയില്‍. പകല്‍ നിലാവെയില്‍ എന്ന് വിളിച്ചാലോ
ചെമ്മരിയാടുകള്‍,കുതിര,കഴുത്ത ,പശു എന്നിവ വഴിയോരക്കാഴ്ചകള്‍.ഒരു തെരുവ്. നല്ല തിരക്ക്.
അപ്പോഴാണ്‌ കൌതുകം.
എല്ലാ കടകള്‍ക്കും ചക്രം. ഉന്തുകടവണ്ടികള്‍.
അവ അന്തിയാകുമ്പോള്‍ സ്വയം ഒഴിഞ്ഞു പോകും.


വീടുകള്‍- മരമാണ് നിര്‍മിത വസ്തു. നിര്‍മിതിയുടെ വൈവിധ്യം.
.കുതിരപ്പുറത്ത്‌ ഒരു വൃദ്ധന്‍ കാലികളെ മേയ്ച്ചു കൊണ്ട് പോയി.നിറയെ പാറക്കല്ലുകള്‍ മാത്രമുള്ള ഒരു പുഴ.


കുന്നു അടയാളം കാണിച്ചു


സ്തൂപികാഗ്ര വൃക്ഷങ്ങള്‍.
അവയുടെ ഇളം പച്ചപ്പും കുത്തനതയും നിബിടതയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മലനിരകള്‍.
ഗുല്‍മാര്‍ഗ്-അതിന്റെ ചരിവും വടിവും ഉയരവും വിപുലതയും കൊണ്ട് തനിമ പ്രകടിപ്പിച്ചു.

നെറുകയിലേക്ക് വണ്ടി കിതച്ചു കയറുമ്പോള്‍ ഒരിക്കലും ആരും പ്രതീക്ഷിക്കില്ല ഇത്രയും വിസ്തൃതമായ തടം.വയാനാടന്‍ ചുരം കയറി പെട്ടെന്ന് നിരപ്പിലേക്ക്‌ കടക്കും പോലെ.
മരങ്ങള്‍ ഇവിടെ തടത്തിനു കാവല്‍ .
ഉയര്‍ച്ച താഴ്ചകളും പുല്‍ മൈതാനവും ജലാശയവും..
സന്ധ്യ ഏഴര വരെ നീളും .അതും അസുലഭാനുഭവം .ഇപ്പോള്‍ മഞ്ഞു കാലമല്ല.

ഗുല്‍മാര്‍ഗ് -മഞ്ഞു മൂടിക്കിടക്കുമ്പോള്‍ പരദേശികള്‍ അതില്‍ കേളിയാടാന്‍ വരും.ഗോള്‍ഫ്, സ്കേറ്റിംഗ് ,സൈക്ലിംഗ്, റോപ് വെ ,കുതിര സവാരി, ധനികവിനോദികള്‍ക്ക് ആര്‍ത്തി ഉണര്‍ത്തുന്ന ഹിമ പ്രദേശംകുതിരക്കാരും കച്ചവടക്കാരും പിറകെ കൂടി.
മടക്ക യാത്രയില്‍ മനസ്സില്‍ ഒരു ശൂന്യത.പര്‍വതങ്ങള്‍ അകലെ സന്ധ്യയുടെ സ്വര്‍ണനൂലുകള്‍ കൊണ്ട് സ്വയം അലങ്കരിക്കുന്നുണ്ടായിരുന്നു
ക്രമേണ കറുത്ത ഇഴകള്‍ കൂടി നെയ്ത്തുകാരന്‍ ചേര്‍ത്തു.
കറുപ്പിന്റെ കര പടരാന്‍ തുടങ്ങി. നക്ഷത്ര മിനുക്കം ചേര്‍ക്കാന്‍ അടുത്ത ശ്രമം..


കാശ്മീരിലെ വിദ്യാഭ്യാസ രീതികള്‍
ഞാന്‍ ചെല്ലുമ്പോള്‍ രാജ് ഭാഗ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ അധ്യാപക പരിശീലനം നടക്കുകയാണ്.
ശ്രീ മുഹമ്മദ ഷാഫി എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി.

പുതിയ അധ്യാപകരാണ്.ഇരുപത്തിനാല് പേരുണ്ട്.
വൈറ്റ് ബോര്‍ഡില്‍ ശിശു കേന്ദ്രിത വിദ്യാഭ്യാസം എന്നെഴുതിയിട്ടുണ്ട്.

അധ്യാപിക ഫസിലെട്ടെട്ടര്‍ ആണോ ഗൈഡ് ആണോ സുഹൃത്താണോ.., വഴികാട്ടിയാണോ എന്ന് ട്രെയിനര്‍ ചോദിക്കുന്നു. പത്ത് വര്ഷം മുമ്പ് കേരളം ചോദിച്ച ചോദ്യം.അധ്യാപികമാര്‍ പ്രതികരിക്കുന്നു. പുരുഷ ഗണങ്ങള്‍ മിണ്ടാ വൃതമാണ്. അത് എന്നെ അത്ഭുതപ്പെടുത്തി. കേരളത്തില്‍ മറിച്ചാണ് അനുഭവം.
ഒരു അധ്യാപിക കൈക്കുഞ്ഞുമായാണ് വന്നത്. അതിനെ നോക്കലും ഇതിനിടയില്‍ നടക്കുന്നു. ആ സ്വാതന്ത്ര്യം കേരളത്തില്‍ ഇല്ലല്ലോ. കുട്ടി ചിണുങ്ങാന്‍ തുടങ്ങി. അമ്മ അതിനെയും കൊണ്ട് പുറത്തേക്ക്. അല്പം കഴിഞ്ഞു തിരികെ വന്നു. കുഞ്ഞു ശിശു കേന്ദ്രിത സമീപനം അനുഭവിച്ചു.

ഞാന്‍ ഓഫീസ് റൂമിലേക്ക്‌ മടങ്ങി . അവിടുള്ള ബി ആര്‍ സി ട്രെയിനര്‍ മാരുമായി സംവദിച്ചു.
മുപ്പത്തി മൂന്നു ശതമാനം മാര്‍ക്ക് കിട്ടിയാലേ ക്ലാസ് കയറ്റം കിട്ടൂ.അവധിക്കാലത്ത്‌ പരിഹാര ബോധനം ഉണ്ട്.. അതിനു അധ്യാപകര്‍ക്ക് ആയിരം-ആയിരത്തഞ്ഞൂറു രൂപ എക്സ്ട്രാ കിട്ടും. ആ പതിവ് തുടരുമെന്നാണ് സൂചന. അതായത് നിലവാരം പൊങ്ങില്ല.
കെ ജി മുതല്‍ ഇംഗ്ലീഷ് മീഡിയം ആണ്. എല്ലാ gov സ്കൂളുകളിലും നടപ്പാക്കി. പക്ഷെ വിദ്യാഭ്യാസ നിലവാരം തൃപ്തികരമlla


ഇംഗ്ലീഷ് മീഡിയമാണ് നിലവാരം എന്ന് കശ്മീരികള്‍ പറയില്ല. അനുഭവം കൊണ്ടുള്ള പാഠം.
കുട്ടികള്‍ പഠിക്കുന്ന ഭാഷകള്‍ അവിടെ ഏതൊക്കെ? ഉറുദു, ഹിന്ദി, ദോഗ്രി, കാശ്മീരി,
ഈ ആഗസ്റ്റ്‌ മുതല്‍ കാശ്മീരി അല്ലെങ്കില്‍ ഒരു പ്രാദേശിക ഭാഷ എല്ലാ കുട്ടികളും നിര്‍ബന്ധമായും പഠിപ്പിക്കണം എന്ന് ഉത്തരവ്.
ഒരു സ്കൂളില്‍ മൂന്നു മുതല്‍ അഞ്ചു വരെ അധ്യാപകര്‍. അവര്‍ എല്ലാ വിഷയവും പഠിപ്പിക്കണം.
പ്ലസ് ടു കഴിഞ്ഞാല്‍ അദ്ധ്യാപകന്‍ ആകാം. പരിശീലനം നിയമനം ലഭിച്ച ശേഷം. അത്തരം ഒരു ബാച്ചിനെ പരിശീലിപ്പിക്കുന്നതാണ് നാം കണ്ടത്
കാശ്മീരിന്റെ ചരിത്രമോ സംസ്കാരമോ പ്രതിഫലിപ്പിക്കാത്ത പാഠപുസ്തകങ്ങള്‍ ആണ് ചെറിയ ക്ലാസ് മുതല്‍, .അവര്‍ക്ക് നിരാശയും അമര്‍ഷവും ഉണ്ട്, എന്‍ സി ഇ ആര്‍ ടി സിലബസ് പ്രകാരം ഉള്ള പുസ്തകങ്ങള്‍ കാശ്മീര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ലേബലില്‍ സ്കൂളില്‍ എത്തും. കുട്ടികളുടെ ജീവിത ചുറ്റുപാട് അടര്‍ത്തി മാറ്റിയുള്ള പഠനം.
സ്കൂള്‍ സമയം പലതാണ്
ശ്രീനഗര്‍ -ഏഴു മുപ്പതിന് സ്കൂള്‍ സജ്ജീവമാകും.ഗ്രാമങ്ങളില്‍ പത്ത് മണിയാണ് സമയം ചില ഇടങ്ങളില്‍ ഒമ്പതിനും ആരംഭിക്കും
കാലാവസ്ഥയാണ് സമയം നിശ്ചയിക്കുക. ഒരു വര്ഷം തന്നെ പല സമയം പിന്തുടരേണ്ടി വരും എന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ അനുഭവം ,വിവാദം മനസ്സില്‍ ഉള്ളതിനാല്‍ ഞാന്‍ ചോദിച്ചു അപ്പോള്‍ മത പഠനം എപ്പോള്‍ നടക്കും.?

മതപഠനത്ത്തിനു പോകേണ്ടവര്‍ വേണമെങ്കില്‍ നാല് മണിക്ക് ശേഷം പോകുമെന്നാണ് മറുപടി
അനിവാര്യമായത്തിനു സമയം കണ്ടെത്തുമെന്ന ന്യായീകരണവും. മദ്രസ വിദ്യാലയങ്ങള്‍ അപൂര്‍വമാണെന്നു അവര്‍ പറഞ്ഞു എനിക്ക് അത് ഇപ്പോഴും വിശ്വാസം ആയിട്ടില്ല.
ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിക്കുന്ന ക്ലാസുകള്‍ ഉണ്ട്. ഹയര്‍ ക്ലാസുകളില്‍ പ്രത്യേകം പ്രത്യേകം ആണ്. "കോ എഡ്യൂക്കേഷന്‍ സ്കൂള്‍ "എന്നെ ബോര്‍ഡ് വെക്കാനും തയ്യാര്‍.
ഞാന്‍ അടുത്തുള്ള ഗേള്‍സ്‌ സെക്കണ്ടറി സ്കൂളിലേക്ക് പോയി.കെ ജി മുതല്‍ പത്ത് വരെ ക്ലാസുകള്‍.
ഓഫീസ് റൂം കമനീയം. ചിട്ടയോടെ ആകര്‍ഷകമായി എല്ലാം വെച്ചിരിക്കുന്നു. എച് എം അധ്യാപകരെയും സ്കൂള്‍ പ്രവര്‍ത്തനത്തെയും മോണിട്ടര്‍ ചെയ്യുന്നതിന്റെ തെളിവുകള്‍.
എച് മിന്റെ മേശമേല്‍ അധ്യാപകരുടെ ടീച്ചിംഗ് നോട്ട്. അത് നോക്കുന്ന സമയമാണ് എന്റെ വരവ്.

സ്കൂള്‍ നടത്ത്തിപ്പിന് കുറിച്ചവര്‍ പറഞ്ഞു.


ജി കെ ബോര്‍ഡ് സിലബസ് ആണ് ( എന്‍ സി ഇ ആര്‍ ടി വേഷം മാറിയത് )
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ആണ് അവധി. രണ്ടു ടേം പരീക്ഷകള്‍. മൂന്നു യൂനിറ്റ് ടെസ്റ്റുകള്‍.

ഉച്ച ഭക്ഷണം വിളമ്പുന്നത് കണ്ടു. ഒരു വലിയ താലം അതിനു ചുറ്റും കുട്ടികള്‍ ഇരിക്കും താലത്തിലേക്ക് മഞ്ഞ നിറമുള്ള ആഹാരം കുടഞ്ഞിടും കുട്ടികള്‍ എല്ലാ വശത്ത് നിന്നും ആക്രമണം തുടങ്ങും. ഒരുമ. എനിക്കിഷ്ടപ്പെttu
അധ്യയന ദിനങ്ങള്‍ വളരെ കുറവ്.
കര്‍ഫ്യൂ, ലഹള, ബന്ദ്,കലാപം, സംഘര്‍ഷം ഏറ്റുമുട്ടല്‍, പ്രതിഷേധം,എന്നൊക്കെ പേരുകളില്‍ അത് സംഭവിക്കും.
സ്കൂളില്‍ സ്പോര്‍ട്സ് നടക്കുന്നു. വെള്ള യൂണിഫോം ഇട്ട പെണ്‍കുട്ടികള്‍

അവര്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കായിക വിനോദത്തിന്റെ വേഷം അണിഞ്ഞു. ഷോട്സ് ധരിച്ചു ഓടുന്ന ചാടുന്ന മുതിര്‍ന്ന പെണ്‍കുട്ടികള്‍.
കേരളത്തില്‍ പര്‍ദ്ദ ധരിപ്പിക്കാന്‍ വാശി പിടിക്കുന്ന ഒരു ചെറു ന്യൂന പക്ഷം യാഥാസ്ഥിതികര്‍ ഇതൊക്കെ കാണണം.

സ്കൂളില്‍ നിന്നും ഇറങ്ങി ബി ആര്‍ സി സുഹൃത്തുക്കളില്‍ നിന്നും യാത്ര പറഞ്ഞു ഒറ്റയ്ക്ക് നടന്നു.
ഹോട്ടലില്‍...
ചിനാര്‍ മരങ്ങളില്‍ ഇലകള്‍ പൊന്‍ ചുവപ്പ് ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ കണ്ടു. പുറത്തേക്ക് നോക്കി ഇപ്പോള്‍ പച്ചയാണ് വേഷം.
കശ്മീര്‍ ഓരോ ഋതുവിലും ഓരോ കാഷ്മീരാന്.
.
നാല് നാള്‍ മാത്രമേ ഇവിടെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും കാശ്മീരിന്റെ ഹൃദയം തൊടാന്‍ അത് ധാരാളം

------ഇത് കൂടി വായിക്കുക ----

കാശ്മീരക്കാഴ്ചകളില്‍ ഭയവും ആനന്ദവും .
ക്ലിക്ക് ചെയ്യുക

.

3 comments:

  1. dayavaayi ee post ellaavarum vaayikkanam ..abhipraayam ezhuthanam .oro variyilum thulumpunna kavitha.....avaachyam..anirvachaneeyam ee ezhuththu . kaanaathe pokunnavarkku theeraanashtam ..akalankitha bhaashykku kerala saahithya charithaththile orudaaharanam ...

    ReplyDelete
  2. "ഉച്ച ഭക്ഷണം വിളമ്പുന്നത് കണ്ടു. ഒരു വലിയ താലം അതിനു ചുറ്റും കുട്ടികള്‍ ഇരിക്കും താലത്തിലേക്ക് മഞ്ഞ നിറമുള്ള ആഹാരം കുടഞ്ഞിടും കുട്ടികള്‍ എല്ലാ വശത്ത് നിന്നും ആക്രമണം തുടങ്ങും. ഒരുമ." സാറിന്റെ ഈ കുറിപ്പുപോലെ എന്നെങ്കിലും കേരളത്തിലെത്തുന്ന ഒരു സഞ്ചാരി എഴുതുന്ന നന്മയുടെ കാലം വരുമോ ?
    മിനി മാത്യ ,ബി ആര്‍ സി പെരുമ്പാവൂര്‍

    ReplyDelete