വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, April 30, 2011

കര്‍മബന്ധത്തിന്റെ ഏതു ചരടാണ്‌ ഖാസാക്കില്‍ എത്തിച്ചത് ?

പനംപട്ടകളില്‍ കാറ്റ് പിടിക്കുന്ന സന്ധ്യയില്‍ ഖസാക്കിലേക്ക് തിരിയുമ്പോള്‍ ആരോ എറിഞ്ഞ ചോദ്യം മനസ്സിലേക്ക് വഴുതി.
"കര്‍മബന്ധത്തിന്റെ ഏതു ചരടാണ്‌ നിങ്ങളെ വഴി കൊണ്ട് വന്നത്.?"

പാത ഗതി മുട്ടി നിന്നപോലെ ഒരിടം ഞങ്ങളെ തടഞ്ഞു.
പൊന്നു വേണ്ടാത്ത ഉടലിന്റെ ധാരാളിത്തവുമായി ഒരു ചിരി കടിച്ചമര്‍ത്തി യാഗാശ്വമായി നടന്നുപോയ ആരോ ഒരുവള്‍ വീണ്ടും കാലാന്തരങ്ങള്‍ കടന്നു വരുന്ന പോലെ ..മൈമുനയുടെ ഒര്‍മത്തണല്‍ ..
അവിടെ ആ കുഴല്‍ക്കിണര്‍ കണ്ടപ്പോള്‍ നിറച്ച മണ്‍കുടം ഒക്കത്തുവെച്ചു ചാന്തുമ്മ നടന്നത് വീണ്ടെടുത്തു.
നിറകുടത്തിനിടയില്‍ സ്വല്പമോടിഞ്ഞ ഇടുപ്പ്..
ചുവടുകളും കാഴ്ചകളും ഈ മണ്ണില്‍ അലിഞ്ഞു കിടപ്പുണ്ടാവും....
തെവാരത്ത് ശിവരാമന്‍ നായരുടെ ഞാറ്റുപുര. രണ്ട് മുറി, വരാന്ത, പിറകില്‍ താഴ്വാരം..
വാതില്‍ .മണ്ണിന്റെയും നെല്ലിന്റെയും മണം..മറ്റെന്തൊക്കെയോ ..


ഞാറ്റുപുര ചുറ്റുമ്പോള്‍ ഇനി മേല്‍ നാരായണി വരില്ലാല്ലോ എന്നോര്ത്ത ചുവരുകള്‍.

ഞാറ്റുപുരയില്‍ തവിട്ടു നിറത്തിലുള്ള ചിലന്തികളെ കണ്ണുകള്‍ തേടി.
വിള്ളലുകള്‍ക്കുള്ളില്‍ കൈപ്പടത്തോളം പോന്ന അവ വിശ്രമം കൊള്ളുകയാവും.

പച്ച മഷികൊണ്ട് അടിവരയിട്ട പേരുകള്‍ ഉള്ള ഹാജര്ബുക്ക്.
പോക്ക് വെയില്‍ അകത്തേക്ക് കടന്നു നോക്കി.ഇല്ല ഒന്നുമില്ല.രവിയുടെ കിടാങ്ങള്‍...?

കുഞ്ഞാമിന കഥ പറയാന്‍ തുടങ്ങി...
അരശിന്‍ പൂക്കള്‍ കൊഴിഞ്ഞ പറമ്പില്‍ മേയുന്ന മയില്പറ്റം..
വാക്കുകള്‍ മടിയിലിരുന്നു ഈര്പം കൊണ്ട പാഠങ്ങള്‍ ചിതലെടുക്കാതെ ഇപ്പോഴും മങ്കട്ടകള്‍ കാത്തു സൂക്ഷിക്കുന്നുണ്ടാവും.

"...തോടിനും സ്കൂളിനും ഇടയ്ക്ക് തെല്ലൊരറ്റത്തേക്ക് മാറി സ്ഥൂലവും ജീര്‍ണവുമായൊരു പള്ളി കയ്യും കാലും കുത്തി നിന്നു,..."
ഷെയ്ഖിന്റെ പുകള്‍പാടി അഗതിയായി നടന്ന പഥികന്റെ കാലില്‍ വൃണം നൊന്തത്‌ ഇവിടെവിടെയോ
തുരുമ്പെടുത്ത അടഞ്ഞ വഴികളില്‍ .. ഖസാക്കിന്റെ അനന്തമായ കാലം തളം കെട്ടിക്കിടക്കുന്ന പന്ത്രണ്ടു പള്ളികളുടെ ഓര്‍മ്മകള്‍ ..സൈദുമിയാന്‍ ഷെയിക്ഖും തങ്ങന്മാരും പൌര്‍ണമി ആയിരത്തൊന്നു കുതിരകളുടെ പട.
ആയിരം വെള്ളക്കുതിരകള്‍ പൌര്‍ണമിരാവില്‍ തിരയിളക്കി വരുന്ന കാഴ്ചകള്‍ ഏറ്റു വാങ്ങിയ കാലങ്ങള്‍.
ഒരു പാണ്ടന്‍ കുതിരയുടെ വേര്‍തിരിച്ചെടുത്ത കുളമ്പടികള്‍ ....
എല്ലാം പുതുക്കി .....


പള്ളിക്കുളം.ആഴമേറിയ ജലപ്പരപ്പിനു മുകളില്‍ എന്നോ നീലത്താമര വിരിഞ്ഞിരുന്നു. മണ്ഡലികള്‍ അലസമായി ഇഴഞ്ഞു നീതിയിരുന്നു.


മേഘങ്ങള്‍ക്കടിയില്‍ നീലിച്ച താമരയിലകള്‍ക്കിടയില്‍ നിന്നും പുറത്ത് വരാന്‍ പാടുപെട്ട കുളക്കോഴിക്കുഞ്ഞു എവിടെ ഒലിച്ചുപോയി.?
ദുരൂഹമായ ദുഃഖം കുളത്തില്‍ നിറഞ്ഞു.
പകല്‍ ചായുമ്പോള്‍ കുളിച്ചു ഈറനോടെ പള്ളിയുടെ ഉള്ളിലേക്ക് പോയ.., ....അര്‍ദ്ധവിരാമാങ്ങളുടെ സ്മരണകള്‍ പായലുക്ളില്‍ മുങ്ങിക്കിടന്നു.


കാലം ചുരുട്ടി വെച്ച പനംപിന്‍ ഇഴപിരിഞ്ഞ ബന്ധങ്ങള്‍ക്കിടയില്‍ ഇരുള്‍ കയറിക്കിടന്നു.അതിലെവിട്യോ ഒരു തുണ്ട് വെള്ളക്കടലാസു ഞാന്‍ കാംക്ഷിച്ചു.
"രവീ,
ഇത് ഞാനാണ് പദ്മ.
രാപ്പക്ഷികള്‍ പറന്ന് പോകുന്നതും നോക്കി കടല്‍ത്തീരത്തെ തണുത്ത മണലില്‍ കിടന്നത് ഏഴു വര്ഷം മുമ്പാണ്.രവിയുടെ സ്വാസ്ഥ്യം നശിപ്പിക്കാന്‍ ഞാന്‍ വീണ്ടും വരുന്നെങ്കില്‍ ക്ഷമിക്കുക."
ഇതിഹാസ സ്മരണകളുടെ കാഴ്ചകളില്‍. വഴികാട്ടാന്‍ വന്ന ഒരു വാര്‍ദ്ധക്യം. ഇതിഹാസകാരന്‍ വന്ന ഓര്‍മകളുടെ കൈമുതല്‍.അയാളുടെ കാരുണ്യം അറിയിച്ചു. നേരമായി.ഇറങ്ങാം. മുളകള്‍ പാകിയ വേലികള്‍ വിടര്‍ന്നു.
യാത്ര മങ്ങുപോള്‍ കണ്ടു .അടുത്ത തലമുറയോടൊപ്പം.അയാള്‍ കാത്തിരിക്കുന്നു.
ഖസാക്കിലേക്ക് വഴിതെറ്റി വരുന്നവരെ വരവേല്‍കാന്‍
-------------------------------------------------------------------------------------------
ഉപേക്ഷിക്കപ്പെട്ട ഒരു ബോര്‍ഡു.


------------------------------------------------------------------------------------

2 comments:

  1. chithrangalum vivaranagalum kollaam

    ReplyDelete
  2. യാത്രയുടെ വഴികളില്‍ ഖ സാക്ക് നല്‍കിയ ഊര്‍ജം വലുത് ...വിദ്യുത് തരംഗം പോലെ.ഭാഷയുടെ ആഘാതം .മലയാളിക്ക് നല്‍കിയത് ഓ .വി .വിജയന്‍ മാഷ്‌

    പനംപട്ടകളില്‍ കാറ്റ് പിടിക്കുന്ന ഒച്ച ....അത് ...ഈ ചിത്രമെഴുത്തുകള്‍ പകര്‍ന്നു തരുന്നു .

    ReplyDelete