വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Tuesday, March 22, 2016

പ്രിയ നദി ഗംഗേ പറയൂ...

ഇരുളും ജലവും ലയിച്ചുറങ്ങിയ പ്രശാന്തവിശാലതയിലേക്ക് തൂവെളിച്ചത്തിന്റെ കുഞ്ഞുകണങ്ങള്‍ നിശബ്ദമായി അരിച്ചിറങ്ങാന്‍ തുടങ്ങി. കാലത്തിന്റെ കല്പടവുകളിലൊന്നില്‍ ഞാന്‍ നിന്നു. കിഴക്ക് ഓര്‍മയുടെ രക്തസൂര്യന്‍ പതിയെ ഉദിച്ചുയരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ വിടവാങ്ങാന്‍ തുടങ്ങി. ചിലത് തെളിഞ്ഞുനിന്നു. അമ്മ, ജേഷ്ഠന്‍,അച്ഛന്‍, വല്ല്യമ്മ .... വല്യമ്മവല്യമ്മച്ചിയുടെ മടയില്‍ ചാരിക്കിടന്ന് കഥമൂളുകയാണ്മണ്ണാങ്കട്ടയും കരീലയും കാശിക്കുപോയ കഥ കാതില്‍ നിറഞ്ഞ് അകത്തേക്ക് മധുരിച്ചപ്പോള്‍ കാശി എവിടെയാണെന്നു ചോദിച്ചില്ല. കഥയിലെ സ്ഥലങ്ങള്‍ ആയിരുന്നില്ല സംഭവങ്ങളായിരുന്നു അന്നു പ്രധാനംവളര്‍ന്നപ്പോള്‍ കാശി പല അര്‍ഥമാനങ്ങളുടെ നാമരൂപമായി. എന്തിനാണ് നിലംപറ്റിക്കിടന്ന രണ്ടു പേര്‍ ഒരിക്കലും എത്തിച്ചേരാത്തത്ര ദൂരത്തേക്ക് യാത്ര തിരിച്ചതെന്ന ചോദ്യമായി. കൂട്ടായ്മയുടെ വഴിയാത്രയില്‍ അവര്‍ പരസ്പരം രക്ഷിച്ച് മോക്ഷമടഞ്ഞപ്പോള്‍ കര്‍മമാണ് മോക്ഷം കാശിയല്ല എന്ന് ആ കഥ പതുപാഠം നല്‍കി. എന്നിട്ടും  കാശിക്കു പോകാന്‍ മനസ് ആഗ്രഹിച്ചു. വാരണാസി, ബനാറസ് എന്നീ പേരുകളുളള കാശിക്കടുത്താണ് സാരാനാഥ്. അതും യാത്രയ്ക് കാരണമായി. ഗ്വാളിയോറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ നിശ്ചയിച്ചതിലും വളരെയേറെ വൈകിയിരുന്നു. ക്ഷമയുടെ ഭാണ്ഡം ചുമലിലേറി വേണമായിരിക്കും കാശിക്ക് പോകേണ്ടത്.

കാശിയിലെ പ്രകാശം ജലസ്നാനം ചെയ്തുണരുന്നതിങ്ങനെയാണ്.  
ഗംഗയുടെ തണുപ്പ് പടവുകള്‍ കയറി വരുന്നു.  
വെളിച്ചവും തണുത്തു വിറകൊളളുന്നുണ്ട്.  
ഗംഗയും ഉണരുകയാണ്. ഇരുളിന്റെ നിഴല്‍കൊണ്ടു തുഴയുന്ന ധാരാളം ചെറുവളളങ്ങള്‍. സൂര്യോദയദര്‍ശനം ഗംഗയില്‍ നിന്നാകട്ടെ എന്നു കരുതിയ പക്ഷികളും യാത്രികരും.  
കുങ്കുമപ്രകാശം ജലത്തിനെ തൊട്ടുവന്ദിക്കുന്നു.  

Tuesday, March 15, 2016

ഭീംബ‍ട്കയിലെ ഗുഹകളും ശിലകളും ഭോജേശ്വരക്ഷേത്രാത്ഭുതവുംഭീംബട്കായില്‍ (भीमबैठका, ഭീം ബൈഠക) ഘനഗാംഭീര്യത്തോടെ വിഹായസിലേക്ക് ശിരസുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ഭീമന് ഇരിക്കാനായി വിന്യസിച്ചതാണിവയെന്ന് നാട്ടുകാരുടെ ഭാവന. അവരുടെ ഭീമസങ്കല്പത്തിന്റെ ഭീമത്വത്തെയാണ് ഞാന്‍ ഓര്‍ത്തതിശയച്ചത്. പടുകൂറ്റന്‍പാറകളിലിരിക്കുന്ന ഭീമന്റെ ശിരസ് തീര്‍ച്ചയായും ആകാശത്തിന്റെ മച്ചില്‍ മുട്ടും. മേഘങ്ങള്‍ കാതുകളില്‍ തട്ടിത്തടഞ്ഞായിരിക്കും സഞ്ചാരപഥത്തിലൂടെ നീങ്ങുക. നക്ഷത്രങ്ങളും മഴവില്ലുമെല്ലാം ആ ചുരുള്‍മുടിയില്‍ ഏറെനേരം ഉടക്കിക്കിടന്നിട്ടുണ്ടാകും. വിന്ധ്യ- ശതപുര പര്‍വതനിരകള്‍ക്കിടയില്‍ മറ്റൊരു മഹാപര്‍വതം പോലെ ഭീമന്‍ ഈ പാറകളെ പീഠങ്ങളാക്കി കുലീനതയോടെയിരിക്കുന്ന രൂപം മനസില്‍ തെളിഞ്ഞു! ... പാണ്ഡവന്‍പാറയും പാഞ്ചാലിമേടും ജഡായുപ്പാറയുമെല്ലാം നമ്മുക്കുമുണ്ടല്ലോ. കഥകള്‍ ചേര്‍ത്തുവെക്കാന്‍ എവിടെയും മനുഷ്യഭാവനകള്‍ ശ്രമിച്ചിരുന്നു. ശരിക്കും ഈ പേരു നല്‍കി പാറകളുടെ മഹിമയെ ആദരിക്കുകയായിരുന്നു പ്രദേശവാസികളെന്നു തോന്നുന്നു. കാനനമധ്യത്തില്‍ ഇത്ര രാജകീയപ്രൗഢിയോടെ എഴുന്നുനില്‍ക്കുന്ന ഈ ഭീമാകാരങ്ങള്‍ക്ക് മറ്റെന്തുപേരാണിടുക?കാടിനു നടുവിലാണ് പാറക്കൂട്ടങ്ങള്‍. മഴക്കാല പച്ചപ്പ് കൊണ്ടു മൂടിവെക്കും. വേനലാകുമ്പോള്‍ ഉഷ്ണവേവില്‍ ഉടയാടമാറ്റും. ഫെബ്രുവരിയില്‍ ഇലകള്‍ കൊഴിഞ്ഞിരുന്നതിനാല്‍ പാറച്ചന്തം ദൂരെ നിന്നു തന്നെ ആസ്വദിക്കാനായി. റോഡില്‍ നിന്നും മണ്‍പാത. ഇരുവശവും ഉണങ്ങാന്‍ തുടങ്ങുന്ന പുല്ലുകള്‍ . പാത അവസാനിക്കുന്നത് മൂന്നു വലിയ പാറകളുടെ മുന്നിലാണ്. ജിജ്ഞാസയുണര്‍ത്തുന്ന ഒരു ഗുഹാമുഖം ദൂരെ നിന്നേ കാണാം.

Tuesday, March 8, 2016

ഖജുരാഹോയില്‍ നമിക്കുന്ന സൂര്യകിരണങ്ങള്‍ചുവപ്പിന്റെയും മഞ്ഞയുടെയും മാസ്മരികച്ചേരുവയുളള ശിരോവസ്ത്രത്തിന്റെ നേര്‍മയിലൂടെ പ്രഭാതസൂര്യന്റെ പൊന്നിളംകിരണങ്ങള്‍ മുഖത്തുടിപ്പിലേക്ക്
ലയിക്കുന്നുണ്ടായിരുന്നു. മുഖകാന്തി പകുതിയോളം സാരിത്തലപ്പാല്‍ മറച്ച് നറുപുഷ്പങ്ങളിറുത്ത് അവള്‍ നടന്നു വന്നു. കല്പടവുകളിലേക്ക് കാലെടുത്തുവെക്കും മുമ്പേ എന്റെ ക്യാമറയ്ക് വേണ്ടി ഒന്നു നിന്നു.  
മുഖത്തേക്ക് പൂക്കളുടെ വിശുദ്ധി പടര്‍ന്നു .
ഫോട്ടോ എടുക്കാന്‍ അനുവദിച്ചുകൊണ്ട് അല്പം നേരം കൂടി നിന്നു. പിന്നെ പടവുകള്‍ കയറി.  
അവള്‍ പൂക്കള്‍ നിവേദിക്കാന്‍ വന്നതാണ്.  
എനിക്ക് കൗതുകം തോന്നി. അവള്‍ ഇവിടെ ആരെയാകും പൂജിക്കുക? എന്താവും അവളുടെ പ്രാര്‍ഥന?  
അവിടെ വാമനക്ഷേത്രത്തില്‍ അസംഖ്യം ദേവതകള്‍.. ദൈവികതയ്ക് മേല്‍ നഗ്നരൂപിണികളുടെ ശരീരത്തികവിന്റെ ശില്പചാരുത.  
ജീവിതത്തിന്റെ വ്യത്യസ്ത മോക്ഷമുഖങ്ങള്‍,  
പ്രാര്‍ഥനാ ഭരിതമായവ, പാതിയടഞ്ഞ് കണ്ണുകളില്‍ ഏകാഗ്രത  ആവാഹിച്ചവ, ദേവീകടാക്ഷത്തിന്റെ അനുഗ്രഹം നിറഞ്ഞവ, രതിലാസ്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ചാമ്പിമയങ്ങിയവ, ശ്രംഗാരതീവ്രവും അതിമോഹനവുമായ അനുഭൂതിയിലേക്ക് ലയിച്ചു പോയവ. ബുദ്ധധ്യാനമേറ്റു വാങ്ങിയവ... 
ആലോചനയില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ അവളെ കാണ്മാനില്ല!. 
അവള്‍ ശില്പചൈതന്യത്തിലേക്ക് വിലയം പ്രാപിച്ചുവോ?  
അതോ അവള്‍ ശില്പസ്വരൂപത്തില്‍ നിന്നും അല്പനേരത്തേക്ക് പ്രത്യക്ഷപ്പെട്ടതാകുമോ?