വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, July 18, 2011

ഇത് ഗയ ,ബോധി ഗയ


ദീപനാളം.
അതിന്റെ പ്രാര്‍ഥനയില്‍ ശരണ മന്ത്രങ്ങള്‍ ചൈതന്യം പകര്‍ന്നു
പ്രകാശത്തിന്റെ ഒരു സ്പര്‍ശം എന്നിലൂടെ കാലത്തെ ആവാഹിച്ചു.

ഇത് ഗയ
ബോധി ഗയ
സമസ്ത ദുഖങ്ങള്‍ക്കും മൂലകാരണം അന്വേഷിച്ചവന് വെളിച്ചം നല്‍കിയ മഹാസ്ഥലം.
ലോകത്തിന്റെ ഹൃദയ കാരുണ്യം.
ത്യാഗത്തിന്റെ ബുദ്ധമാര്‍ഗം.

കാല പ്രവാഹത്തിലെ ഒരു മഹാ സ്നേഹതരംഗമായി ഗയ .
ഇവിടെ ഈ പുലരിയില്‍ ഞാന്‍



മനസ്സുകളില്‍ നന്മയുടെ ആലയങ്ങള്‍ തീര്‍ത്ത മഹാഗുരുവിന് പ്രണാമം
ജീവിതം സഹാജീവികല്‍ക്കായി ഉഴിഞ്ഞു വെച്ച ശിഷ്യഗണങ്ങള്‍
ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു. ഗുരു പൂജ ജീവിതത്തിന്റെ ഭാഗമായി
ക്രമേണ ഗുരു അമാനുഷികമായ അല്ഭുതമാവുകയും ദൈവത്തിന്റെ പേരില്‍ ചേര്‍ക്കപ്പെടുകയും
അങ്ങനെ ബുദ്ധനും ദേവാലയങ്ങളില്‍ സ്ഥാനം നേടി.
അസംഖ്യം വിഹാരങ്ങള്‍
ചൈനീസ് ,ജപ്പാന്‍,തിബറ്റ്,ശ്രീലങ്ക..ലോകത്തെവിടെയൊക്കെ ബുദ്ധമതാനുയായികള്‍ ഉണ്ടോ അവരെല്ലാം ആരാധനാലയങ്ങള്‍ ഇവിടെ തീര്‍ത്തു
ഒത്തിരിയുണ്ട് ..ഓരോ ദേവാലയവും വ്യത്യസ്തം.ബുദ്ധമതം പല യാനങ്ങളായപ്പോള്‍ അതിന്റെ തെളിവുകളായി ബഹു സ്വരൂപങ്ങളില്‍ കാവി നിറം കടുപ്പിച്ചും ചെഞ്ചായം പൂശിയും തൂമഞ്ഞയില്‍ മുങ്ങിയും അങ്ങനെ അങ്ങനെ..
അവയെല്ലാം അനുഭവിക്കാന്‍ ഞാന്‍ അതിരാവിലെ പുറപ്പെട്ടു.


വിശാലമായ തളം
അവിടെ നിശബ്ദമായി ഇത്തിരി നേരം
മനസ്സ് മന്ത്രിച്ചു ബുദ്ധം ശരണം ഗച്ചാമീം
അലൌകികമായ ശാന്തത എന്നെ പ്രപഞ്ചത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി.

പുറത്തിറങ്ങിയപ്പോള്‍ വ്യാളീ രൂപം.
ഒരു സംസ്കാരത്തിന്റെ അക്ഷരങ്ങള്‍
ഞാന്‍ ചേര്‍ന്ന് നിന്നു
ആ രൂപത്തിനുള്ളിലും അഹിംസയുടെ ഒരു മനസ്സ് കണ്ടേക്കാം.


കടും നിറത്തില്‍ ചോപ്പിന്റെ മാസ്മരിക സൌന്ദര്യം ജ്വലിപ്പിക്കുന്ന ഒരു ക്ഷേത്രം.
അതിന്റെ ചിത്ര ചാരുതയില്‍ കണ്ണുടക്കി.
ഭവ്യതയോടെ ഉള്ളിലേക്ക് കടന്നു .അവിടെ ധാരാളം ഗ്രാമീണര്‍.
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്തംഭം.
അത് ഉണര്‍ത്തിയ കൌതുകം


ദരിദ്രന്റെ പങ്കപ്പാടുകള്‍ ഇറക്കി വെക്കാനുള്ള ഇടം കൂടിയാണ് ദേവാലയങ്ങള്‍
ഇവിടെ കുറെ ഗ്രാമീണ സ്ത്രീകള്‍ ആ സ്തംഭത്തില്‍ തൊട്ടു അതിന്റെ ഭ്രമണത്തില്‍ ദീനതയ്ടെ പൊരുള്‍ ചേര്‍ത്ത് ഉള്ളുരുകി നിവേദിക്കുണ്ടായിരുന്നു ജന്മം കരിയില്‍ എഴുതിയ ജീവിത സമസ്യകള്‍.
ഓരോ വലം വെയ്ക്കലും ഓരോ പ്രതീക്ഷയുടെ നൊമ്പരങ്ങളുടെ ആഗ്രഹങ്ങളുടെ ചെറു ചെറു ചുണ്ടാനക്കങ്ങളായി അവരില്‍ തന്നെ നിറയുകയാണോ.?ആരിത് ഏറ്റു വാങ്ങും.


ഞാന്‍ ഉള്ളിലേക്ക് നോക്കി
ചന്ദനത്തിരികളുടെ ഗന്ധം
അകം -ആളനക്കമില്ല.
എങ്കിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ലാളിത്യം.
അലങ്കാരങ്ങള്‍ കൊണ്ട് ആശ്ലേഷിച്ച ചുവരുകളില്‍ ചരിത്ര കഥകള്‍
ഏറ്റവും വിശിഷ്ടമായ ദര്‍ശനം കുടി കൊള്ളുന്നിടം ഏറ്റവും മനോഹരം ആകട്ടെ എന്ന് കരുതിക്കാണും.



പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു പിന്‍ വിളി
ഞാന്ന്‍ തിരിഞ്ഞു നോക്കി
ഇനി ഈ വഴി വരില്ലല്ലോ എന്നോര്‍മിപ്പിക്കുന്നു
ഞാന്‍ സാവധാനം അടുത്ത് ചെന്ന് ആ തൂണുകളില്‍ വിരല്‍ ഓടിച്ചു.യാത്ര പരയാതിരിക്കുവതെങ്ങനെ.ഞാന്‍ കൊട്ടാരം വിട്ടിറങ്ങിയില്ലല്ലോ .
സിദ്ധാര്‍ത്ഥ വ്യാകുലതകള്‍ ഗയ കാണിച്ചു തന്നു.

നിറങ്ങളില്ലാത്ത ഒരു ലോകം.
അവിടെ മണ്ണില്‍ ഈര്പം മാറാതെ നിന്നു.കണ്തടങ്ങളിലും.
മുള ചീകി മെടഞ്ഞ മറ ചുറ്റി വെച്ചാല്‍ അതാണ്‌ കിടപ്പാടം.ഗയയുടെ മറ്റൊരു മുഖം
ബുദ്ധന്‍ -ജ്ഞാനോദയം-ഒക്കെ ഈ കാഴ്ചയില്‍ ഭാരതത്തോട് ചോദിക്കുണ്ടായിരുന്നു
ദേവാലയങ്ങളില്‍ നിങ്ങള്‍ വചനങ്ങളും കാണിക്കയും ദ്രവ്യങ്ങളും സൂക്ഷിക്കുന്നത് ഒക്കെയും ജനതയുടെ മോക്ഷദായകം ആകുന്നില്ലെങ്കില്‍ അതിന്റെ മൂല്യമെന്ത്?





മഹീന്ദ്രയില്‍ ബുദ്ധ ഭിക്ഷുക്കള്‍ വന്നിറങ്ങി. സംഘം തന്നെ
പക്ഷെ ഭിക്ഷുക്കളുടെ കൂട്ടം മറ്റെന്തോ ഓര്‍മിപ്പിച്ചു.ആരാണ് പറഞ്ഞത് സംന്യാസികള്‍ ലോകത്തിലെ സൌഭാഗ്യങ്ങള്‍ ത്യജിക്കണം എന്ന്
പൌരോഹിത്യം ആര്‍ഭാടത്തിന്റെ വേറിട്ട വഴികള്‍ തേടി പോകുന്നത് നാം കാണുന്നു
ഗാന്ധിയുടെ സ്വാശ്രയം പറയുന്ന ലാളിത്യം അല്ലല്ലോ ഇക്കൂട്ടരുടെ സ്വാശ്രയം



ബുദ്ധ ദേവാലയങ്ങളില്‍ നല്ല തിരക്ക്.
സാധാരണ ജനങ്ങള്‍.എന്നെപ്പോലെ സംസ്കാര പഠന കാഴ്ച്ചയുടെ ലക്ഷ്യമല്ല അവര്‍ക്ക്.ഭൂരി ഭാഗം പേരും ഭഗവാനെ പ്രാര്‍ത്തിക്കുന്നു
അന്വേഷിച്ചപ്പോള്‍ മനസ്സിലായി .ബുദ്ധനെ അവതാരം ആക്കി മാറ്റിയിരിക്കുന്നു.വിഷ്ണുവിന്റെ അവതാരം.! അങ്ങനെ ഹൈന്ദവ ബുദ്ധി പ്രവര്‍ത്തിച്ചു .അടുത്തുള്ള വിഷ്ണു പദം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ഇവിടം കൂടി എത്തി ദര്‍ശന പുണ്യം നേടുന്നു.





അവര്‍ പ്രാര്ത്തനയില്‍ മുഴുകി
അവര്‍ക്ക് മാത്രമേ അടുത്ത് ചെല്ലാന്‍ അനുവാദമുള്ളൂ
മറ്റുള്ളവര്‍ അല്പം ദൂരെ വരെ
എനിക്ക് എന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു



".മഹാഗുരോ പ്രണാമം."

അതെ ഇപ്പോഴും ഇപ്പോഴും പ്രസക്തമായ ഒരു ദര്‍ശനത്ത്നു
എന്റെയും പ്രണാമം.
മഹാഗുരോ

(തുടരും )

1 comment:

  1. ഒന്നു പോകണമെന്നു കരുതിയിട്ട് നാളൊരുപാടായി.പോകും.തീർച്ച.

    ReplyDelete