വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Saturday, March 15, 2014

ആന്തമാനും കാലാപാനിയും പിന്നെ...


അഞ്ചുമണിക്കും മുമ്പേ കിഴക്കു നിന്നും മായാജാലം ആരംഭിക്കുകയായിചെറുരാഗങ്ങളെ ദൃശ്യവത്കരിച്ച് തിരകള്‍. പ്രഭാതം സ്വര്‍ണവിരലുകള്‍ കൊണ്ട് ഒന്നു തലോടുന്നതേയുളളൂ സ്വര്‍ഗീയമായ ആലാപനം ജലോപരിതലത്തില്‍ പ്രതിഭയുടെ പ്രകാശമായി. പൈതല്‍ത്തിരകളും ഇളം തെന്നലും ബാലസൂര്യനും പ്രഭാതത്തെ നിര്‍വചിക്കുകയാണ്. പോര്‍ട്ട് ബ്ലയറിന്റെ തീരത്തുകൂടി പുലരിയില്‍ നടക്കണം. അഹംഭാവമില്ലാത്ത സമുദ്രരാഗങ്ങള്‍ കാണുവാന്‍ സാധിക്കും. മനസ് ശാന്തമാവും. അകലെ റോസ് ദ്വീപ് പതുക്കെ കറുത്ത നിശാവസ്ത്രം മാറ്റി പച്ചക്കുപ്പായമിടുന്നു. ഇന്നാരെക്കൊയോ വിരുന്നുവരുന്നുണ്ടല്ലോ.

നടത്തത്തിനിടയില്‍ പടവുകളിറങ്ങി.ഒരു കുമ്പിള്‍ കൈകളില്‍ കോരി.കടലിനോടു ചോദിച്ചു "നിനക്കെങ്ങനെ ഇത്രയും കയ്പു കുടിക്കാന്‍ കഴിഞ്ഞു"? ശാന്തമായ ഒരു തിര മെല്ലെ പറഞ്ഞു. "ചോരയും നിലവിളിയും വിയര്‍പ്പും വിരഹവും എഴുതിയ ഈ മണ്ണിലെ തടവുകാരുടെ ഹൃദയം കവിഞ്ഞൊഴുകി നിറഞ്ഞതാണ് . രാജ്യത്തിനു സ്വാതന്ത്ര്യം മോഹിച്ച തടവടിമികളുടെ സങ്കടങ്ങള്‍ ഇരുകൈയും നീട്ടി വാങ്ങി അവരെ ആശ്വസിപ്പിക്കാന്‍ അന്ന് ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല."

പ്രസിദ്ധമായ തടവറ കാണണം. സെല്ലുലാര്‍ ജയില്‍.അവിടേക്കു പോകുമ്പോള്‍ കാലാപാനി സിനിമയിലെ ദൃശ്യങ്ങള്‍ മിന്നിത്തെളിഞ്ഞു..കറുത്ത ജലം (കാലാപാനി) എന്നാണ് സെല്ലുലാര്‍ ജയിലിനെ വിളിക്കുന്നത്. ക്രൂരമായ, ഭീകരമായ, മനസാക്ഷിയില്ലാത്ത, സങ്കല്പിക്കാനാകാത്ത പീഡനങ്ങളുടെ മൂകസാക്ഷിയാണല്ലോ സെല്ലുലാര്‍ ജയില്‍.
ആഴം കുറഞ്ഞ തീരക്കടലിലെ തിരയിളക്കമില്ലാത്ത തെളിവെളളത്തിലൂടെ നിലയും ചുവപ്പുമുളള നക്ഷത്രമത്സ്യങ്ങള്‍ നിലം പറ്റിനീങ്ങുന്നതു പ്രഭാതനടത്തവേളയില്‍‌ കണ്ടത് ഓര്‍മിയിലേക്കു വന്നു. ഒരു കേന്ദ്രത്തില്‍ നിന്നും കൈകള്‍ നാനാവശങ്ങളിലേക്കും നീളുന്ന ഈ ജീവിയാണോ അതോ നീരാളിയോണോ ഇത്തരം ഒരു കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് (എം.സി.ക്വയില്‍) ആശയം നല്‍കിയത്? സെല്ലുലാര്‍ ജയില്‍ അതിന്റെ രൂപഘടനയില്‍ നക്ഷത്രമത്സ്യത്തെ അനുകരിച്ചു. 1906 ല്‍ പൂര്‍ത്തിയായ ഈ തടവറയ്ക്ക് ഏഴു ശാഖകള്‍ ഉണ്ടായിരുന്നു.പത്തു വര്‍ഷം വേണ്ടി വന്നു ഇതു പൂര്‍ത്തിയാക്കാന്‍ എന്നു ലാഘവത്തോടെ പറഞ്ഞാല്‍ അത് ചരിത്രത്തിന്റെ പൊളളിക്കുടുന്ന നിമഷങ്ങളുടെ വായ് പൊത്തിപ്പിടിക്കലാകും.
.

ടിക്കറ്റെടുത്ത് സെല്ലുലാര്‍ ജയിലിന്റെ ഉളളിലേക്കു കടന്നപ്പോള്‍ ആദ്യം ദൃഷ്ടിയില്‍പെട്ടത് സ്വാതന്ത്ര്യ ജ്വാലയാണ്. ഈ കെടാവിളക്കില്‍ ദേശഭിമാനത്തിന്റെ എണ്ണ പകര്‍ന്നവര്‍ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു അര്‍ഥം നല്‍കിയവരാണ്.ജാലിയല്‍ വാലാ ബാഗില്‍ ഇതുപൊലെ ഒരു രക്തസാക്ഷിജ്വാലയുണ്ട്. അതു കാണുമ്പോഴും നമ്മുടെ രക്തത്തില്‍ വൈകാരികമായ ഒരു തരംഗം ഇതു പോലെ അനുഭവപ്പെടും.സെല്ലുലാര്‍ ജയിലിന്റെ മുഖ്യകവാടത്തിന്റെ ഇരു വശങ്ങളിലുമുളള രണ്ടു മുറികളിലെ സചിത്ര വിവരണങ്ങളിലും വസ്തുക്കളിലും നിന്നും ഈ തടവറയുടെ ചരിത്രം നമ്മള്‍ക്കു വായിച്ചെടുക്കാം.
കേവലം വിനോദസഞ്ചാരിയായി മാത്രമാണ് നിങ്ങള്‍ അവിടെ നില്‍ക്കുന്നതെങ്കില്‍ നിരാശപ്പെടും.ഭാരതം എന്റെ നാടാണ് എന്നു നാം നെഞ്ചില്‍ തൊട്ടു ചൊല്ലുന്ന പ്രതിജ്ഞയുടെ വികാരം മങ്ങിയിട്ടില്ലെങ്കില്‍ ഇത് അപൂര്‍വമായ അനുഭവമാകും.
ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്നും ചരിത്രം പഠിക്കുക എന്നത് തീവ്രമായ പാഠമാണ്.
1858 മാര്‍ച്ച് 4ന് സെമീറാമിസ് എന്ന കപ്പല്‍ കല്ക്കട്ടയില്‍ നിന്നും പുറപ്പെടുമ്പോള്‍ അത് ഒരു ദേശചിരിത്രത്തില്‍ രക്തക്കറ വിഴ്ത്തിയ ദിനങ്ങളുടെ കടലിടുക്കുകളിലേക്കാണെന്ന് അവരറിഞ്ഞിരിക്കില്ലആ കപ്പലില്‍ സൈനിക ലഹളയില്‍ പങ്കെടുത്ത് ശക്ഷിക്കപ്പെട്ട ഇരുനൂറുതടവുകാര്‍ . നാടുകടത്തലെന്ന ശിക്ഷ. 1858 ഏപ്രിലില്‍ അടുത്ത സംഘത്തെയും ദ്വീപിലെത്തിച്ചു. വനവും കടലും മാത്രമുളള പ്രദേശത്ത് ജന്മനാടിന്റെ നിഴലോ മണമോ പോലും കാററിലോ തിരയിലോ പെട്ട് എത്താത്ര അകലത്തില്‍ പറിച്ചെറിയപ്പെട്ട ,
മടക്കയാത്ര അസംഭാവ്യമാണെന്നു തിരിച്ചറിഞ്ഞ തടവുകാരുടെ മനോഗതം നിറഞ്ഞു നീറിയ ശൂന്യത ഊഹിക്കാവുന്നതിനപ്പുറമാണ് 
അന്ന് എത്തിക്കപ്പെട്ട തടവുകാര്‍ക്ക് കാട് വെട്ടാനുളള പണിയാണ് നല്‍കിയത്. തടവുകാരെ നാടുകടത്തുന്നതിനോടൊപ്പം അവരെക്കൊണ്ടു തന്നെ ദ്വീപിനെ ആവാസയോഗ്യയമായ കോളനിയാക്കി മാറ്റുക എന്നതിയിരുന്നു ലക്ഷ്യം. വന്‍മരങ്ങള്‍ നിലം പൊത്തിയപ്പോള്‍ ആ ഘോരശബ്ദം വനാന്തരങ്ങളില്‍ കഴിയുന്ന ആദിവാസിജനതയ്ക്ക് ഞെട്ടലുണ്ടാക്കി.സ്വന്തം ജീവിതത്തിലേക്ക് ആര്‍ത്തിക്കോടാലിയുമായി അതിക്രമിച്ചു കടക്കുന്നവരെ പ്രതിരോധിക്കാന്‍ അവര്‍ വില്ലുകുലച്ചു. വനവൃക്ഷങ്ങളുടെയും നിബിഡസസ്യങ്ങളുടേയും ഉളളില്‍ നിന്നും പറന്നു വരുന്ന അസംഖ്യം ഒളിയമ്പുകള്‍ പണിയാളരുടെ ജീവനെടുത്തു.വെളളയജമാനന്മാരുടെ മേല്‍ പതിച്ചുമില്ല. പ്രകൃതിക്കുമേലുളള കടന്നുകയറ്റത്തോട് അനുകൂലമായി പ്രതികരിക്കാന്‍ ഇഴജന്തുക്കളും പഠിച്ചിരുന്നില്ല. മഹാമാരികള്‍ വേറെയും. കഠിനമായ ജോലി.പാര്‍പ്പിടമാകട്ടെ കഷ്ടം. വസ്ത്രം,മരുന്ന്,ഭക്ഷണം എന്നിവ കിട്ടിയുമില്ല. അവശേഷിച്ചവരുടെ ആരോഗ്യം ദിനം പ്രതി ചോര്‍ന്നു. ജിവപര്യന്തം ശിക്ഷ എന്നത് പലവിധ ശിക്ഷകളുടെ കൂര്‍ത്തമുളളാണികള്‍ നിറച്ച ഭാണ്ഡമായി പേറി തടവുകാരുടെ കണ്ണീരു വറ്റിപ്പോയിരുന്നു. കരുവാളിച്ച ശരീരങ്ങളില്‍ ജിവന്റെ ദയനീയമായ സാന്നിദ്ധ്യം. തിളക്കമില്ലാത്ത ചത്തകണ്ണുകളുളള ജിവികള്‍. 
ഇത്തരം നരകജിവിതത്തേക്കാള്‍ നല്ലത് മരണം തന്നെയാണ്. മരിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വഴി പലതാണ്. കരകാണാക്കടലില്‍ ചാടി നീന്തി രക്ഷപെടുകയാണ് ഒരു ശ്രമം.പിടിക്കപ്പെട്ടാല്‍ മരണം. രക്ഷപെടാന്‍ ശ്രമിച്ചില്ലെങ്കിലോ ഇഞ്ചിഞ്ചായി മരണം. ബീഹാറുകാരന്‍ സിരി നാരായണന്‍ മനസ് പരുവപ്പെടുത്തി രണ്ടും കല്പിച്ച് സമുദ്രത്തിലേക്ക് കൂപ്പുകുത്തി. സ്വാതന്ത്യത്തിന്റെ കടല്‍ത്തീരത്തണയുന്നതിനായി പ്രാണന്റെ എല്ലാ കരുത്തുമാവാഹിച്ച് ആഞ്ഞു തുഴഞ്ഞു.എന്നാല്‍ ബ്രിട്ടീഷുകാര്‍ അയാളെ പിടികൂടി വധിച്ചു. ദ്വീപിലെ ആദ്യ രക്ഷസാക്ഷി! ഈ പേടിപ്പിക്കലൊന്നും ഏശിയില്ല . ഇങ്ങനെ രക്ഷപെടാന്‍ ശ്രമിച്ച 87 പേരെ ഒറ്റ ദിവസം തൂക്കിക്കൊന്ന് കിരാതമായ നടപടികളുമായി ബ്രിട്ടീഷുകാര്‍ മുന്നോട്ടു പോയി.



ഒന്നാം സ്വാതന്ത്ര്യമസരം. ബ്രിട്ടണ്‍ രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കാനുളള ഇടമായി വൈപ്പര്‍ദ്വീപ് തെരഞ്ഞെടുത്തു.തടവുകാരുടെ എണ്ണം പതിനയ്യായിരമായി. 1896 ല്‍ തടവറയുടെ പണിയാരംഭിച്ചു. തടവുകാരെക്കൊണ്ടു തന്നെ അവര്‍ക്കുള്ള തടവറകള്‍ പണിയിച്ചു. ഒരോ കല്ലും വെക്കുമ്പോഴുമവര്‍ക്കറിയാം സ്വാതന്ത്ര്യസ്വപ്നങ്ങളുടെ കൊലയറകളാണ് തങ്ങള്‍ പണിയുന്നതെന്ന്. വെളിച്ചത്തിനും വായുവിനും പ്രവേശനം നിഷേധിക്കുന്നതും ഭീകരത പാറാവുനില്‍ക്കുന്നതുമായ തടവറകള്‍ . കെട്ടിട നിര്‍മ്മാണത്തിന് 450 തടവുകാര്‍. ഇഷ്ടികകളുണ്ടാക്കാന്‍ 690 പേര്‍.ചാട്ടവാറിന്റെ ശീല്‍ക്കാരത്തില്‍ പൊട്ടിയൊഴുകിയ ചോരയിലും പൊരിവെയിലില്‍ വെന്തുതിളച്ച വിയര്‍പ്പിലും നനഞ്ഞ മൂന്നുകോടി ഇഷ്ടികകളാണ് ജയിലിന് ഉപയോഗിച്ചത്.സെല്ലുലാര്‍ ജയില്‍ കേന്ദ്രഗോപുരത്തില്‍ നിന്നും ആരംഭിക്കുന്ന നീണ്ട ഏഴ് ശാഖകളുളള മൂന്നുനിലക്കെട്ടിടമായിരുന്നു . ( ഇന്നു മൂന്നു ശാഖകളേ അവശേഷിക്കുന്നുളളൂ. ആശുപത്രിയും മറ്റും പണിയവാനായി പുതിയവികസനപക്ഷക്കാര്‍ തകര്‍ത്തുകളഞ്ഞത്രേ!)

ഓരോ ശാഖയ്ക്കും ഇടനാഴികളുണ്ട്. ഓരോ നിലയിലും ഏഴു വീതം, മൂന്നു നിലകളിലായി ഇരുപത്തിയൊന്നു ഇടനാഴികള്‍. ഇടനാഴികളുടെ വെളിഭാഗവും ഇരുമ്പഴികള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തടവുകാരന്‍ ഏതെങ്കിലും തരത്തില്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ ഇടനാഴിയിലൂടെ കേന്ദ്രഗോപുരത്തിലെത്താനേ കഴിയൂ. എല്ലാ ഇടനാഴികളും അവിടെയാണ് എത്തപ്പെടുക.

സെല്ലുലാര്‍ ജയിലിന്റെ നക്ഷത്രമത്സ്യഘടന തടവുകാരുടെ രക്ഷപെടല്‍ശ്രമത്തേയും പാറാവു നില്‍ക്കുന്നവരുടെ നോട്ട സൗകര്യത്തേയും പരിഗണിച്ചിരിക്കുന്നു.കേന്ദ്രഗോപുരത്തില്‍ നിന്നും ഇടുങ്ങിയ ഗോവേണി വഴി താഴെയെത്തിയാലോ ഒറ്റ പ്രവേശനകവാടം. 
സെല്ലുലാര്‍ ജയിലിനെ ആകെ പൊതിഞ്ഞ് പടുകൂറ്റന്‍ ഭിത്തി വേറെയും.  
അപകടമുണ്ടായാല്‍ ഭീമാകാരമായ മണി മുഴങ്ങും.


ഓരോ ശാഖയ്ക്കും 28 അടി വീതിയും 40 അടി ഉയരവും

ശാഖകളുടെ നീളവും അറയുടെ എണ്ണവും
  • ഒന്നും രണ്ടും ശാഖകള്‍: 358 അടി വീതം നീളം. ഓരോന്നിലും 105 അറകള്‍ വീതവും.
  • മൂന്നാം ശാഖ : 522 അടി നീളം, 156 അറകള്‍
  • നാലാം ശാഖ: 231 അടി നീളം, 66 അറകള്‍.
  • അഞ്ചാം ശാഖ: 270 അടി നീളം, 78 അറകള്‍
  • ആറാം ശാഖ: 212 അടി നീളം, 60 അറകള്‍
  • ഏഴാം ശാഖ : 425 അടി നീളം, 126 അറകള്‍
  • ആകെ 696 അറകള്‍
  • ഓരോ അറയ്കും ആറടി ഉയരവും രണ്ടടി വീതിയുമുള്ള കനത്ത ഇരുമ്പഴിവാതില്‍. വാതില്‍ താഴിട്ട് പൂട്ടാന്‍ വെളിഭിത്തിയില്‍ അകത്തേക്കു കുഴിഞ്ഞ രീതിയില്‍ ഒരുക്കിയിരിക്കുന്നു. മുറിയിലടയ്ക്കപ്പെട്ട തടവുകാരന്‍ കൈനീട്ടിയാല്‍ എത്താത്ത വിധത്തിലവിടെ താഴിടും. ഓടാമ്പല്‍ രണ്ടര അടി കനമുളള ഭിത്തിയിലെ ദ്വാരത്തിലൂടെ കടന്ന് കുഴിഞ്ഞ ഭാഗത്തേക്കു വലിച്ചിട്ട്  താഴിട്ട് പൂട്ടും.

തടവറയുടെ വാതിലിനെതിരേയുളള ഭിത്തിയില്‍ നല്ല ഉയരത്തിലായി മൂന്നടി നീളവും ഒരടി വീതിയുമുള്ള ചെറുജാലകമുണ്ട്. അതിലൂടെ പുറംകാഴ്ചകള്‍ കാണനാകില്ല. വെളിച്ചവും നിലാവും കടന്നുവരും

ഞാന്‍ തടവറയുടെ ഉളളില്‍ കയറി .
പുറത്തേക്കു നോക്കി.
ഇരുമ്പഴികളുടെ മുന്നില്‍ നിഴലുകള്‍ വീണ ഇടനാഴി.കാക്കിവേഷധാരികള്‍ തോക്കുമായി കനത്ത കാലുകള്‍ വെച്ചു നടന്നതിന്റെ ശബ്ദം കേള്‍ക്കുന്നുവോ?
മെരുങ്ങാത്ത തടവുകാരനെ തല്ലിച്ചതച്ചു വലിച്ചിഴച്ചുകൊണ്ടുപോയ ചോരകറുത്ത ഇടനാഴി.

പ്രതിരോധിച്ച ദേശാഭിമാനിയെ കഴുമരത്തിലേക്കാനയിച്ച ഇടനാഴി.
ആദ്യത്തെ ആറുമാസം എകാന്തത്തടവാണ്. അകത്തുളളയാള്‍ പുറത്തേക്കു നോക്കിയാല്‍ അടുത്ത കെട്ടിടത്തിന്റെ പുറംഭാഗമേ കാണാവൂ.മറ്റൊരു തടവുകാരനെപ്പോലും കാണരുത് എന്ന മനുഷ്യത്വരഹിതമായ വാശി പ്രതിഫലിപ്പിക്കുന്ന നിര്‍മിതിയാണിത്.


ഇതാ ഇവരാണ് തടവുകാര്‍.ആ തടവുകാരുടെ കഴുത്തില്‍ ഇരുമ്പു വളയത്തില്‍ മരം കൊണ്ടുള്ള ഒരു ലേബല്‍ കാണുന്നില്ലേ?

അതിലെ അടയാളങ്ങള്‍ തടവിന്റെ സ്വഭാവം വ്യക്തമാക്കും. ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അവര്‍ അറിയപ്പെട്ടു. ഇവരുടെ കൈകാലുകള്‍ ബന്ധിച്ചിരിക്കുന്നതു കണ്ടോ?  
ഇവരെ ചങ്ങലക്കുറ്റവാളികള്‍ എന്നാണ് വിളിച്ചിരുന്നത്. ജോലി ചെയ്യുമ്പോഴും ആഹാരം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഈ ചങ്ങലമാലയിലായിരിക്കും മനുഷ്യന്റെ ചലനസ്വാതന്ത്ര്യത്തെപ്പോലും തടവിടിലിട്ട് അസഹ്യമാക്കുകയായിരുന്നു.

കഠിനമായ പണിയാണ് ഓരോ തടവുകാരനും ലഭിക്കുക. ഒരു ദിവസം നിശ്ചിത അളവ് വെളിച്ചെണ്ണയും കടുകെണ്ണയും ഒരാള്‍ ആട്ടണം എന്ന് നിയമമുണ്ടായിരുന്നു. കാളകളെ ഉപയോഗിച്ചു ചക്കാട്ടില്ലേ? ഇവിടെ കാളയ്ക്കു പകരം തടവുകാര്‍ വിലയ ഇരുമ്പ് ചക്കിന്റെ പിടിയില്‍ വലിച്ച് വട്ടം ചുറ്റി പകലന്തിയോളം എണ്ണയാട്ടണം.തേങ്ങയില്‍ നിന്നും എണ്ണയെടുക്കുന്ന അതേ പോലെ അവരുടെ ആരോഗ്യവും ഊറ്റി.എല്ലാവര്‍ക്കും എണ്ണയാട്ടാന്‍ വേണ്ട ആയിരക്കണക്കിനു തേങ്ങ പൊതിക്കലും തടവുകാരുടെ പണി. തേങ്ങ പോതിക്കുമ്പോള്‍ കിട്ടുന്ന തൊണ്ടെല്ലാം തല്ലി കയറുപിരിക്കുകയും വേണം.വിശ്രമം പാടില്ല.
ജയിലിന്റെ അകത്തളത്തിലേക്കു കയറിച്ചെല്ലുമ്പോള്‍ വലതു ഭാഗത്തായി നിളമുളള പണിപ്പുര കാണാം.ഇത്തരം പണിപ്പുരകളിലാണ് തടവുകാരെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചത്

ഈ ബ്ലാക്ക് ബോര്‍ഡ് സ്റ്റാന്‍ഡ് പോലുളള മുക്കാലി ഭീകരമായ പരസ്യശിക്ഷയുടെ ഉപകരണമാണ്. അനങ്ങനാവാത്ത വിധം മുക്കാലിയോട് ചേര്‍ത്ത് തടവുപുളളിയുടെ ശരിരം ഉറപ്പിക്കും. കൈകള്‍ ഉയര്‍ത്തി ബന്ധിക്കും. കാലുകള്‍ മരപ്പലകയിലെ കുടുക്കില്‍ കടത്തി വെപ്പിക്കും.അല്പം മാത്രം തുണി അരയിലുണ്ടാകും. പുറത്ത് അടിച്ചു പൊളിക്കാനുളളതാണ് ഈ സംവിധാനം.അടിക്കുന്നതാകട്ടെ മറ്റൊരു തടവുകാരനും! മാംസം പറിഞ്ഞിളകും വരെ അല്ലെങ്കില്‍ ബോധം നശിക്കുവരെ ചമ്മട്ടിപ്രയോഗം. പ്രാകൃതമായ എല്ലാ ശിക്ഷാരീതികളും ഏറ്റു വാങ്ങിയ പോരാളികളുടെ നിശ്ചയദാര്‍ഢ്യം അവരെ ജിവിപ്പിച്ചു


ഇത് കഴുവറ. ഒരേ സമയം മൂന്നുപേരെ തൂക്കിക്കൊല്ലാം. ഇതു പൊലെ രണ്ടു തൂക്കുകയറു കൂടി ഇതേ മുറിയിലുണ്ട്.ആ കാണുന്ന ലിവര്‍ വലിച്ചാല്‍ മതി.അടിപ്പലക മാറും.കഴുത്തിലെ ജീവപ്രവാഹത്തെ ചുറ്റിവരിഞ്ഞ് ഞെരുക്കിഞെരുക്കി ഹൃദയത്തില്‍ പൊട്ടിയുയരുന്ന നിലവിളികളെ ഞരക്കം പോലുമാകാനനുവദിക്കാതെ, കണ്ണുകളില്‍ അസവാനക്കാളലായി മുറുകിത്തള്ളുന്ന പ്രകാശത്തെ ഇരുള്‍ വിഴുങ്ങുന്നതനുഭവിപ്പിച്ച് കൊലക്കയര്‍ ഇളകിയാടും.കൈകാലുകള്‍ പിടച്ചിലിനോട് തോറ്റു നിശബ്ദമാകും.സ്വാതന്ത്ര്യം കൊതിച്ച യുവചേതനകള്‍ മരണം കൊണ്ട് നാടിന് അഭിവാദ്യം അര്‍‌പ്പിക്കുന്നത് ഒരു നിമിഷം മനസിലേക്കു കടന്നു വന്നു. മൂകത എന്നില്‍ കവിഞ്ഞു.ചെറിയ നനവ് കണ്‍കോണുകളില്‍. ഏഴാം ശാഖയുടെ താഴത്തെ കോണിലുളള നാലറകളിലാണ് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്നത്. തൊടുടടുത്താണീ കഴുവറ.

"ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വര്‍ഗ്ഗത്തിലാണു താമസിക്കുന്നത്‌. എന്നാല്‍ പോർട്ട്‌ ബ്ലയറില്‍ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വല്‍ഗ്ഗത്തിലെ ദൈവം, പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാര്‍ഡന്‍ ബാരി സ്വീകരിച്ചിരുന്നത്‌ ഇങ്ങനെ!

ഇതാണ് തടവുകാര്‍ക്കുളള വസ്ത്രം.പരുക്കന്‍ തുണിയിലുളള വസ്ത്രം ധരിച്ചാലും പുഴുവും പഴുതാരയും തേളും ഈച്ചയും വെറുതേ വിടുമോ?കിടപ്പും തീനുമെല്ലാം കഷ്ടം തന്നെ.ഉപ്പു ചേര്‍ക്കാത്ത വറ്റില്ലാത്ത കഞ്ഞി.പുഴുവും കല്ലും നിറഞ്ഞ നാറുന്ന ചോറ്.നിത്യവും ഒരേ കറിവെളളം..സ്വാദ് എന്നത് നാവു മറന്നു പോയതിനാല്‍ കിട്ടുന്നത് വാരിവലിച്ചു തിന്നുപോകും.

പകല്‍ പണിതു തളര്‍ന്നവര്‍ക്ക് എന്തും അമൃതാണ്.ആയുസിന്റെ സമ്മര്‍ദ്ദം മനുഷ്യരെ അനുഭവിക്കാനും സഹിക്കാനും പഠിപ്പിക്കുന്നു.

എന്നെങ്കിലും ഒരു പ്രഭാതമുണ്ടാകുമെന്നും അന്നാ വെളിച്ചം കാണാന്‍ ഇത്തിരി ജിവന്‍ ബാക്കി വെക്കണമെന്നും അവര്‍ ആഗ്രഹിച്ചു കാണും. നാല്പതുകളില്‍ ജപ്പാന്‍ ആന്തമാന്‍ പിടിച്ചെടുത്തപ്പോള്‍ തടവറ തുറന്നു വിടുകയും കാവല്‍ നിന്ന ബ്രീട്ടീഷ് മേലധികാരികളെ ആ സെല്ലുകളില്‍ അടയ്ക്കുകയും ചെയ്തത് കാലത്തിന്റെ പകവീട്ടലായി കരുതണം..
 ജയിലിന്റെ അകത്തളത്തില്‍ നിന്ന് ഞാന്‍ കവാടമന്ദിരത്തിലേക്കു നോക്കി. അവിടെ മകുടത്തില്‍ ദേശീയപതാക പാറിക്കളിക്കുന്നു.സന്ധ്യക്ക് ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണാന്‍ നല്ല തിരക്കായിരുന്നു. രണ്ടു പ്രദര്‍ശനം.ഹിന്ദിയിലും ഇംഗ്ലീഷിലും .ഇംഗ്ലീഷ് ഷോ രണ്ടാമതായിരുന്നു.ഘനീഭവിച്ച അന്തരീക്ഷത്തില്‍ വീണ്ടും കാലാപാനിയുടെ ചരിത്രത്തിലൂടെ കടന്നു പോയി.പ്രദര്‍ശനം തീര്‍ന്നപ്പോള്‍ നിലാവും കുളിര്‍കാറ്റും.ഇപ്പോള്‍ അകലെ നിലാവില്‍ മുങ്ങിയ റോസ് ദ്വീപ് കാണാം.ഒരു കാലത്ത് ആന്തമാനിന്റെ ഭരണകേന്ദ്രം.അവിടെ വിനോദത്തിനും ഭരണത്തിനും പ്രാര്‍ഥനയ്ക്കുമെല്ലാം മന്ദിരങ്ങള്‍ കെട്ടിയുയര്‍ത്തയത് സെല്ലുലാര്‍ ജയിലിലെ തടവുപുളളികളെ ഉപയോഗിച്ചായിരുന്നുഈ പ്രദേശത്തെ നിര്‍മിതികള്‍ പലതും ഇന്ത്യയുടെ നാനാഭാഗത്തുളള സ്വാതന്ത്ര്യപ്പോരാളികളുടെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയതാണ്.നാനാ ജാതി മതസ്ഥരായവര്‍ യാതൊരുവക വിവേചനവുമില്ലാതെ കഴിയുന്ന പ്രദേശമാണ്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ഇരുപതു വര്‍ഷമായി ആന്തമാനിലാണ് .അദ്ദേഹം പറഞ്ഞു "മതാതീത വിവാഹം ഇവിടെ സാധാരണമാണ്. ആരും എതിരു നില്‍ക്കില്ല. ഏതു മതത്തിലേയും ചടങ്ങുകളില്‍ സ്വന്തം മതത്തിന്റെയെന്നപോലെ പങ്കെടുക്കും."

അതിനും ഒരു ചരിത്രമുണ്ട്. വനിതാതടവുകാര്‍ക്ക് നിശ്ചിത കാലയളവു കഴിഞ്ഞാല്‍ വിവാഹിതരാകാന്‍ ആനുവാദമുണ്ടായിരുന്നു. അതേ പോലെ വെളളയജമാനന്മാരുടെ അപ്രീതിക്കിട വരുത്താതെ പത്തിരുപത്തഞ്ചു വര്‍ഷം തികയുന്നവര്‍ക്കും.നാടു വിടാന്‍ പാടില്ല. ജീവിതത്തിന്റെ പച്ചപ്പിനെക്കുറിച്ചാലോചിച്ച തടവുകാര്‍ രണ്ടുജാതിയേ കണ്ടുളളൂ. ആണ്‍ ജാതിയും പെണ്‍ജാതിയും.മനുഷ്യജാതിയായി അവര്‍ മാറി. ദാമ്പത്യത്തിലേര്‍പ്പെട്ടു. അങ്ങനെ തടവുകാരുടെ തലമുറ ആന്തമാനിലെ മണ്ണില്‍ പിച്ചവെച്ചു വളര്‍ന്നു. അതില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തതിനാല്‍ നാടു കടത്തപ്പെട്ട ആയിരങ്ങളുടെ സന്താനപരമ്പരകളും പെടും.
 ഇന്ത്യയുടെ ഭൂപടം ഹൈസ്കൂള്‍ ക്ലാസുകളില്‍ വെച്ച് വരച്ചിട്ടുണ്ട്.പരീക്ഷയ്ക് പത്തില്‍ പത്തുമാര്‍ക്കും നേടിയിരുന്നു.അന്ന് ആന്തമാന്‍ ദ്വീപസമൂഹങ്ങളെ ഒഴിവാക്കി വരയ്കേണ്ടി വന്നത് പഠിപ്പിച്ച അധ്യാപകരുടെ ചരിത്രബോധമില്ലായ്മ കൊണ്ടാകാം.(കാലാപാനിയുടെ ചരിത്രവും പഠിക്കാനുണ്ടായിരുന്നില്ല.) ഇപ്പോള്‍ കുറ്റബോധം തോന്നുന്നു.
..........................................................................(തുടരും. ) 
അടുത്ത ലക്കത്തില്‍- റോസ് ദ്വീപിലെ പ്രേതമന്ദിരങ്ങള്‍

10 comments:

  1. ഹൃദ്യം....എന്തേലും എഴുതുന്നെങ്കില്‍ ദാ ഇങ്ങനെ എഴുതണം!
    കാത്തിരിക്കുന്നൂ സാര്‍.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കാലാപാനിയില്‍ പോയതുപോലെ.............

    ReplyDelete
  4. ഏനിക്കും അവിടെ പോക​ണം വളരെ നന്ദി........

    ReplyDelete
  5. ഏനിക്കും അവിടെ പോക​ണം വളരെ നന്ദി........

    ReplyDelete
  6. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യം
    വിലയറിയാതെ നാം

    വായിച്ചിരിയ്ക്കേണ്ട ഒരു വിവരണം
    തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു

    ReplyDelete
  7. Amazing. Waiting for Rose island

    ReplyDelete
  8. What to say other than excellent! Wordless. The pathos, the tears, the heartbeat of prisoners can be seen here. One of the very bests of you. The title also evokes a kind of penetrating pain.+Liked all lines, specially" നടത്തത്തിനിടയില്‍ പടവുകളിറങ്ങി.ഒരു കുമ്പിള്‍ കൈകളില്‍ കോരി.കടലിനോടു ചോദിച്ചു "നിനക്കെങ്ങനെ ഇത്രയും കയ്പു കുടിക്കാന്‍ കഴിഞ്ഞു"? ശാന്തമായ ഒരു തിര മെല്ലെ പറഞ്ഞു. "ചോരയും നിലവിളിയും വിയര്‍പ്പും വിരഹവും എഴുതിയ ഈ മണ്ണിലെ തടവുകാരുടെ ഹൃദയം കവിഞ്ഞൊഴുകി നിറഞ്ഞതാണ് . രാജ്യത്തിനു സ്വാതന്ത്ര്യം മോഹിച്ച തടവടിമികളുടെ സങ്കടങ്ങള്‍ ഇരുകൈയും നീട്ടി വാങ്ങി അവരെ ആശ്വസിപ്പിക്കാന്‍ അന്ന് ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല"

    ReplyDelete