വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Sunday, December 28, 2014

വണ്ടൂരിലെ സുനാമിത്തീരത്ത്.

അതാ,ഏതോ ഭീമാകാരമായ കടല്‍ജീവികളുടെ അസ്ഥികള്‍.
കുഴിമാടത്തില്‍ നിന്നും പ്രേതഭോജികളായ നായ്ക്കള്‍ മാന്തിയിളക്കിയിട്ടതിനാല്‍ അതിന്റെ മുളളും മുനയും ആകാശത്തിനു നേരേ ഉയര്‍ത്തി, വന്നു പെട്ടു പോയ കൊടിയ ദുരന്തത്തെ പഴിക്കുന്ന പോലെ വിശാലമായ തീരത്ത് എഴുന്നനാഥമായിക്കിടക്കുന്നു.
ആക്രമണ പ്രത്യാക്രമണങ്ങളുടെ പിരിമുറുക്കം അയഞ്ഞ് ജീവിതത്തെ കാലത്തില്‍ ലയിപ്പിച്ച് നിസംഗമായി.
ദൂരെ നിന്നുളള നോട്ടം അപരിചിതമായ രണ്ടു ഭാഷക്കാര്‍ പരിചയപ്പെടാന്‍ തുടങ്ങുന്ന നിമിഷം പോലെയായി. ഈ തീരഭാഷ എനിക്കന്യം.തീര്‍ത്തും വ്യത്യസ്തമായ കടല്‍ക്കാഴ്ച.ഇതാണ് ആന്തമാനിലെ വണ്ടൂര്‍ കടല്‍പ്പുറം.


ഒന്നല്ല അനവധി മാമരങ്ങള്‍ തീരം പറ്റി കടപുഴകിക്കിടക്കുകയാണ്. തീരത്തുടനീളം അശാന്തിയുടെ സ്മാരകങ്ങള്‍ .ഏതു കലാകാരന്റെ ഭാവനയാണിത്? വേരുകളുടെ മണ്ണില്‍ ഒളിപ്പിച്ചു വെച്ച പഴുതുകളും ഇണക്കങ്ങളും നിബിഡതയും രഹസ്യങ്ങളല്ലാതെയായി.എന്നാല്‍ മണ്ണില്‍ നിന്നും വേര്‍പെട്ടുമില്ല.
അറ്റു പോയ തലയ്ക് നേരേ ഇഴയുന്ന ജഡം എന്ന കവിവാക്യത്തെ ഓര്‍മിപ്പിക്കുന്നതായി ഈ ദൃശ്യം. മണ്ണടിഞ്ഞിട്ടും ഇലകള്‍ പൊടിപ്പിച്ച് ഒരു പാഴ്ശ്രമം.ദ്രവിച്ച ശിഖരങ്ങളുടേയും തായ്ത്തടിയുടേയും നിസഹായ വീക്ഷണം.തകര്‍ന്നുപോയാലും ജീവിതത്തിലേക്കു തിരിച്ചു നടക്കാന്‍ കൊതിക്കുന്ന ആന്തരികചോദനയുമാണ് എല്ലാ ജീവകണങ്ങളും പിറവികൊളളുന്നതെന്നു തോന്നുന്നു.
കടലിനു ഭ്രാന്തിളകിയപ്പോള്‍ തടുത്തു നിര്‍ത്താന്‍ നോക്കിയ വീരപരാക്രമികളാണ് വീണിതല്ലോ കിടക്കുന്ന ധരണിയില്‍ എന്ന പോലെ.
സുനാമിയുടെ ശക്തി അറിഞ്ഞവരാണിവര്‍.
ജീവിതം ബലി നല്‍കി തിരകളുടെ അഹങ്കാരത്തെ ശമിപ്പിച്ച രക്തസാക്ഷികള്‍.
നാടിനെ സംരക്ഷിക്കാനായി.
പരമ്പരകളായി കടല്‍ത്തീരത്ത് വളര്‍ന്നവര്‍ ഒട്ടും നിനച്ചിരിക്കില്ല കടല്‍ വെല്ലുവിളിക്കുമെന്ന്. അയല്‍ക്കാരന്‍ മതഭ്രാന്തിളകി കണ്ണുകളില്‍ രക്തദാഹവുമായി പാഞ്ഞടുക്കുന്നതൊന്നോര്‍ത്തു നോക്കൂ. അതേ പോലെയാണിതും. കടലിന്റെ കലാപം.കാടിന്റെ കടപുഴകല്‍.
കടവെളളത്തെളിമ എന്നെ പ്രലോഭിപ്പിച്ചു. നീരാടണം. ഇറങ്ങി നടക്കണം, കുഞ്ഞുതിരകളുടെ വാത്സല്യവിലരുകളാലുഴിയണം. വെയിലും തിരയും പറയുന്ന കിന്നാരങ്ങള്‍ കേള്‍ക്കണം. കാറ്റിന്റെ പ്രണയത്തെ കൈക്കുമ്പിളില്‍ കോരണം. ഞാന്‍ ജലസ്പര്‍ശമറിഞ്ഞു. മനസില്‍ കടലിന്റെ അസംഖ്യം ഓര്‍മകള്‍ തോണിയിറക്കി. ആരുടെ അസാന്നിധ്യമാണ് ഈ തിരകളെ നിശബ്ദമാക്കുന്നത്?
കരയില്‍ കനിഞ്ഞു നില്‍ക്കുന്ന കനികള്‍.ആര്‍ക്കുവേണ്ടിയാണ് ഈ കടല്‍ക്കരയില്‍ കൈത കണിയൊരുക്കിയത്? പൊക്കം കുറഞ്ഞതിന്റെ ആനുകൂല്യഭാഗ്യം കിട്ടിയ ചെടികള്‍ സുനാമിയെ അതിജീവിക്കും. പൊങ്ങച്ചമില്ലാത്ത നാടന്‍ സസ്യങ്ങള്‍ക്ക് ആദിവാസികളുടെ നിഷ്കളങ്കത.

ജീവിതം ഇത്രയൊക്കെയോ ഉളളൂ. നാം വീണിുപോയാല്‍ മനസിന്റെ വേദനപങ്കുവെക്കാന്‍ ആരും എത്തില്ല. പൊരിവെയിലിലും പ്രതീക്ഷയോടെ വിദൂരതയില്‍ ആളനക്കത്തെ കാത്ത് എകാന്തമാകുന്ന നിമിഷങ്ങള്‍ നിന്നെപ്പോലെ എനിക്കു പുതിയതല്ല എന്നെന്നോടു പറയുന്നതുപോലെ.
സൂക്ഷിച്ചുനോക്കിയപ്പോള്‍  ഏതോ മത്സ്യത്തെ ഉന്നം പിടിച്ചപ്പോള്‍ വെന്തുപോയ പക്ഷിയുടെശിരസ് പോലെ തോന്നി. ഇതില്‍ കമ്പില്‍ കോര്‍ത്ത ഒരു കാളത്തലയുടെ ഭാവം കണ്ടെത്തിയത് ഞാനല്ല. കടലിലേക്ക് ചാഞ്ഞുളള ഈ അവസ്ഥ എന്തായാലും ദാരുണമാണ്.
ആകാശനീലയോട് ചേര്‍ന്നു ശയിക്കുന്ന നീലക്കടല്‍. അതിരിട്ട പഞ്ചാരമണല്‍. ഇപ്പുറം പച്ച. നിറങ്ങള്‍ നിറങ്ങളെ വെല്ലുവിളിക്കുന്നില്ല. ഞാന്‍ കടലിലേക്കിറങ്ങി. ജലം എന്റെ മീതെ ഓളം തല്ലി. ഉപ്പ് ... അതിത്രഹൃദ്യമോ?  കടല്‍വിശാലതയുടെ ഓരത്താണ് നാം ധൈര്യം കാട്ടുന്നത്. മരിച്ചവര്‍ മത്സ്യങ്ങളായി നീന്തി നടക്കുന്ന കടല്‍.എത്രയോ പിതൃക്കളുടെ സ്മരണകളുടെ മന്ത്രങ്ങള്‍ ഈ കടലില്‍ ലയിച്ചുകിടക്കുന്നു.കുളി കഴിഞ്ഞ് കരയില്‍ കയറിയപ്പോഴാണ് ആ ബോര്‍ഡുകണ്ട് ഞെട്ടിയത്.

വൃക്ഷങ്ങള്‍ ശാഖകളുടെ ധാരാളിത്തം ആഘോഷിക്കുന്നത് കടല്‍ക്കരയിലാണെന്നു തോന്നുന്നു.കടലോരമരങ്ങള്‍ വല്ലാത്ത അനുഭവമാണ്.
പച്ചയും നീലയും
വനവും കടലും
ഇലയും ആകാശവും 
പായലും തിരനീലിമയും
യാത്രയുടെ നിറം എന്താണ് പച്ച? നീല? പച്ചനീല?കാടിനും  കടലിനും ഒരേ ഉത്തരമല്ല
ആദ്യം കാടു പറയട്ടെ. ആന്തമാനിലെ ഒരു കാട്.
ഹരിയറ്റ് ഹരിതമുളള പ്രദേശം എന്നു പറഞ്ഞാല്‍ പോര പച്ചയുടെ മറ്റൊരു പേര് എന്നു തന്നെ പറയണം
ഒരു പച്ചയല്ല പല പച്ച.  
തളിര്‍ നാമ്പുകളില്‍ കണ്ണുമിഴിക്കുന്ന ശൈശവപ്പച്ചയുടെ മനോല്ലാസം മുതല്‍ ശോകമഞ്ഞ കോടി ഇടും മുമ്പുളള വാട്ടപ്പച്ചവരെ. നിത്യഹരിതസത്യഭരിതമീവനം. 
വനവും കടലും കളങ്കമില്ലാത്തവ . 
കാട്ടിലൂടെ നടക്കുമ്പോള്‍ പേരറിയാത്ത അസംഖ്യം ബന്ധുക്കള്‍ വിളിക്കുന്നു.
മരിച്ചു പോയ വല്യച്ഛനും വല്യമ്മയും അമ്മയും അച്ഛനുമെല്ലാം കാട്ടുമരങ്ങളായി നിഴല്‍പാകി നില്‍ക്കുകയാണ്. അവരുടെ വേരുകള്‍ പടര്‍ന്നിറങ്ങിയ വഴിത്താരയിലൂടെ  നടന്നു.കാലാപത്തറിലേക്ക്
കാടിന്റെ സംഗീതം കടലിന്റെ സംഗീതവുമായി ലയിക്കുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണിത്പിറന്നുവീണ കുഞ്ഞിനെ ആദ്യം കാണുന്ന മിഴിപ്പുണ്യത്തോടെ. പ്രണയിയുടെ കണ്ണില്‍ നോക്കി സ്വയം മറക്കുന്നവരെ പോലെ. ഒരോ മരത്തിനും  ദൃഷ്ടിമുത്തം നല്‍കിയേ പോകാനാകൂ
വെളിച്ചം ഏറ്റു വാങ്ങി തണല്‍ തരുന്ന അത്ഭുതസിദ്ധി മരങ്ങള്‍ക്കുണ്ട്.
എത്രയെത്ര വെയിലും മഴയും കുളിപ്പിച്ചെടുത്ത വനമാണിത്?
കൊടുങ്കാറ്റിന്റെ വ്യോമാക്രമണത്തെ പ്രതിരോധിച്ചവ, കടല്‍ത്തിരകള്‍ ഭ്രാന്തിളകി പിഴുതെറിയാന്‍ നോക്കിയിട്ടും അളളിപ്പിടിച്ചു നിന്നവ, വറുതിയുടെ തീ കോരിയിട്ടു ശിരസു പൊളളിച്ചിട്ടും പ്രാര്‍ഥനയുടെ ദലങ്ങളായിരമായിരമായിരം അര്‍ച്ചിച്ച് കൊടും തപസിലൂടെ അനന്തകാലത്തേക്കായുസു നീട്ടിയെടുത്തവ, മഴസൗഭാഗ്യത്തില്‍ ഉടലിലാകെ നിത്യഹര്‍ഷം പൊലിപ്പിച്ചവ, അനുരാഗത്തിന്റെ ശാഖകളില്‍ അമര്‍ന്നുപുണര്‍ന്നവ.. 
ഓരോ മരവും മറ്റുമരങ്ങളുമായി സംസാരിക്കും.  
ഇലകളിലും കെട്ടുപിണഞ്ഞ ശാഖകളിലും നോക്കിയാലതു മനസിലാകും.വളളിപ്പടര്‍പ്പുകളുടെ സന്ദേശങ്ങള്‍ ..
ഊഞ്ഞാല്‍ വളളികള്‍ ഊര്‍ന്നുഞാന്നു കിടപ്പാണ്.  
അപ്പോള്‍ മരങ്ങളില്‍ നിന്നും മരങ്ങളിലേക്കു മനസാടിക്കയറും. 
പ്രാകൃതമെന്നു പലരും അധിക്ഷേപിക്കുന്നതീ മനോഹരവൈദഗ്ധ്യത്തെ.
 
ആന്തമാനില്‍ തമിഴരും ബംഗാളികളും തെലുങ്കരുമാണ് കുടിയേറ്റക്കാര്‍. 
കേരളക്കാരുടെ എണ്ണം വളരെക്കുറവാണെന്നു വികസനത്തിന്റെയും വനസംരക്ഷണത്തിന്റെയും പേരില്‍ ചൂഷണം ചെയ്യപ്പെടാത്ത ഈ വനം സാക്ഷ്യം.
മദാമ്മയുടെ പേരാണ് ഹാരിയറ്റ്. 1862 ല്‍ കേണല്‍ ആര്‍ സി ടൈറ്റലര്‍ ഭാര്യയുടെ പേരുചാര്‍ത്തി.ഇത്തരം പേരുകള്‍ കാണുമ്പോള്‍ ഓര്‍ക്കേണ്ടത് പോര്‍ട്ട് ബ്ലയറിലെ പല സ്ഥലപ്പേരുകളും സായ്പിട്ടതാണെന്നതാണ്.അതിനു മുമ്പും പേരുകളുണ്ടായിരിക്കാം. പക്ഷേ കവര്‍ന്നെടുക്കുന്നവരുടെ കണ്ടെത്തലായി അവ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 422 മീറ്റര്‍ ഉയരമുളള ഇത് ആന്തമാനിലെ  വലിയ കുന്നുകളിലൊന്നാണ്. ഏതാണ്ട അമ്പതു ചതുരശ്ര കിലോമീറ്ററി‍ വിസ്തൃതിയിലുളള ഈ വനം ദേശീയോദ്യാനമാണ്.
നാലു തരം നിത്യഹരിതവനവിഭാഗങ്ങള്‍ .393 സസ്യജാതികള്‍, 90 ഇനം പക്ഷിജാതികളുള്‍പ്പടെ അസംഖ്യം ജന്തുജാതികളഉണ്ടെങ്കിലും ഒന്നിനേയും കാണുവാനോ കേള്‍ക്കുവാനോ കഴിഞ്ഞില്ല. ഇന്ത്യല്‍ പൗരന് 25 രൂപയും വിദേശിക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്.
പോകുന്ന വഴിക്കാണ് ഇരുപതുരൂപയുടെ ചിത്രസ്ഥലം. എന്താ മനസിലായില്ലേ?റ്റ്വന്റിറുപ്പി പോയന്റ്!
പോര്‍ട്ട് ബ്ലയറില്‍ നിന്നും ബാംബൂഫ്ലാറ്റ് ജട്ടിയിലെത്തണം. ജങ്കര്‍ ഉണ്ട്. അതില്‍ കയറിയാല്‍ ഹോപ്പ് ടൗണ്‍ പഞ്ചായത്തിലെത്താം.

പോകുന്ന വഴിയില്‍ റ്റ്വന്റിറുപ്പി പോയന്റ്! വണ്ടി നിന്നു. ഇരുപതു രൂപാ നോട്ടുണ്ടോ? രണ്ടു പത്തു മതിയോ? പോര. എല്ലാവരും ബാഗും പേഴ്സും തപ്പി. കിട്ടിപ്പോയി.ഡ്രൈവര്‍ ആ ഇരുതുരൂപായിലെ ചിത്രം നോക്കാന്‍ പറഞ്ഞു.എന്നിട്ട് ദൂരേക്ക് വിരല്‍ ചൂണ്ടി. അതേ കടല്‍ അതേ വിളക്കുമരം.അതേ അതേ. ഈ ദൃശ്യം തന്നെ നോട്ടിലുളളത്. നോട്ടപ്പിശകില്ലെങ്കില്‍ തര്‍ക്കം വേണ്ട.ഞാന്‍ രൂപാ ക്യാമറയുടെ മുന്നില്‍ പിടിച്ച് ക്ലിക് ചെയ്തു.

ചുറ്റും നോക്കി നടന്നാല്‍ പോര.കാടിന്റെ മണ്‍മെത്ത കൂടി നോക്കണം. അതിലുണ്ട് ഋതുക്കളുടെ മായാജാലം.കാലത്തിന്റെ നിറഭേദങ്ങള്‍. മുളച്ചു പൊന്തുന്ന പച്ചിളം നാമ്പിനുമേലേ പുതപ്പായും പിന്നെ അലിഞ്ഞ് പോകുന്ന ഓര്‍മയായും. നമ്മുടെ യാത്രകളുമിങ്ങനെയാവാം. ഓരോ പുതിയയാത്രയും പഴയയാത്രയുടെ മേല്‍ നവ്യാനുഭവനാമ്പുകള്‍ നീട്ടും. പച്ചപ്പുളള അനുഭവങ്ങള്‍ക്കും വൃക്ഷത്തിന്റെ പടര്‍പ്പുകളില്‍ നിന്നും കൊഴിഞ്ഞു വീഴാം
ഉയരത്തിലേക്കു കയറുമ്പോള്‍ താഴേക്കു നോക്കുക സഹജമാണ്. എത്ര ഉന്നതിയിലെത്തിയാലും പിന്നിട്ട വഴികള്‍ ആരും മറക്കാറില്ല. പ്രത്യേകം ഒരുക്കിയ കാഴ്ചാബിന്ദുവില്‍ നിന്ന് ( വ്യൂ പോയ്ന്റ് എന്നു പറഞ്ഞാലേ പറ്റ്വോ?) കണ്ട കാഴ്ച ദ്വീപിനെ അല്ല ഓര്‍മിപ്പിച്ചത് . നാടിനെയാണ്.കേരളത്തില്‍ നിന്നും നോക്കുന്നതു പോലെ.
നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. വെളിച്ചം മങ്ങിത്തുടങ്ങി. കാട്ടില്‍ ഇരുള്‍ വീഴുന്നത് വേഗമാണ്. ലക്ഷ്യം എത്ര ദൂരെ എന്നു കൃത്യമില്ല. സുഹൃത്ത് വളരെ മുന്നില്‍ പോയിരിക്കുന്നു. മറ്റു സഹയാത്രികര്‍ വളരെ പിന്നിലുമാണ്. സെല്‍ഫോണില്‍ ഇരുവരേയും വിളിച്ചുനോക്കി. റേഞ്ചില്ല. മുന്നോട്ടു പോകണമോ?നില്‍ക്കണമോ? മടങ്ങണമോ?
ഇനി ഒരിക്കല്‍ വരാനായില്ലെങ്കിലോ എന്ന ചിന്തയാണ് മൂന്നോട്ട് പോകുവാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ എത്തി. കാലാപത്തറില്‍. കിഴുക്കാം തൂക്കായ പാറയില്‍ അപകടബോര്‍ഡ്. താക്കീതുകളാണ്. വിനോദസഞ്ചാരികള്‍ക്ക് അതു ലംഘിച്ച് യാത്ര ഇവിടെ അവസാനിപ്പിക്കാം. ഞങ്ങള്‍ യാത്ര അവസാനിപ്പിക്കാനാഗ്രഹിച്ചില്ല. താക്കീതുകളെ മാനിച്ച് മടങ്ങി.
വനയാത്രയില്‍ വെളിച്ചം എപ്പോഴും ലഹരിയാകും. അതിന്റെ ആയിരംഭാവങ്ങള്‍ ആവര്‍ത്തിക്കാത്തതാണ്.ഇതാ പൊന്നിഴ തൂകിയ വനക്കാഴ്ച.കടല്‍ മാത്രമല്ല കാടും അസ്തമനസൂര്യനെ ആദരിക്കും. അല്പം കൂടി കഴിഞ്ഞാല്‍ ഒരു ചെന്തീക്കട്ട. വനത്തിനു തീ പിടിക്കാതെയിരിക്കാനുളള കരുതലോടെ.
കാട്ടില്‍ നിന്നു മടങ്ങുമ്പോഴും കടല്‍ക്കാഴ്ചകള്‍ മനസില്‍ തെളിഞ്ഞുനിന്നു
ശിലകളുടെ സൗന്ദര്യം കടല്‍ക്കരയില്‍ . മിനുസപ്പെട്ടു കിടക്കുന്ന പ്രതാപം.
ഒറ്റപ്പെട്ടുപോയ കടല്‍ജലം എല്ലാവിധ സൗമ്യതയോടെയും ശിലാപാദങ്ങളില്‍ അഭയം തേടി. അപ്പുറത്തെ ഇരമ്പത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ധ്യാനമനസ്.


കടല്‍ത്തീരം പ്രണയികള്‍ക്കുളളതാണ്.പ്രണയസാഗരം. അകത്തും പുറത്തും ഒരേ പോലെ തിരയിളകുന്നതെവിടെയാണ്. വേരുകളുടെ ഇടയിലൂടെ ക്യാമറയില്‍ വീണ ആ ദൃശ്യത്തെ അധികനേരം ഫോക്കസ് ചെയ്തില്ല. അവരവിടെ സ്വസ്ഥരാകട്ടെ.
നാം ഒറ്റയാവുകയാണ്. ഇവിടെ നിന്നും മടങ്ങുമ്പോള്‍ ഇനി വരുമെന്നുറപ്പില്ല.
അല്പനേരം ഇങ്ങനെ ജീവിതസായാഹ്നത്തില്‍ ഇവിടെ ഒറ്റപ്പെടണം
ശാന്തമായ കടലിനെ നോക്കി സമൃദ്ധമായ ജിവിതത്തെ അയവിറക്കി ആ നീലിമയിലേക്ക് ലയിക്കണം

അതെ ആഗ്രഹങ്ങളുടെ കടലാണ് നമ്മുടെ ജീവിതം.
പ്രക്ഷുബ്ദവും പ്രശാന്തവുമായ കടല്‍.


3 comments:

  1. എഴുത്തും ചിത്രങ്ങളും കൊള്ളാം.

    ചിത്രങ്ങൾ അടുക്കിയിരിക്കുന്ന രീതിയും നിറങ്ങളും വായനയ്ക്ക് ചെറിയ അലോസരമുണ്ടാക്കുന്നു. ബ്ലോഗിന്റെ ഘടന ഒന്നുകൂടിയൊന്ന് കൃത്യമാക്കിയാൽ നന്നായിരുന്നു...

    ReplyDelete
  2. ജീവിത കാഴ്ചകള്‍ ....തിരിഞ്ഞു നോട്ടത്തിന് അവസരമൊരുക്കി ഈ വായന ... രണ്ട് ധ്രുവങ്ങള്‍ ..കടലും കാനനവും ..അതിനിടയിലൂടെ പച്ചയായ ജീവിത സ്മരണകളും ....

    ReplyDelete