വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Sunday, January 8, 2012

ഇടുക്കിയില്‍ സൌന്ദര്യത്തിന്റെ സൌന്ദര്യം -2സഞ്ചാരികള്‍ ഏപ്പോഴും കണ്ണുകളെ കാന്തമാക്കുന്നവരാകണം  . സാവധാനം ഓരോന്നും ആകര്‍ഷണ വലയത്തിലാക്കണം. നാം അങ്ങോട്ട്‌ ആകര്‍ഷിക്കപ്പെടുകയാണോ  അതോ  നമ്മുടെ മനസ്സിലേക്ക് അവ പിടിചെടുക്കപ്പെടുകയാണോ .ഏതായാലും നിലംയാത്രയില്‍  വേഗതയും കാഴ്ചയും  തമ്മില്‍ ഇണങ്ങില്ല. പ്രകൃതിയോടു നാമ്പിടുന്ന പ്രണയം പോലെ  സാവധാനം മനസ്സിന്റെ അടരുകളിലേക്ക് അലിഞ്ഞു ചേരണം കാഴ്ചകള്‍ .
ഇടുക്കിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വേഗത പാടില്ല. കയറ്റവും ഇറക്കവും വളവും തിരിവും ഉള്ളത് കൊണ്ടല്ല. വളവിലും തിരിവിലും കണ്ണു വെട്ടിച്ചു കിടപ്പുണ്ടാകും  വശ്യമനോഹരമായ കാഴ്ചകള്‍ .അത്  നിങ്ങള്ക്ക് നഷ്ടപ്പെടും. മൂലമുറ്റം കഴിഞ്ഞാല്‍ കയറ്റം തുടങ്ങുകയായി. സൌന്ദര്യത്തിന്റെ സ്വര്‍ഗത്തിലേക്കുള്ള കയറ്റം .ഏറെ ചെല്ലുമ്പോള്‍ വലതു വശത്തായി ഒരു ബോര്‍ഡു കാണാം.നാടുകാണി. പലരും  അത് ശ്രദ്ധിക്കാറില്ല. മൂന്നു മിനിറ്റ് യാത്ര മതി .നാടുകാണി അത്ഭുതങ്ങളുടെ വലിയ ഒരു ക്യാന്‍വാസ് നിവര്‍ത്തി കാണിക്കും.. ഞാന്‍ രാവിലെ ആണ് അവിടെ എത്തിയത്. അപ്പോള്‍ പുലരി വെളിച്ചം മലമടക്കുകളില്‍ കൂടി നിഴല് വിരിച്ചു സവാരി നടത്തുകയായിരുന്നു.
ഹായ്.. എന്താ ഇത്. അവിശ്വസനീയം .അസുലഭം ഈ ദര്‍ശനപുണ്യം! എത്ര  അതിശയ  ചിഹ്നം കൊണ്ടും അനുഭവം വിവരിക്കാന്‍ കഴിയില്ല  എന്ന ഭാവത്തില്‍ അതാ ... കണ്ണു കിഴക്ക് നിന്നും പടിഞ്ഞാട്ടേക്ക് ആര്‍ത്തിയോടെ വീശിയൊഴുകി. പ്രഭാതം അപ്പോള്‍ കാറ്റിന്റെ ഒരു സ്വാഗത സ്പര്‍ശം കൊണ്ട് സന്തോഷം  പ്രകടിപ്പിച്ചു. നീലാകാശത്തിനു കീഴെ സഹ്യപര്‍വതമലനിരകള്‍ . ഗാംഭീര്യവും  വൈവിധ്യവും .
നേരെ നോക്കൂ പ്രലോഭിപ്പിക്കുന്നില്ലേ ആ മലകള്‍ ? വരൂ എന്നൊരു വിളി ഒഴുകി എത്തുന്നു. ആ മലയുടെ വരമ്പത്ത് കൂടി പോകണം. അപ്പുറവും ഇത് പോലെ താഴ്വാരം ആയിരിക്കാം.പരസ്പരം ആശ്രയിച്ചു കൈകള്‍ കോര്‍ത്തു മനസ്സ് കോര്‍ത്തു നമ്മള്‍ പതുക്കെ ചുവടുകള്‍  വെച്ച് മാനം മുട്ടിയുരുമ്മി അങ്ങെനെ അതിലേ.. ഒന്നോര്‍ത്തു നോക്കൂ ..


  സൂര്യപ്രകാശം അതിന്റെ മഹാപ്രയാണത്തിലെ നിലയില്ലാത്ത നേരങ്ങളില്‍ ഈ മലഞ്ചരിവുകളില്‍ നിഴല്‍ നാടകം കളിക്കും.ഓരോ മലയുടെയും  അപ്പുറത്തുള്ള നിഴലുകളെ കൈക്കുമ്പിളില്‍ കോരി എടുത്തു ഇപ്പുറത്തിടും. ഓരോ മരത്തിനും എന്തിനു പിച്ച വെക്കുന്ന പുല്‍ക്കൊടിക്കും കൊഞ്ചിക്കുഴഞ്ഞു വരുന്ന കുഞ്ഞു മേഘങ്ങള്‍ക്കും  കിട്ടും മാധുര്യമുള്ള ഇളം നിഴലുകളുടെ ഓഹരി .
പ്രഭാതത്തിലും സന്ധ്യയിലും  നേര്‍ത്ത വെണ്‍പട്ടുചേലയുടുപ്പിക്കും. 
മഴയുടെ വരവായാല്‍ കോടമഞ്ഞ്‌ ചിറകു താഴ്ത്തിപ്പരക്കും ..അപ്പോള്‍ സൂര്യന്‍ മഴവില്ല് കൊണ്ട്  അനുഗ്രഹിക്കും. പൊന്‍ വെയിലിന്റെ നൂലുകള്‍ കോര്‍ത്ത വിരിപ്പില്‍   സന്ധ്യയെ കിടത്തും.  ആ സന്ദര്‍ഭത്തില്‍ നാം ഇവിടെ  ഉണ്ടാകില്ല. എങ്കിലും നാമുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാം .
ദൂരെ മല അടങ്ങുകയും തടം വിസ്തൃതമായ ഒതുക്കത്തോടെ എന്ന് പറയാവുന്ന പ്രത്യേക രീതിയില്‍ കാണപ്പെടുകയും ചെയ്യുന്നിടം. അവിടെ പുഴയുടെ നീല ഞരമ്പുകളില്‍ മഞ്ഞു മുട്ടി നിന്നു. കാഴ്ചയും . 
(ഭൂമി അതിന്‍റെ പകിട്ട് കാട്ടുകയാണ് ... വിരഹിണിയായ  കാമുകിയായും രാഗിണിയായ യക്ഷിയായും   അവള്‍ സഞ്ചാരിയെ  തന്നിലേക്ക്  ക്ഷണിക്കുന്നു ....മല  മടക്കുകളുടെ മുടിയഴിച്ച്  .നീലമേഘങ്ങളുടെ തുകില്‍ അണിഞ്ഞ് .മഞ്ഞില്‍ മുഖം മറച്ച് അവള്‍ ...പ്രാചീനതയുടെ പകര്‍പ്പവകാശം നഷ്ടപ്പെട്ടിട്ടും ഋതുക്കളെ അവള്‍ കരുതി വയ്ക്കുന്നു ...പുലരിയുടെ തീനാമ്പുകള്‍ .......സന്ധ്യയുടെ  നിറക്കൂട്ടുകള്‍ ..... രാത്രിയുടെ  ഗഭീരതകള്‍ .ആകാശ മൌനത്തിന്‍ കീഴില്‍ എല്ലാം  ഏറ്റു വാങ്ങിയോള്‍ .....)


കൂടെ ഒരു കൂട്ട് എപ്പോഴും ഉണ്ടാകണം. എങ്കിലേ അനുഭവങ്ങള്‍ പങ്കിട്ടു പൊലിപ്പിച്ചനുഭവിക്കാന്‍  പറ്റൂ .ഉണ്ണീ ദാ അവിടെ ..ഞാന്‍ വിരല്‍ ചൂണ്ടി പടിഞ്ഞാറിന്റെ സൂക്ഷ്മ ദൃശ്യകണങ്ങളിലേക്ക്. ദൂരെ പച്ചപ്പിനെ രണ്ടായി പകുത്തു ഒരു വഴിത്താര പോലെ.. വൈദ്യുതിവാഹക കമ്പികള്‍ കൂറ്റന്‍ അസ്ഥിക്കൂട് പോലുള്ള തൂണുകളില്‍  ഏതോ ഭീകര ജീവിപോലെ എഴുന്നു നില്പുണ്ടാകും. അതിലൂടെ ഒഴുകുന്ന കരുത്ത്  ആ മലയും കടന്നപ്പുറം  ജനവാസമുദ്രകള്‍ ഉള്ള ഓരോ പ്രദേശത്തും എത്തി  വീടുകളില്‍ ഇരുളിനെ വേട്ടയാടും .ഈ ബ്ലോഗ്‌ വായിക്കാനുള്ള വെളിച്ചമായി നിങ്ങളെ പ്രസാദിപ്പിക്കും. ..എല്ലാം ഒറ്റ ഫ്രൈമില്‍ ആക്കാന്‍ രണ്ടു കണ്ണുകള്‍ക്കും ഒരേ സമയം ആകുന്നില്ല. അത്രയ്ക്ക് വിശാലത. ക്യാമറയും വിഷമിച്ചു. പല ക്ലിക്ക് .ഫലമെല്ലാം കൂട്ടി ഒട്ടിച്ചപ്പോള്‍ ഇങ്ങനെ .കാല്‍ ചുവട്ടിലെ ആഴം- അത് മാത്രം ചേര്‍ത്ത് വെക്കാന്‍ ആയില്ല.


കുളമാവിലെ പ്രഭാതം .പ്രകാശം ഒഴുകിപ്പരന്നെത്തുന്ന കാഴ്ച. ജലത്തെ ഒറ്റയ്ക്ക് വിടാന്‍ മനസ്സ് അനുവദിക്കാത്ത  സൗഹൃദം പ്രകടം. റോഡിനു വക്കില്‍ ഒഴിഞ്ഞ  ഇരിപ്പിടം. ആര്‍ക്കോ വേണ്ടി കാത്തു കിടപ്പാണ് . അതോ അദൃശ്യരായ ഏതോ ആത്മാക്കള്‍ ഇളം വെയില്‍ കൊള്ളാനായി ഇവിടെ,,? പ്രകൃതിയുടെ രഹസ്യങ്ങളില്‍ നമ്മള്‍ ആലോചിച്ചു   കുഴയേണ്ട.

കുളമാവ് കഴിഞ്ഞു .(മുന്‍ ലക്കം നോക്കുക .) റോഡിന്റെ വലതു വശത്ത് ഒരു ബോര്‍ഡ് -'ചാരനള്ള് ഗുഹ ''.വനം വകുപ്പിന്റെ ഓഫീസ് സമുച്ചയം ഇടതു ഭാഗത്ത്. ഞങ്ങള്‍ ഇറങ്ങി. ഗുഹ കാണാന്‍ ടിക്കറ്റ് ,അനുവാദം ഒന്നും വേണ്ട. അതിനാലാകാം ആരും അവിടെ ഇറങ്ങാത്തത്. പടവുകള്‍ ഇറങ്ങി. ഗുഹ ഒരു പ്രതീക്ഷിത സാന്നിധ്യം.  വലിയ പാറകള്‍ക്കിടയില്‍ വെയിലും മഴയും കൊല്ലാതെ ഇരുള് കേറിക്കിടക്കുകയാണ്. ഉള്ളിലേക്ക് നൂഴ്ന്നു കയറാം. ഉണ്ണി കൌതുകത്തോടെ കണ്ണ് പായിച്ചു. ഞാനും നോക്കി.. ഇരുളിന്റെ അതിരുകള്‍ കൊണ്ട് തീര്‍ത്ത  നിഗൂഡമായ സ്വസ്ഥത .

ഇനി എന്താണ്? ചുറ്റും നോക്കി. മടങ്ങാം.സുഹൃത്ത്  അങ്ങനെ പറഞ്ഞില്ലെങ്കിലും മുഖം അത് സൂചിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ പെട്ടെന്ന് തീരുമാനം എടുക്കും. കരിയിലകള്‍  വീണു കിടക്കുന്ന പടവുകള്‍ താഴേക്കു വീണ്ടും പോകുന്നത് ചുവടുകളെ ത്രസിപ്പിച്ചു. കാട്ടു  മരങ്ങളുടെ ഇടയിലേക്ക് ആ പടവുകള്‍ ഇല്ലാതെയായി...

ഞാന്‍ 'ദേ വരുന്നു 'എന്ന് പറഞ്ഞുകൊണ്ട് ഇറക്കത്തിലേക്ക് ...വീഴാതെ വേണം കൂപ്പുകുത്തല്‍ .വിശാലമായ ജലാശയത്തിന്റെ അടയാളങ്ങള്‍ തെളിഞ്ഞു വന്നു. ഇടുക്കി, ചെറുതോണി ഡാമുകളില്‍ ഒഴുക്ക് നിറുത്തി വിശ്രമിക്കുന്ന ജലം കയറിക്കിടക്കുന്ന മലമടക്കുകളില്‍ ഒന്നാണ് എന്റെ മുമ്പില്‍ .നീലിമയുടെ സാന്ദ്രമായ ശാന്തത . ഇളം കാറ്റ് ജലോപരിതലത്തില്‍ മൃദുവിരലോടിക്കുന്നതിന്റെ ആ സുഖ സൌമ്യത അനുഭവിച്ചു ഉള്‍പ്പുളകം കൊണ്ട് അസൂയയുടെ ആഴം നല്‍കി മുന്നില്‍  സൌന്ദര്യതീവ്രത   .


തിരിച്ചു നടക്കുമ്പോള്‍ ഒരു വശത്ത്  ആലിംഗനം. ശിലയുടെ നിര്‍വൃതി . ഇത് വൃക്ഷത്തിന്റെ  പ്രണയാശ്ലേഷം ആണോ. അതോ ഏതോ പ്രതാപ കാലെത്തെ ഏതോ കൂറ്റന്‍ വിത്തില്‍ നിന്നും മുളപൊട്ടി വളരുന്ന ഒരു മഹാവൃക്ഷത്ത്തിന്റെ ബാല്യം ആണോ ?. ഇഴുകി ചേര്‍ന്നുള്ള ആ അവസ്ഥ ഞാന്‍ മാത്രമേ കണ്ടുള്ളൂ..കാനനം ആര്‍ക്കെല്ലാം  ഉള്ളതാണ്. ..?


ഗുഹയുടെ അടുത്ത് വീണ്ടും എത്തിയപ്പോള്‍ പുറം കാഴ്ചകള്‍ ആണ് ഉടക്കിയത്. വേരുകളും മരങ്ങളും അല്പം ഇടം കിട്ടിയാല്‍ മതി ഏതു    പ്രതിരോധത്തെയും മറികടക്കും . ഭൂമിയെ പച്ചപ്പ്‌ കൊണ്ടാനുഗ്രഹിക്കാന്‍ അവര്‍ പെടുന്ന പാട് !
കാടിന്റെ നിയമം ലംഘിച്ചു മനുഷ്യന്‍ നിര്‍മിച്ച പടവുകള്‍ .അസംഖ്യം  മൃഗ ജാതികള്‍ക്കു പ്രകൃതിയുടെ സഹജമായ വടിവുകളില്‍ പടവുകള്‍ വേണ്ട. മനുഷ്യന് വേറിട്ടൊരു പാത .അപ്പോള്‍ വേരുകള്‍ വഴിമാറുന്നു.ആ പടവുകള്‍ അവയില്‍ കൂടി ഇറങ്ങാന്‍ അഭിമാനം സമ്മതിക്കാത്തതിനാലാവാം ഒരു വേര് ഓരം ചേര്‍ന്ന് താഴേക്കു . ജലത്തിന്റെ ഒരു തുള്ളി ആണ് ലക്‌ഷ്യം. പാറമനസ്സിന്റെയും അടിയില്‍ അത് കണ്ടേക്കാം എന്ന പ്രതീക്ഷയാണ് ഈ പ്രയാണം . ജീവിതത്തില്‍ നിരാശിതരാകുന്നവര്‍ക്ക് ഈ വേരുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനാകും. ജീവിതത്തിന്റെ കുളിര്‍ജലം അവര്‍ക്ക് കിട്ടാതിരിക്കില്ല.ഞാന്‍ മുകളിലേക്ക് നോക്കി ..ഇലപ്പടര്‍പ്പുകള്‍ക്കിടയിലെ ആകാശത്തിനും കുറുകെ സമാന്തര രേഖകള്‍ വരച്ചിരിക്കുന്നു.! എങ്കിലും മനോഹരമായ ഈ ആകാശവും എന്റെതാണ്. സഞ്ചാരികള്‍ ഏതു  ദേശത്ത് ചെന്നാലും ഏതു നേരത്തായാലും മേലേക്കും  നോക്കണം .സന്ധ്യയും പ്രഭാതവും നിലാവും മാത്രമല്ല ആകാശത്തെ ധന്യമാക്കുന്നത്. അസാധാരണമായ ചേരുവകള്‍ പിന്നീടൊരിക്കലും ആവര്ത്തിക്കാനിടയില്ലാത്തത് നിങ്ങള്ക്ക് കാണാം.അടുത്ത കാഴ്ച ഈ നിഗമനത്തെ അടിവര ഇടും.
അടിമാലിക്കുള്ള വഴിയില്‍ വെച്ചാണ്  വിഷാദത്തിന്റെ ഈ മേഘമരം കണ്ടത്. ദുഖത്തിന്റെ  വിത്തുകള്‍ . ശസ്ത്രക്രിയ ചെയ്ത ക്രൂരമായ കമ്പികള്‍ . ശാഖകളിലേക്കു സങ്കടം ഇറക്കി വേകുന്ന കാര്‍മുകില്‍ .
ഒരു വെള്ളച്ചാട്ടം. അടിമാലിയിലേക്കുള്ള വഴിയില്‍ രണ്ടു ജലപാതങ്ങള്‍ ഉണ്ട്.ചീയ്യപ്പാറയും വളറയും .ഒന്ന് മുകള്‍ ഭാഗത്തും ഒന്ന് റോഡിനു താഴെയും.  മഴനീരില്ലാത്ത കാരണം  മിഴിനീരു പോലെ ഒഴുകകുയാണ് .പഴയപോലെ ഇപ്പോള്‍ കുതിച്ചു ചാടാന്‍ കഴിയില്ല.അതിനാല്‍ ഇപ്പോള്‍ വെള്ളച്ചാട്ടം എന്ന് വിളിച്ചു അപമാനിക്കരുതേ എന്നൊരു അപേക്ഷയുമായി . എങ്കിലും സംഗീതം ഉണ്ട്. ആ പ്രവാഹത്തില്‍ ലയിച്ചു നില്‍ക്കുകയാണ് ചുറ്റുമുള്ള വൃക്ഷ ലതാദികള്‍ . നേര്‍ത്ത ഇളം തണുപ്പില്‍ മുഴുകി ആ പാറയും.
രാജാക്കാട്ടെക്ക് ഉള്ള യാത്രയില്‍ ഇങ്ങനെ ഒരു ചിത്രം കൂടി പകര്‍ത്തി. നോക്കൂ കാനനത്തിന്റെ നിറഭേദങ്ങള്‍. ഒരു മരം ഇലകള്‍ മുഴുവന്‍ മാറ്റി പൂവാട ഉടുത്തു നില്‍ക്കുന്നു. കാനനം  മാറുകയാണ് ഇടയില്‍ തെങ്ങിന്റെ ഓലകള്‍ പറയുന്നത് കുടിയ്യേറ്റത്തിന്റെയോ കയ്യേറ്റത്തിന്റെയോ കൌശലം ആണ്. ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ഇതിലെ വരുമ്പോള്‍  ഈ പൂമരം ആരുടെയെങ്കിലും ചിതയില്‍ സ്വന്തം ചിത ആയി മാറിയിട്ടുണ്ടാകും. അന്ന് ഓര്‍മകളുടെ ശാഖകളില്‍ പൂക്കുന്നത് ..ഓര്‍ക്കാന്‍ വയ്യ.


ഇതാ മുഖാമുഖം  രണ്ടു ജന്മങ്ങള്‍ . ഗ്രാമസമൃദ്ധി ശിരസ്സറ്റു പോകുമ്പോള്‍ ആത്മഹത്യകളായി അവ കരി മേഘങ്ങള്‍ക്ക്  കീഴില്‍ അങ്ങനെ മരണസന്ദേശം എഴുതും.
 മുതിരുംപുഴയോ കല്ലാറോ ..ഒരു പാലം .അത് പടുത്തുയര്ത്തിയത് ഈ ദീനോഴുക്കിനു മേലവില്ല.പാറകളില്‍ തല്ലി ചിതറിമറിഞ്ഞു ഒഴുകുന്ന കാട്ടാരിന്റെ തന്റേടം ഇന്നെവിടെ?


 നേരിയ മംഗലം ജല വൈദ്യുതോല്‍പാദന കേന്ദ്രം . അതിന്റെ സുന്ദരമായ വിദൂരകാഴ്ച്ചയെ തടസപ്പെടുത്തി മരങ്ങളും മുളങ്കാടുകളും വള്ളിപ്പടര്‍പ്പുകളും നിന്ന്.അവയുടെ ഇടയിലൂടെ കാണുന്നതും സൌന്ദര്യമാനെന്നു അവ മറന്നപോലെ. അല്പം മറവു എപ്പോഴും സൌന്ദര്യം കൂട്ടുകയെ ഉള്ളൂ.


ചെറുതോണി കഴിഞ്ഞു വാഴത്തോപ്പ് കരിമ്പന്‍ ചേലചുവടു   കല്ലാര്‍കുട്ടി വഴി അടിമാലിക്ക് ഒരു വഴിയുണ്ട്. യാത്ര എപ്പോഴും ഒരേ വഴി പാടില്ല.  ആ യാത്രയില്‍ ഉയര്‍ച്ച താഴ്ചകളുടെ മനോഹാരിത കാണാനായി പല തവണ വണ്ടി നിറുത്തിച്ചു.
 കല്ലാര്‍കുട്ടി ഡാമില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.അതിനാല്‍ വാഹനത്തില്‍ ഇരുന്നു ഒരു ക്ലിക്ക്  മാത്രം .
ഒരു ദിവസത്തെ യാത്ര അവസാനിക്കുമ്പോള്‍ രണ്ടു കാഴ്ചകള്‍ മനസ്സില്‍ തങ്ങിക്കിടന്നു.
കുളമാവിലെയും നാടുകാണിയിലെയും..അവ വീണ്ടും ഓര്‍മയിലേക്ക് വീന്ടെടുക്കപ്പെടുന്നു.ദാ നോക്കൂമുന്‍  ലക്കം  വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഇടുക്കിയിലൂടെ നടുക്കമില്ലാതെ ഒരു സവാരി

8 comments:

 1. jeevanulla chithrangal.athu maathram mathi oru yaathravivaranamaayi.

  ReplyDelete
 2. വളരെ മനോഹരമായ വിവരണവും ചിത്രങ്ങളും..

  ReplyDelete
 3. kavyathmaka bhasha . chithram koodi aakumbol jeevan vekkunnu. nerittu kaanunna pratheethi janippikkunnu . thankal ee pankthiyiloode nalkunnath anupamavum amoolyavumaya vivaranangalanu .

  ReplyDelete
 4. kavyatmaka bhasha , athinanusruthamaya fotokal. kan kulirppikkunnathum aakarshaneeyaumaya vivaranangal.
  the work that you have been doing through this blog is amazing

  ReplyDelete
 5. ഭൂമി അതിന്‍റെ പകിട്ട് കാട്ടുകയാണ് ... വിരഹിണി യായ കാമുകിയായും രാഗിണിയായ യക്ഷിയായും അവള്‍ സഞ്ചാരിയെ തന്നിലേക്ക് ക്ഷണിക്കുന്നു ....മല മടക്കുകളുടെ മുടിയഴിച്ച് .നീലമേഘങ്ങളുടെ തുകില്‍ അണിഞ്ഞ് .മഞ്ഞില്‍ മുഖം മറച്ച് അവള്‍ ...പ്രാചീനതയുടെ പകര്‍പ്പവകാശം നഷ്ടപ്പെട്ടിട്ടും ഋതുക്കളെ അവള്‍ അയാള്‍ക്കായി കരുതി വയ്ക്കുന്നു ...പുലരിയുടെ തീ നാമ്പുകള്‍ .......സന്ധ്യയുടെ നിറക്കൂട്ടുകള്‍ ..... രാത്രിയുടെ ഗഭീരതകള്‍ .ആകാശ മൌനത്തിന്‍ കീഴില്‍ എല്ലാം ഏറ്റു വാങ്ങിയോള്‍ ......
  ഒടുവില്‍ പാദം മുറിയുന്ന പരുഷതകള്‍ താണ്ടി എത്തുമ്പോഴും . മര വേരു... കളില്‍ അവള്‍ കരുതി വയ്ക്കുന്ന ജലം ......പ്രണയത്തിന്‍റെ നിത്യ നീലിമയില്‍ രുദ്ര നടനത്തിന്‍ ചടുലത കാടിന്‍റെ ഉടലിനെ പൂത്തു വിടര്‍ത്തുമ്പോള്‍ അവള്‍ ഇങ്ങനെ പറയും .ഹേ . അജ്ഞാ തനായ യാത്രികാ .ഒരു മാത്ര നില്‍ക്കൂ.എന്‍റെ തരംഗ വടിവുകളില്‍ വീണലിയുന്ന നിന്‍റെ വിയര്‍പ്പു തുള്ളികളില്‍ നിന്ന് എനിക്കൊരു ജന്മത്തെ വിളിച്ചുണര്‍ ത്തണം.... നിന്‍റെ പിന്‍ ഗാമിയെ ...മരങ്ങളില്‍ പ്പടര്‍ന്ന് നദികളില്‍ വിടരാന്‍ കഴിവുള്ളവര്‍ ........
  അവര്‍ എന്നെ ഇരു കൈകളിലും വീണ്ടെടുക്കും .. നമ്മുടെ യാത്രകളുടെ തിടുക്ക ത്തില്‍ നിന്ന് ഐതിഹ്യ ങ്ങള്‍ നാടിറങ്ങും ...ഗുഹാ മുഖങ്ങളിലും ശിലാ തല്പ്പങ്ങളിലും കുറിച്ച് പോയ പ്രണയ കല്‍പ്പനകള്‍ തേടി നീ വീണ്ടും വരുമ്പോള്‍ നിഴലുകളില്ലാത്ത്ത വസന്തമായി പ്രകാശി ക്കട്ടെ ഞാന്‍ .......
  ഇങ്ങനെ സൌന്ദര്യത്തിന്റെ സൌന്ദര്യത്തെ വായിച്ചു നില്‍കുകയാണ്‌ എനിക്കിഷ്ടം ..

  ReplyDelete
 6. ഞാന്‍ കണ്ട ഇടുക്കിയാണോ ഇത് വിശ്വസിക്കാനാവുന്നില്ല......

  ReplyDelete
 7. ഗംഭീര പോസ്റ്റ്... ചിത്രങ്ങളും വിവരണവും ഇഷ്ടമായി...

  ReplyDelete
 8. "തിരിച്ചു നടക്കുമ്പോള്‍ ഒരു വശത്ത് ആലിംഗനം. ശിലയുടെ നിര്‍വൃതി . ഇത് വൃക്ഷത്തിന്റെ പ്രണയാശ്ലേഷം ആണോ. അതോ ഏതോ പ്രതാപ കാലെത്തെ ഏതോ കൂറ്റന്‍ വിത്തില്‍ നിന്നും മുളപൊട്ടി വളരുന്ന ഒരു മഹാവൃക്ഷത്ത്തിന്റെ ബാല്യം ആണോ ?. ഇഴുകി ചേര്‍ന്നുള്ള ആ അവസ്ഥ ഞാന്‍ മാത്രമേ കണ്ടുള്ളൂ..കാനനം ആര്‍ക്കെല്ലാം ഉള്ളതാണ്. "

  ReplyDelete